Image

നടിയെ ആക്രമിച്ച കേസ്; വിധിയിൽ വിമർശനവുമായി ശിൽപ ബാലയും മഞ്ജു വാര്യരും; അതിജീവിത അപ്പീലിന്

രഞ്ജിനി രാമചന്ദ്രൻ Published on 14 December, 2025
നടിയെ ആക്രമിച്ച കേസ്; വിധിയിൽ വിമർശനവുമായി ശിൽപ ബാലയും മഞ്ജു വാര്യരും; അതിജീവിത അപ്പീലിന്

നടിയെ ആക്രമിച്ച കേസിലെ വിചാരണ കോടതി വിധിക്കെതിരെ വിമർശനവുമായി നടി ശിൽപ ബാലയും മഞ്ജു വാര്യരും രംഗത്തെത്തി. വിധിയിൽ ശരിക്കും ശിക്ഷ കിട്ടിയത് ആർക്കാണെന്നാണ് ശിൽപയുടെ ചോദ്യം. പ്രായം, കുടുംബം, അമ്മ എന്നീ കാര്യങ്ങളെല്ലാം അതിജീവിതയ്ക്കും ഉണ്ടെന്നും, എട്ട് വർഷം സത്യത്തിനുവേണ്ടി ഒറ്റയ്ക്ക് പൊരുതിയിട്ടും ശരിക്കും ശിക്ഷ കിട്ടിയത് അവൾക്കാണോ എന്നും അവർ ചോദിക്കുന്നു. അതേസമയം, കേസിൽ ഗൂഢാലോചന ഉണ്ടെന്ന് ആവർത്തിച്ച മഞ്ജു വാര്യർ, കുറ്റം ചെയ്തവർ മാത്രമാണ് ശിക്ഷിക്കപ്പെട്ടതെന്നും, ആസൂത്രണം ചെയ്തവർ പുറത്തുള്ളത് ഭയപ്പെടുത്തുന്ന യാഥാർത്ഥ്യമാണെന്നും ചൂണ്ടിക്കാട്ടി. അവർ കൂടി ശിക്ഷിക്കപ്പെട്ടാൽ മാത്രമേ അതിജീവിതയ്ക്ക് നീതി പൂർണമാകുകയുള്ളൂ എന്നും അവർ സോഷ്യൽ മീഡിയ കുറിപ്പിൽ വ്യക്തമാക്കി.

കേസിൽ പൾസർ സുനി ഉൾപ്പെടെയുള്ള ആറ് പ്രതികൾക്ക് 20 വർഷം കഠിന തടവാണ് വിചാരണ കോടതി വിധിച്ചത്. എന്നാൽ, കേസിലെ എട്ടാം പ്രതിയായ നടൻ ദിലീപിനെ വെറുതെ വിട്ടു. പ്രതികളുടെ പ്രായവും കുടുംബ സാഹചര്യവും കണക്കിലെടുത്താണ് വിധി എന്നായിരുന്നു ജഡ്ജി ഹണി എം വർഗ്ഗീസ് പറഞ്ഞത്. വിധിയിൽ അത്ഭുതമില്ലെന്ന് പ്രതികരിച്ച അതിജീവിത, നിയമത്തിന് മുന്നിൽ എല്ലാവരും തുല്യരല്ലെന്നും തൻ്റെ അടിസ്ഥാന ആവശ്യങ്ങൾ സംരക്ഷിക്കപ്പെട്ടില്ലെന്നും ഇൻസ്റ്റാഗ്രാം പോസ്റ്റിൽ കുറിച്ചു. സമൂഹത്തിൽ നിന്നും നീതിന്യായ വ്യവസ്ഥയിൽ നിന്നും ഒൻപത് വർഷത്തോളം നേരിട്ട അനീതിയും വിവേചനവും പോസ്റ്റിൽ അതിജീവിത പറയുന്നുണ്ട്.

വിചാരണക്കോടതിയിൽ വിശ്വാസം നഷ്ടപ്പെടാനുള്ള കാരണങ്ങൾ അതിജീവിത അക്കമിട്ട് നിരത്തുന്നു. മെമ്മറി കാർഡ് അനധികൃതമായി തുറന്നു പരിശോധിച്ചത്, പ്രോസിക്യൂഷനോടുള്ള ശത്രുതാപരമായ പെരുമാറ്റം, മെമ്മറി കാർഡ് കൈകാര്യം ചെയ്തതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് നൽകാതിരുന്നത്, തുറന്ന കോടതിയിൽ കേസ് നടത്തണമെന്ന ആവശ്യം നിഷേധിച്ചത് എന്നിവയാണ് അവർ ചൂണ്ടിക്കാട്ടുന്ന നീതിനിഷേധങ്ങൾ. ഉയർന്ന നീതിബോധമുള്ള ന്യായാധിപന്മാർ ഇനിയും ഉണ്ടാകുമെന്ന് പറഞ്ഞ അതിജീവിത അപ്പീൽ നൽകുമെന്ന സൂചനയും നൽകിയിട്ടുണ്ട്.

English summary:

 Shilpa Bala and Manju Warrier criticize verdict in actress attack case; Survivor to appeal

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക