
നടി ആക്രമിക്കപ്പെട്ട കേസിലെ വിധി വന്നതിന് പിന്നാലെ പ്രതികരണവുമായി നടി മഞ്ജു വാര്യർ രംഗത്ത്. ഈ കേസിൽ നീതി പൂർണമായി നടപ്പായി എന്ന് പറയാൻ കഴിയില്ലെന്ന് മഞ്ജു വാര്യർ സമൂഹമാധ്യമത്തിൽ കുറിച്ചു. കുറ്റം ചെയ്തവർ മാത്രമാണ് ശിക്ഷിക്കപ്പെട്ടതെന്നും എന്നാൽ കുറ്റകൃത്യം ആസൂത്രണം ചെയ്തവർ പകൽവെളിച്ചത്തിലുണ്ട് എന്നും അവർ ചൂണ്ടിക്കാട്ടി. "അവർ പുറത്തുണ്ട് എന്നത് ഭയപ്പെടുത്തുന്ന യാഥാർഥ്യമാണ്. അവർ കൂടി ശിക്ഷിക്കപ്പെട്ടാലെ അതിജീവിതയ്ക്കുള്ള നീതി പൂർണമാകൂ," മഞ്ജു വാര്യർ കുറിച്ചു. പോലീസിലും നിയമത്തിലും സമൂഹത്തിനുള്ള വിശ്വാസം ദൃഢമാകാൻ നീതി പൂർണമാകേണ്ടതുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
"ഈ നാട്ടിലെ ഓരോ പെൺകുട്ടിക്കും ഓരോ സ്ത്രീക്കും ഓരോ മനുഷ്യർക്കും തൊഴിലിടങ്ങളിലും തെരുവിലും ജീവിതത്തിലും തലയുയർത്തിപ്പിടിച്ച് ഭയപ്പാടില്ലാതെ നടക്കാൻ കഴിയുന്ന സാഹചര്യമുണ്ടാകണം." "അന്നും, ഇന്നും, എന്നും അവൾക്കൊപ്പം" എന്ന് പറഞ്ഞുകൊണ്ടാണ് മഞ്ജു വാര്യർ തൻ്റെ പോസ്റ്റ് അവസാനിപ്പിച്ചത്. കേസുമായി ബന്ധപ്പെട്ട് അതിജീവിതയുടെ വൈകാരിക പ്രതികരണം വന്നതിന് തൊട്ടുപിന്നാലെയാണ് മഞ്ജു വാര്യരുടെയും പ്രതികരണം എത്തുന്നത്. വിധി തന്നെ അത്ഭുതപ്പെടുത്തുന്നില്ലെന്നും, കേസിൽ തൻ്റെ അടിസ്ഥാനാവകാശങ്ങൾ പോലും സംരക്ഷിക്കപ്പെട്ടില്ലെന്നും അതിജീവിത നേരത്തെ പ്രതികരിച്ചിരുന്നു.
എട്ടുവർഷം, ഒൻപത് മാസം, 23 ദിവസങ്ങൾ നീണ്ട ഈ വേദനാജനകമായ യാത്രയിലെ വെളിച്ചത്തിൻ്റെ നേരിയ കണികയായി മാത്രമാണ് ആറു പേർ ശിക്ഷിക്കപ്പെട്ട ഈ വിധിയെ അതിജീവിത കാണുന്നത്. കേസ് 'കെട്ടിച്ചമച്ച കഥ' എന്ന് പരിഹസിച്ചവർക്ക് മുന്നിൽ ഈ വിധിയെ സമർപ്പിക്കുകയാണെന്നും അതിജീവിത സോഷ്യൽ മീഡിയ പോസ്റ്റിൽ വ്യക്തമാക്കിയിരുന്നു.
English summary:
Justice is incomplete; planners are out there': Manju Warrier's reaction following the verdict