
അമേരിക്കൻ മലയാളി കായിക ലോകത്തെ ആവേശക്കൊടുമുടി കയറ്റി, ഫോക്കാന സൺഷൈൻ റീജിയൻ്റെയും ഡേറ്റോണ മലയാളി അസോസിയേഷൻ്റെയും (M.A.D) സംയുക്ത ആഭിമുഖ്യത്തിൽ നടന്ന T20 ഇൻ്റർനാഷണൽ ക്രിക്കറ്റ് ടൂർണമെൻ്റ് വൻവിജയം.

അമേരിക്കയിലെയും കാനഡയിലെയും ഏറ്റവും മികച്ച 6 ടീമുകൾ പങ്കെടുത്ത ടൂർണമെൻ്റ് ഡിസംബർ 5, 6 തീയതികളിൽ ആവേശകരമായ നിമിഷങ്ങൾ സമ്മാനിച്ചു.

ട്രാവൻകൂർ ടൊറൊൻ്റോ, സ്റ്റാർസ് ഓഫ് ഹൂസ്റ്റൺ, ഡാലസ് ഡയർഡെവിൾസ്, മിയാമി ടസ്കേഴ്‌സ്, ഒർലാൻഡോ ലയൺസ്, ഡോഡ്‌സ് ഡേറ്റോണ എന്നീ ടീമുകളാണ് കിരീടത്തിനായി പൊരുതിയത്. സെമിഫൈനലിൽ ഡാലസിനെ വീഴ്ത്തി ഹൂസ്റ്റണും, ട്രാവൻകൂർ ടൊറൊൻ്റോയെ തകർത്ത് ഡോട്‌സ് ഡേറ്റോണയും ഫൈനലിലേക്ക് മുന്നേറി.

ഹീറോയായി ജെയ്‌സൺ പീറ്റർ; ഹൂസ്റ്റൺ കിരീടം ചൂടിതീപാറിയ ഫൈനൽ പോരാട്ടത്തിൽ എതിരാളികളെ നിലംപരിശാക്കി സ്റ്റാർസ് ഓഫ് ഹൂസ്റ്റൺ വിജയകിരീടം ഉയർത്തി. ഹൂസ്റ്റണിൻ്റെ ജെയ്‌സൺ പീറ്റർ ടൂർണമെൻ്റിലെ താരമായി മാറി.

മോസ്റ്റ് വാല്യൂബിൾ പ്ലെയർ, മികച്ച ബൗളർ എന്നീ ട്രോഫികൾ ജെയ്‌സൺ സ്വന്തമാക്കി. ഡോട്‌സ് ഡേറ്റോണയുടെ അരുൺ പൗലോസ് മികച്ച ബാറ്റ്‌സ്മാനായി തിരഞ്ഞെടുക്കപ്പെട്ടു. ഡാലസ് ടീമിലെ രമേശ് രവീന്ദ്രനാണ് മികച്ച വിക്കറ്റ് കീപ്പർ.
അമേരിക്കയിലെ ഏറ്റവും വലിയ ടൂർണമെൻ്റ്ഫോക്കാന സൺഷൈൻ റീജിയൻ R.V.P ലിൻഡോ ജോളിയുടെ നേതൃത്വത്തിൽ, മലയാളി അസോസിയേഷൻ സെക്രട്ടറി ജോസഫ് സാവിയോ, ട്രഷറർ മനേഷ് മണി, രഞ്ജിത്ത്, ഷാനവാസ്, നവീൻ, ജെറിൻ, അരുൺ, സതീഷ്, സനിൽ, ഷിനു, ദാസ്, സഞ്ജയ് എന്നിവരടങ്ങുന്ന ശക്തമായ സംഘാടക സമിതിയാണ് ടൂർണമെൻ്റ് ചിട്ടയോടെ നടത്തിയത്.
സംഘാടന മികവിൽ ഇത് അമേരിക്കയിലെ ഏറ്റവും വലിയ ക്രിക്കറ്റ് ടൂർണമെൻ്റാണെന്ന് ടീം ക്യാപ്റ്റൻമാർ ഒരേ സ്വരത്തിൽ അഭിപ്രായപ്പെട്ടു. ഒന്നാം സമ്മാനം$3000 ഡോളറും ട്രോഫിയും, രണ്ടാം സമ്മാനം$1500 ഡോളറും ട്രോഫിയും വിജയികൾ കരസ്ഥമാക്കി . വരും വർഷങ്ങളിൽ കൂടുതൽ ടീമുകളെ ഉൾപ്പെടുത്തി ടൂർണമെൻ്റ് വിപുലീകരിക്കുമെന്ന് ഫൈനലിന് ശേഷം ലിൻഡോ ജോളിയുടെ ഫാം ഹൗസിൽ നടന്ന ആഫ്റ്റർ പാർട്ടിയിൽ സംഘാടകർ പ്രഖ്യാപിച്ചു.

English Summary:
FOKANA T20 Cricket Tournament Rocks Florida with Excitement; Crown goes to Stars of Houston.