
കൊച്ചുകൊച്ചു കഥാപാത്രങ്ങളിലൂടെ, സ്റ്റേജ് ഷോകളിലൂടെ, മലയാളികളുടെ മനസ്സിൽ ചിരിയുടെ വലിയ ലോകം സൃഷ്ടിച്ച നടൻ സൈനുദ്ദീൻ വിടവാങ്ങിയിട്ട് 26 വർഷങ്ങൾ.
'കലാഭവനി'ലൂടെ ഒരു മിമീക്രി കലാകാരനായി രംഗത്തുവന്ന എ. സി. സൈനുദ്ദീൻ/ സെയ്നുദ്ദീന്‍, 'കലാഭവൻ സൈനുദ്ദീൻ' എന്നും അറിയപ്പെടുന്നുണ്ട്.
മലയാള സിനിമയിൽ ഒന്നു രണ്ടു പതിറ്റാണ്ടു കാലത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട ഹാസ്യ താരമായിരുന്നു സൈനുദ്ദീൻ. ഈ നടന്‍ നമ്മെ വിട്ടുപിരിഞ്ഞത് കാൽ നൂറ്റാണ്ടുകാലമാകുമ്പോൾ, 'അർഹിച്ച അംഗീകാരംലഭിക്കാതെ പോയ...' എന്ന, പലരേയും കുറിച്ച് പറയാറുള്ള ഒരു വാക്യമാണിത് മനസ്സിൽ വരുന്നത്; അതൊരു 'ക്ലിഷേ' ആതുകൊണ്ടുമാത്രം, അങ്ങനെ ഇവിടെ പറയുന്നില്ല.... കുറേകൂടി ഉയരങ്ങളിൽ എത്താനുള്ള കഴിവുണ്ടായിരുന്നിട്ടും നിർഭാഗ്യവശാൽ അവിടെ എത്തിപ്പെടാൻ കഴിഞ്ഞില്ലന്നു പറയാതെ വയ്യ!
1956 മെയ് 12-ന് സൈനുദ്ദീൻറെ ജനനം; കൊച്ചി സ്വദേശിയായ സൈനുദ്ദീൻ, തന്റെ അഭിനയജീവിതം തുടങ്ങിയത് ഒരു മിമിക്രി കലാകാരനായിട്ടായിരുന്നു എന്നു ആമുഖത്തിൽ സൂചിപ്പിച്ചുവല്ലോ. കൊച്ചിൻ 'കലാഭവൻ 'എന്ന പ്രസിദ്ധമായ സ്ഥാപനത്തിലൂടെയാണ് സൈനുദ്ദീനും മിമിക്രി രംഗത്തേക്ക് വന്നത്. അദ്ദേഹവും കലാഭവൻ ഡയറക്ടർ ആയിരുന്ന ആബേൽ അച്ചന്റെ കണ്ടെത്തലായിരുന്നു.
മിമിക്സ് വേദികളിൽ നടൻ മധുവിന്റെ 'പരീക്കുട്ടി' എന്ന കഥാപാത്രത്തെ വളരെ ഭംഗിയായി അവതരിപ്പിച്ചിരുന്നു.
പി.എ. ബക്കറിന്റെ 'ചാപ്പ'യിലൂടെ (1984) ആയിരുന്നു സിനിമയിലെ അരങ്ങേറ്റം. അവിടുന്നിങ്ങോട്ട് 150-ഓളം സിനിമകളിൽ അഭിനയിച്ചു.
തിരക്കഥാകൃത്ത് രഘുനാഥ് പലേരി സൈനുദ്ദീനെ ആദ്യത്തെ കണ്ട ഓർമ്മ പങ്കുവെക്കുന്നത് ഇങ്ങനെയാണ്: "ഭാരതത്തിലെ പ്രഥമ ത്രിമാന ചലചിത്രമായ 'മൈഡിയര്‍ കുട്ടിച്ചാത്ത'ന്റെ (1984) തിരക്കും ബഹളവും വിയര്‍പ്പും അമ്പരപ്പും ആഹ്ളാദവും നിറഞ്ഞ അന്തരീക്ഷത്തി ലേക്കാണ് സൈനുദ്ദീന്‍ എന്ന കലാഭവന്‍ മിമിക്രിക്കാരന്‍ എന്റെ മുന്നിലേക്ക് വരുന്നതും, "മിമിക്രിയേ അറിയൂ അതുകൊണ്ട് മിമിക്രിയായി തോന്നുന്നതെല്ലാം ഇഷ്ടമാണെന്ന്.." പറയുന്നതും... അഛന്റെ മദ്യപാനം അവസാനിപ്പിക്കാനായി മകള്‍ക്കൊപ്പം വരുന്ന കട്ടിച്ചാത്തന്‍ അവിടെ ഉണ്ടാക്കുന്ന പുകിലുകള്‍ സിനിമയിലെ ഒരു പ്രധാന ഭാഗമാണ്. സൈനുദ്ദീന്‍ കുട്ടിച്ചാത്തനിലെ ബാര്‍ ജോലിക്കാരനായി. സിനിമയില്‍ സൈനുദ്ദീന്‍ ആദ്യകാലത്തു ചെയ്യുന്ന വേഷമായിരുന്നു അത്.
"നിഷ്‌ക്കളങ്കവും പരിശുദ്ധവുമായ ഒരു നര്‍മ്മം സൈനുദ്ദീനില്‍ ഉണ്ടായിരുന്നു.... ഇടക്കിടെ പൊട്ടിക്കുന്ന നര്‍മ്മങ്ങൾ ക്കിടയിൽ, പക്ഷേ, സൈനുദ്ദീൻറെ മനസ്സില്‍ വിങ്ങി നില്‍ക്കുന്ന ചില വേദനകളുടെ കരിന്തിരികള്‍ ചുറ്റും പടരുന്നത് ഞാന്‍ കാണാതിരുന്നില്ല.... പിന്നെ വേഷങ്ങളോടു വേഷങ്ങളായി. സൈനുദ്ദീന്‍ മലയാളത്തിലെ അറിയപ്പെടുന്ന നടനായി. ഒരിക്കല്‍ കാതില്‍ വീണ അവന്റെ ശബ്ദത്തില്‍ വീടു വെച്ചതും വാഹനം വാങ്ങിയതും ട്രൂപ്പുണ്ടാക്കിയതും എല്ലാം ഞാന്‍ പില്ക്കാലത്തു കേട്ടു."
മിമിക്രിക്കാരുടെ കഥ പറയുന്ന 'മിമിക്സ് പരേഡ്', 'കാസര്‍കോഡ് കാദര്‍ഭായ്' തുടങ്ങിയ ചിത്രങ്ങളില്‍ സൈനുദ്ദീന്‍റെ പ്രകടനം എന്നും ഓര്‍ക്കും. 'സയാമീസ് ഇരട്ടകളി'ൽ മണിയൻപിള്ളയുടെ കൂടെ ഉള്ള അഭിനയം ശ്രദ്ധിക്കപ്പെട്ടു. 'മിമിക്സ് പരേഡ്', 'ഹിറ്റ്ലർ', 'ആലഞ്ചേരി തമ്പ്രാക്കൾ', 'കാബൂളിവാല', 'എഴുന്നള്ളത്ത്', 'മംഗലംവീട്ടില്‍ മാനസേശ്വരി ഗുപ്ത', 'നിറം', 'അമരം', 'കളമശ്ശേരിയിൽ കല്യാണ യോഗം', 'മാണിക്യ ചെമ്പഴുക്ക' തുടങ്ങി ഒട്ടേറെ സിനിമകളിലും നല്ല വേഷങ്ങൾ കൈകാര്യം ചെയ്തു. 'എഴുപുന്ന തരകൻ' (1999 ഏപ്രിൽ മാസത്തിൽ) എന്ന സിനിമയിൽ 'പുഷ്കരൻ' എന്ന കഥാപാത്രം ആയി ആണ് അവസാനമായി അഭിനയിച്ചത്; ഏറ്റവും ഒടുവിൽ റിലീസ് ചെയ്തത് സൈനുദ്ദീൻ അഭിനയിച്ച 'പഞ്ചപാണ്ഡവർ' (1999- കഥാപാത്രം: ലുക്കോ) ആയിരുന്നു.
1982-ൽ വിവാഹം. ജീവിതപങ്കാളി ലൈല, ഒരു ഹിന്ദി ടീച്ചർ ആയിരുന്നു. (GVHSS); ആൺ മക്കൾ: സിൻസിൽ; സീനിൽ - സിനിമ (രണ്ടു പേരും സിനിമയിൽ മുഖം കാണിച്ചിട്ടുണ്ട്.)
ശ്വാസകോശ സംബന്ധമായ രോഗങ്ങളാൽ അദ്ദേഹം 1999 നവംബർ 4-ന് അന്തരിച്ചു.