Image

മലയാള കവിതയിലെ `ശ്രീ'യ്‌ക്ക്‌ 100 വയസ്സ്‌

Published on 25 May, 2011
മലയാള കവിതയിലെ `ശ്രീ'യ്‌ക്ക്‌ 100 വയസ്സ്‌

മലയാള കവിതയിലെ `ശ്രീ'യ്‌ക്ക്‌ 100 വയസ്സ്‌

കെ.കെ. ജോണ്‍സണ്‍

മലയാള കാവ്യലോകത്തെ `ശ്രീ' ആയ വൈലോപ്പള്ളി ശ്രീധരമേനോന്‍ ജനിച്ചിട്ട്‌ നൂറാണ്ട്‌ തികയുന്നു. 1911 മെയ്‌ 11-ന്‌ ഏറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയിലാണ്‌ അദ്ദേഹത്തിന്റെ ജനനം. എറണാകുളം മഹാരാജാസ്‌ കോളജില്‍ നിന്നും ബിരുദം നേടിയശേഷം അദ്ദേഹം അധ്യാപകവൃത്തിയില്‍ പ്രവേശിച്ചു. 35 വര്‍ഷത്തെ അധ്യാപനവൃത്തിക്കുശേഷം 1966-ല്‍ പ്രധാനാധ്യാപകനായി വിരമിച്ചു.

കേരളീയ ഗ്രാമജീവിതത്തിന്റെ നന്മകളും നൈര്‍മല്യവും ഇത്രയും തനിമയോടെ ആവിഷ്‌കരിച്ച മറ്റൊരു കവി മലയാളത്തിലില്ല. ചങ്ങമ്പുഴയും ഇടപ്പള്ളിയും ഇടശ്ശേരിയുമെല്ലാം മലയാള കവിതാലോകത്ത്‌ തിളങ്ങി നില്‍ക്കുമ്പോള്‍ തന്നെ തന്റേതായ പാത വെട്ടിത്തെളിച്ച കവിയായിരുന്നു വൈലോപ്പള്ളി. ഓണവും വിഷുവും തിരുവാതിര ഞാറ്റുവേലയും കൊയ്‌ത്തും മെതിയും കൊന്നപ്പൂകളും, എന്നുവേണ്ട കേരളീയ ഗ്രാമജീവിതത്തിന്റെ എല്ലാ സൗന്ദര്യങ്ങളും ആഘോഷങ്ങളും അദ്ദേഹത്തിന്റെ കവിതകള്‍ക്ക്‌ വിഷയമായിട്ടുണ്ട്‌. `കയ്‌പവല്ലരി' എന്ന കവിതയിലെ

`ഏതു ധൂസരസങ്കല്‍പ്പത്തില്‍ വളര്‍ന്നാലും,
ഏതു യന്ത്രവത്‌കൃത ലോകത്തില്‍ പുലര്‍ന്നാലും,
മനസ്സിലുണ്ടാവട്ടെ ഗ്രാമത്തിന്‍ വെളിച്ചവും
മണവും മമതയും ഇത്തിരികൊന്നപ്പൂവും...'


എന്ന ഗൃഹാതുരത്വം ഉണര്‍ത്തുന്ന വരികള്‍ തന്നെ കവിക്ക്‌ ഗ്രാമജീവിതത്തോടുള്ള ഇഷ്‌ടം വിളിച്ചറിയിക്കുന്നു.

വൈലോപ്പള്ളിയുടെ കവിതകളിലൂടെ സഞ്ചരിക്കുമ്പോള്‍ സാധാരണ കാവ്യാസ്വാദകന്റെ മനസ്സിലേക്ക്‌ ഓടിയെത്തുന്നത്‌ `മാമ്പഴം' എന്ന നാല്‍പ്പത്തെട്ടുവരി കവിതയാണ്‌. തന്റെ അനുജന്റെ അകാലത്തിലുള്ള മരണമാണ്‌ ഈ കവിതയെഴുതുവാന്‍ പ്രേരകമായിത്തീര്‍ന്നത്‌. ചങ്ങമ്പുഴയുടെ `രമണനും', `വാഴക്കുല'യ്‌ക്കും ശേഷം ഇത്രത്തോളം വായിക്കുകയും ആസ്വദിക്കുകയും ചെയ്‌ത മറ്റൊരു കവിത മലയാളത്തിലില്ല.

`അങ്കണത്തൈമാവില്‍നിന്നാദ്യത്തെ പഴം വീഴ്‌കെ,
അമ്മതന്‍ നേത്രത്തില്‍നിന്നുതിര്‍ന്നു ചുടുകണ്ണീര്‍..'


എന്നാരംഭിക്കുന്ന കവിത വായനക്കാരനെ കണ്ണീരണിയിക്കുകയും മനസ്സ്‌ അസ്വസ്ഥമാക്കുകയും ചെയ്യുന്നു.

`മാങ്കനി വീഴുന്നേരം ഓടിച്ചെന്നെടുക്കേണ്ടോന്‍
പൂങ്കുല തല്ലുന്നത്‌ കല്ലുകൊള്ളാഞ്ഞിട്ടല്ലേ...'


എന്നു ദേഷ്യപ്പെട്ട മാതാവിനോട്‌ `മാമ്പഴം പെറുക്കാന്‍ ഞാന്‍ വരുന്നില്ല' എന്നു പറഞ്ഞുപോയ മകന്‍ മാങ്കനി വീഴാന്‍ കാത്തുനില്‍ക്കാതെ പരലോകത്തെ പൂകുമ്പോള്‍ മാതാവനുഭവിക്കുന്ന ദുഖം വായനക്കാരിലേക്കും സംക്രമിക്കുന്നു.

ഗ്രാമസൗന്ദര്യത്തെ ആരാധിച്ചിരുന്ന കവി മനുഷ്യന്റെ പ്രകൃതിയോടുള്ള പരാക്രമങ്ങളോടും ദ്രോഹങ്ങളോടുമുള്ള പ്രതിക്ഷേധവും രോഷവും ശക്തമായി പ്രകടിപ്പിക്കുകയും ചെയ്‌തിരുന്നു. അതിന്റെ ഉത്തമ ഉദാഹരണമാണ്‌ `സഹ്യന്റെ മകന്‍' എന്ന കവിത.

കാവ്യരചനയുടെ ആദ്യകാലങ്ങളില്‍ വ്യക്തിഗതങ്ങളായ അനുഭൂതികളെ ആശ്രയിച്ചിരുന്നെങ്കിലും പില്‍ക്കാലത്ത്‌ സാധാരണ മനുഷ്യന്റെ കഷ്‌ടപ്പാടുകളും സങ്കടങ്ങളുമാണ്‌ കൂടുതലും കാവ്യ വിഷയങ്ങളായി സ്വീകരിച്ചത്‌. സാഹിത്യകാരന്‌ സമൂഹത്തോടുള്ള ഉത്തരവാദിത്വത്തെപ്പറ്റി കവി തികച്ചും ബോധവാനായിരുന്നു. `കന്നിക്കൊയ്‌ത്ത്‌', `ശ്രീരേഖ', `കുടിയൊഴിക്കല്‍', `ഓണപ്പാട്ടുകാര്‍', `മകരക്കൊയ്‌ത്ത്‌' തുടങ്ങി പതിനെട്ടോളം കവിതാ സമാഹാരങ്ങളും `ഋഷ്യശൃംഗനും അലക്‌സാണ്ടറും' എന്ന നാടകവും, `കാവ്യലോക സ്‌മരണകള്‍' എന്ന ഓര്‍മ്മക്കുറിപ്പും അദ്ദേഹത്തിന്റേതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.

അടിയന്തിരാവസ്ഥയ്‌ക്കെതിരേ പ്രതികരിച്ചിട്ടുള്ള ചുരുക്കം ചില സാഹിത്യകാരന്മാരില്‍ ഒരാളാണ്‌ വൈലോപ്പള്ളി. അടിയന്തിരാവസ്ഥയുമായി ബന്ധപ്പെട്ട്‌ പതിനൊന്ന്‌ കവിതകള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്‌. പുരോഗമന കലാസാഹിത്യസംഘത്തിന്റെ ആദ്യത്തെ സംസ്ഥാനാധ്യക്ഷനായിരുന്നു അദ്ദേഹം.

ആശാന്‍ പ്രൈസ്‌, കേന്ദ്ര സാഹിത്യ അക്കാഡമി പുരസ്‌കാരം, കേരള സാഹിത്യ അക്കാഡമി പുരസ്‌കാരം, സോവ്യറ്റ്‌ ലാന്റ്‌ നെഹ്‌റു അവാര്‍ഡ്‌, വയലാര്‍ അവാര്‍ഡ്‌, എം.പി പോള്‍ പുരസ്‌കാരം, മദ്രാസ്‌ ഗവണ്‍മെന്റ്‌ അവാര്‍ഡ്‌ എന്നിവ അദ്ദേഹത്തിന്‌ ലഭിച്ച പുരസ്‌കാരങ്ങളില്‍ ചിലത്‌ മാത്രമാണ്‌.

1985 ഡിസംബര്‍ 22-ന്‌ അന്തരിച്ച അദ്ദേഹത്തിന്റെ ചിതാഭസ്‌മം കവിക്ക്‌ ഏറ്റവും ഇഷ്‌ടപ്പെട്ട നിളാ നദിയില്‍ നിമജ്ഞനം ചെയ്‌തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക