ജോണ്‍ സി വര്‍ഗീസ് (സലീം) ഫോമ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി (എ.എസ് ശ്രീകുമാര്‍)

ജോണ്‍ സി വര്‍ഗീസ് (സലീം) ഫോമ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി (എ.എസ് ശ്രീകുമാര്‍)

യഥാര്‍ത്ഥ നേതാവ് ഒരു സേവകനായിരിക്കും... ഭൃത്യനായിരിക്കും...'' അമേരിക്കന്‍ മലയാളി സമൂഹത്തില്‍ മുപ്പതു വര്‍ഷത്തിലേറെ പ്രകാശമാനമായ പ്രവര്‍ത്തന പാരമ്പര്യമുള്ള, സലീം എന്ന ഓമനപ്പേരിലറിയപ്പെടുന്ന ജോണ്‍ സി വര്‍ഗീസിനെ സംബന്ധിച്ചിടത്തോളം ഈ നിരീക്ഷണം അന്വര്‍ത്ഥമാണ്. 1987ല്‍ ന്യൂയോര്‍ക്കിലെത്തി, വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷനിലൂടെ കര്‍മ ഭൂമിയിലെ ജനസേവന സപര്യക്ക് ഹരിശ്രീ കുറിച്ച ഇദ്ദേഹം ഇത്രയും കാലം കൊണ്ട് വിവിധ പദവികള്‍ അലങ്കരിച്ച്, തന്റെ സംഘടനാ ശക്തി തെളിയിച്ച് ഏവരുടെയും ആദരവിനും സ്‌നേഹത്തിനും പാത്രീഭൂതനായി. ഇപ്പോള്‍ സുപ്രധാനമായൊരു ദൗത്യമേറ്റെടുക്കാന്‍ ചുവടുറപ്പിക്കുകയാണ് പൊതു സമ്മതനായ ഈ ചെങ്ങന്നൂര്‍ സ്വദേശി. അമേരിക്കന്‍ മലയാളികളുടെ കൂട്ടായ്മയുടെയും സംഘബോധത്തിന്റെയും വിളംബരമായ ഫോമായുടെ തുടക്കം മുതലുള്ള സജീവ പ്രവര്‍ത്തകനായ ജോണ്‍ സി വര്‍ഗീസ്, സംഘടനയുടെ ചിക്കാഗോ കണ്‍വന്‍ഷനോടനുബന്ധിച്ച് (2018) നടക്കുന്ന ഇലക്ഷനില്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയാണ്.