ഷോൺ എബ്രഹാം ചരമ വാർഷികം ഏപ്രിൽ 5

Published on 06 April, 2021
ഷോൺ എബ്രഹാം ചരമ വാർഷികം ഏപ്രിൽ 5
ന്യുയോര്‍ക്ക്: ഇന്ന്, ഏപ്രിൽ 5. ഷോൺ സജി എബ്രഹാം പിരിഞ്ഞു പോയതിന്റെ ഒന്നാം വാർഷികം. ജീവിച്ചിരുന്നുവെങ്കിൽ ഷോണിന് ഇപ്പോൾ 22  വയസ്. ഈ വർഷം  ന്യു യോർക്ക് സിറ്റിയിലെ പ്രശസ്തമായ ബറൂക്ക്   കോളജിൽ നിന്ന് ഗ്രാഡ്വേറ്റ് ചെയ്യുമായിരുന്നു.

ആ പ്രതീക്ഷകളൊക്കെ വിഫലമാക്കി കോവിഡ് മഹാമാരിയുടെ ആദ്യ ഇരകളിലൊരാളായി ആകുരുന്നു ജീവൻ വിടവാങ്ങിയപ്പോൾ എല്ലാവരും ഞെട്ടിത്തരിച്ചു. പ്രായമായവർ മാത്രം കോവിഡിന് ഇര എന്ന അക്കാലത്തെ  ധാരണയാണ് ഇല്ലാതായത്.

ഒരു വർഷം  മുൻപ് എന്നാൽ ഒരു യുഗം ദൂരെ എന്ന പോലെയാണ് കോവിഡിനെപ്പറ്റി പറയുമ്പോൾ. അന്ന് ഈ വിപത്തിനെപ്പറ്റി ആർക്കും തന്ന്നെ വ്യക്തമായ 
ധാരണയില്ല, കാര്യമായ ചികിത്സകളില്ല. വിധിക്കു വിട്ട് ജനം പേടിച്ചരണ്ട ദിനങ്ങൾ. കോവിഡിന്റെ പ്രഭവ കേന്ദ്രമായ ന്യു യോർക്ക് സ്റ്റേറ്റിൽ അന്ന് 600-700 പേരാണ് നിത്യം മരിച്ചു കൊണ്ടിരുന്നത്.  അവിടെ നിന്ന് ഇനിയും പഴയ
നിലയിലേക്കു നാം എത്തിപ്പെട്ടിട്ടില്ല എന്നത് ദുഃഖ സത്യം.

ഷോണിന് വേണ്ടി തിങ്കളാഴ്ച ക്വീൻസിലെ ബെല്‍റോസ്ലുള സെന്റ് ജോൺസ് ഓർത്തഡോക്സ് ചർച്ചിൽ പ്രത്യേക പ്രാർത്ഥനകളുണ്ട്. ആ ചെറിയ ജീവിതം
അന്ത്യവിശ്രമം കൊള്ളുന്ന ഓൾ സെയിന്റ് സെമിത്തേരിയിലും  അനുസ്മരണ ചടങ്ങുകൾ
നടക്കും.

ദൈവം തരുന്നു, ദൈവം എടുക്കുന്നു, ഒന്നും നമ്മുടെ കയ്യിലല്ല, ഷോൺന്റെ പിതാവും ഫോമയുടെയും പ്രസ് ക്ലബിന്റെ സാരഥികളൊലൊരാളുമായ സജിഎബ്രഹാം ആശ്വാസം കൊള്ളുന്നു. ജീവിതം നിരങ്ങി നിരങ്ങി മുന്നോട്ടു പോകുന്നു. ദൈവ കൃപയിൽ ആശ്രയിച്ച് കഴിയുന്നു. വലിയ പ്രതീക്ഷകൾ തകർന്നപ്പോൾ ഓർമ്മകളിൽ ആശ്വാസം. അമ്മയും സഹോദരിമാരും  ആ തേങ്ങലിൽ നിന്ന് ഇനിയുംമോചിതരായിട്ടില്ല.

ഷോണ്‍ ഏബ്രഹാമിന്റെ  സംസ്‌കാരം കഴിഞ്ഞ വര്ഷം ദുഖ ശനിയാഴ്ച ഇടവക വികാരി ഫാ. ദിലീപ് ചെറിയാന്റെ കാര്‍മ്മികത്വത്തിലാണ്  നടന്നത്.   ഈ വർഷം  ആ ദിനം വന്നത് ഈസ്റ്ററിന്റെ പിറ്റേന്നാണ്.

ഇത്തരം വിയോഗങ്ങളെ ദൈവത്തിന്റെ തെരെഞ്ഞെടുപ്പായി നാം കാണണമെന്ന്  സംസ്കാര വേളയിൽ വൈദികൻ  പറഞ്ഞു. അത് എന്തു കൊണ്ട് എന്നറിയില്ല. ലാസറിന്റെമരണവിവരം പറഞ്ഞ സഹോദരി യേശുവിനോട് നീ ഇവിടെ ഉണ്ടായിരുനെങ്കില്‍ ഇങ്ങനെസംഭവിക്കില്ലായിരുന്നു എന്നു പറയുന്നു.

പ്രിയപ്പെട്ട ഷോണ്‍ ഇപ്പോള്‍ ചെറുബിനും സെറഫിനും ആയ മാലഖാ വ്രുന്ദത്തോടൊപ്പം ചേര്‍ന്ന്ദൈവത്തെ വാഴ്ത്തുന്നു-അദ്ദേഹം പറഞ്ഞു.

തിരുവല്ല വലിയപറമ്പില്‍ തൈക്കടവില്‍ സജി എബ്രഹാമിന്റെയും  സോളി എബ്രഹാമിന്റെയും (മല്ലപ്പള്ളി പൗവ്വത്തിക്കുന്നേല്‍ വടക്കേക്കര കുടുംബം)
മകനാണു ഷോണ്‍.  സ്നേഹ എബ്രഹാം, ഷാന എബ്രഹാം എന്നിവര്‍ സഹോദരിമാരാണ്.

ന്യൂയോര്‍ക്ക് എല്‍മോണ്ട് നിവാസിയായ ഷോണ്‍, മന്‍ഹാട്ടന്‍ ബറൂച്ച് കോളേജില്‍ അക്കൗണ്ടിംഗ് ആന്റ് ഫിനാന്‍സ് അവസാന വര്‍ഷ  ബിരുദ വിദ്യാര്‍ത്ഥിയായിരുന്നു.

സെന്റ് ജോണ്‍സ് ദേവാലയം സ്ഥാപിക്കുന്നതില്‍ മുഖ്യ പങ്കുവഹിക്കുകയും, മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷനില്‍ ഇടവകയെ  പ്രതിനിധീകരിക്കുകയും, ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഓഡിറ്റര്‍, ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി, ഫെഡറേഷന്‍ ഓഫ് മലയാളി അസ്സോസിയേഷന്‍സ് ഇന്‍ അമേരിക്കാസ് (ഫോമ) സ്ഥാപകനേതാവ് എന്നീ നിലകളില്‍ അറിയപ്പെടുന്ന വ്യക്തിയാണ് പിതാവ് സജി എബ്രഹാം.

മാതാവ് സോളി എബ്രഹാം ന്യൂയോര്‍ക്ക് ഹെല്ത്ത് ആന്റ് ഹോസ്പിറ്റല്‍സ് കോര്‍പ്പറേഷനില്‍ നഴ്സ് ആണ്.

ഷോണ്‍, നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ രൂപത സണ്‍ഡേ സ്‌കൂള്‍ അസോസിയേഷന്‍, ഒ.വി.ബി.എസ് എന്നിവയിൽ  സജീവമായിരുന്നു.
ഷോൺ എബ്രഹാം ചരമ വാർഷികം ഏപ്രിൽ 5
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക