Image

കേരളം ജാതി രാഷ്‌ട്രീയത്തിന്റെ പിടിയില്‍ അമരുമ്പോള്‍....

ജോസ്‌ കാടാപ്പുറം Published on 08 June, 2011
കേരളം ജാതി രാഷ്‌ട്രീയത്തിന്റെ പിടിയില്‍ അമരുമ്പോള്‍....
ഒരു ജാതിമത സംഘടനയുടേയും സഹായംകൊണ്ടല്ലാതെ ഭരണനേട്ടങ്ങള്‍കൊണ്ട്‌ തെരഞ്ഞെടുപ്പിനെ നേരിട്ടവര്‍ ഒരു ഭാഗത്ത്‌, ഏത്‌ ജാതിമത ശക്തിയുടെ പിന്തുണകൊണ്ടായാലും അധികാരം കിട്ടണമെന്ന ലക്ഷ്യത്തോടെ തെരഞ്ഞെടുപ്പിനെ സമീപിച്ച മറ്റൊരുകൂട്ടര്‍. ഇതിനിടയില്‍ ജാത്യാഭിമാനം പരസ്യമായി ഉദ്‌ഘോഷിക്കുകയെന്നതില്‍ മടികാണിക്കുന്ന സാംസ്‌കാരിക കേരളം. പക്ഷെ തെരഞ്ഞെടുപ്പ്‌ കഴിഞ്ഞപ്പോള്‍ സുകുമാരന്‍ നായര്‍ എന്ന എന്‍.എസ്‌.എസ്‌ നേതാവ്‌ അച്യുതാനന്ദനേയും, വെള്ളാപ്പള്ളി നടേശന്‍ എന്ന സമുദായ പ്രമാണി പിണറായി വിജയനേയും അധിക്ഷേപിച്ചപ്പോള്‍ സമുദായ സംഘടനകളുടെ നേതാക്കള്‍ അല്ലെങ്കില്‍ നേതൃത്വം പൊതുവെ എടുത്ത സമീപനം എന്തായിരുന്നു എന്നു വ്യക്തം.

കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളുടെ ഫലം വിശകലനം ചെയ്യുമ്പോള്‍ ക്രൈസ്‌തവര്‍ ഒന്നടങ്കം ഒരുവശത്തേയ്‌ക്ക്‌ ചാഞ്ഞു എന്ന്‌ വിലയിരുത്താനാകില്ല. കടുത്ത ജാതിമത വികാരങ്ങള്‍ വോട്ടാക്കി മാറ്റാന്‍ കോണ്‍ഗ്രസ്‌ പക്ഷം കിണഞ്ഞു ശ്രമിച്ചെങ്കിലും പ്രതീക്ഷിച്ച രീതിയില്‍ അത്‌ ഫലംകണ്ടില്ല. നൂറു സീറ്റ്‌ കിട്ടുമെന്ന ചാണ്ടി ചെന്നിത്തല സ്വപ്‌നങ്ങളുടെ അടിത്തറ ജാതി മത വോട്ടുകളുടെ ഏകോപനമായിരുന്നു. ആ സ്വപ്‌നം തകര്‍ന്നപ്പോള്‍ പരസ്യമായി സമദൂരം വെടിഞ്ഞവരും, രഹസ്യമായി കച്ചവടം ഉറപ്പിച്ച വെള്ളാപ്പള്ളിമാരും വെള്ളിത്തിലായി. പിന്നെ ചെയ്യാനുള്ളത്‌ ആര്‌ ജയിക്കുന്നുവോ അവരുടെ കൂടെ ഞങ്ങള്‍ ഉണ്ടായിരുന്നതുകൊണ്ടാണ്‌ നിങ്ങള്‍ നൂല്‍പാലത്തിലൂടെയാണെങ്കിലും അക്കരെകടന്നതെന്ന്‌ പറയുകയും, അങ്ങനെ ചക്കരക്കുടത്തില്‍ കയറിയിരിക്കാന്‍ സമ്മര്‍ദ്ദം ചെയ്യുന്നതുമാണ്‌ കേരള രാഷ്‌ട്രീയം ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്‌.

ജാതിമത സംഘടനകളുടെ ഇടപെടല്‍കൊണ്ട്‌ മാത്രം വോട്ട്‌ മറിയില്ലെന്ന്‌ നിയമസഭാ ഫലം തെളിയിക്കുന്നു. സമുദായ സംഘടനകള്‍ തെരഞ്ഞെടുപ്പ്‌ രാഷ്‌ട്രീയത്തില്‍ ഇടപെടുന്നത്‌ നല്ലതാണോയെന്ന്‌ പൊതുസമൂഹം ചിന്തിക്കേണ്ട സമയമായി എന്നതിന്റെ തെളിവാണ്‌ മന്ത്രിമാരെ തീരുമാനിക്കാന്‍ മുഖ്യമന്ത്രിക്ക്‌ ജാതിയും മതവും നോക്കാതെ വയ്യാതെ വന്നത്‌!. അതുകൊണ്ടുതന്നെ ആദ്യം തെരഞ്ഞെടുക്കേണ്ട സ്‌പീക്കര്‍ അവസാനമായി. അതുകൊണ്ടും തീര്‍ന്നില്ല, തന്റെ മന്ത്രിസഭയുടെ മന്ത്രിമാരുടെ വകുപ്പ്‌ ഏതെന്ന്‌ ഒരു കക്ഷി നേതാവ്‌ ടിവിയിലൂടെ പറഞ്ഞത്‌ ശ്രവിച്ച്‌ കോള്‍മയിര്‍കൊള്ളുന്ന മുഖ്യമന്ത്രിയാണ്‌ ഇപ്പോള്‍ കേരളത്തിന്റെ ഗതികേട്‌! 55 വര്‍ഷത്തെ കേരള ചരിത്രത്തിലെ ഒരു മുഖ്യമന്ത്രിക്കും ഈ ഗതികേട്‌ ഉണ്ടായിട്ടില്ല. കാലികാലമല്ല, ലീഗ്‌ കാലമാണ്‌!! ഏതായാലും ഭരണത്തിലെ തലയേതെന്നും, വാലേതെന്നും വ്യക്തം!

എന്‍.എസ്‌.എസിന്റേയോ, എസ്‌.എന്‍.ഡി.പിയുടേയോ താത്‌പര്യങ്ങള്‍ക്കോ, നിലപാടുകള്‍ക്കോ പൊങ്ങുകയും താഴുകയും ചെയ്യേണ്ടതാണോ കേരള രാഷ്‌ട്രീയം? സമ്മര്‍ദ്ദ രാഷ്‌ട്രീയംകൊണ്ട്‌ കാര്യംനേടുന്ന ഇക്കൂട്ടര്‍ രാഷ്‌ട്രീയ പാര്‍ട്ടി ഉണ്ടാക്കിയിട്ട്‌ കേരളത്തില്‍ വേരില്ലാതായത്‌ മറക്കരുത്‌. കേരളത്തിലെ കോണ്‍ഗ്രസ്‌ പാര്‍ട്ടിയെ ചുറ്റി നില്‍ക്കുന്ന ദൂഷിത വലയമാണ്‌ എന്‍.എസ്‌.എസിനേയും, വെള്ളാപ്പള്ളിയേയും ഒക്കെ ചുമക്കേണ്ടിവരുന്ന ഗതികേടിലേക്ക്‌ കേരള രാഷ്‌ട്രീയത്തെ എത്തിച്ചത്‌. ഈ വലതുപക്ഷ രാഷ്‌ട്രീയത്തിന്റെ നിലപാടില്‍ കേരളം അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പ്രചരിപ്പിക്കുന്ന ബോധപൂര്‍വ്വമായ സംഘടിത പ്രവര്‍ത്തനം നടക്കുന്നുണ്ട്‌. ഇത്‌ ഭാവി കേരളത്തിന്റെ ശാശ്വത നന്മയ്‌ക്ക്‌ നിരക്കാത്തതാണ്‌.

ജാതി പറഞ്ഞ്‌ കേരളത്തിന്റെ സമസ്‌ത മേഖലകളിലും നേട്ടങ്ങള്‍ കൊയ്യുകയാണ്‌ ഇക്കൂട്ടര്‍ ചെയ്‌തുവരുന്നത്‌. അഴീക്കോടിന്റെ ഭാഷയില്‍ പറഞ്ഞാല്‍ `ജാതി പറയരുത്‌ ചോദിക്കരുത്‌' എന്നതില്‍ നിന്ന്‌ ജാതി പറയുന്നതില്‍ എന്ത്‌ കുഴപ്പം എന്ന ഇപ്പോഴത്തെ നേതൃത്വം പറയുകയും ചിന്തിക്കുകയും ചെയ്‌തപ്പോള്‍ സാംസ്‌കാരിക കേരളം വേദനിക്കുന്നത്‌ ഇക്കൂട്ടര്‍ അറിയുന്നില്ല. ജാതിയുടെ ശക്തിപറഞ്ഞ്‌ സമ്മര്‍ദ്ദശക്തികളായി നിന്ന്‌ ഇലക്ഷന്‍ വരുമ്പോള്‍ സ്ഥാനാര്‍ത്ഥികളില്‍ നിന്ന്‌ രഹസ്യമായി വാങ്ങുന്ന കോടികള്‍കൊണ്ട്‌ കേരളം വാങ്ങാനുള്ള പണം ഈ സമുദായ പ്രമാണിമാര്‍ സ്വരൂപിച്ചുകഴിഞ്ഞു. സ്വന്തം പേരിലുള്ള എന്‍ജിനീയറിംഗ്‌ കോളജ്‌, മെഡിക്കല്‍ കോളജുകള്‍ക്ക്‌ പുറമെയാണ്‌ ഇത്തരത്തില്‍ സ്വരൂപിച്ച പണം.

മതേതര പാര്‍ട്ടിയായ കോണ്‍ഗ്രസിലെ മന്ത്രിമാരെ തീരുമാനിക്കാന്‍ ജാതിയും സമുദായവും മുഖ്യമാനദണ്‌ഡമാക്കിയത്‌ ഭരണത്തിലും പ്രകടമായിത്തുടര്‍ന്നു. മന്ത്രിമാര്‍ ഒക്കെത്തന്നെ ജാതിയുടേയും മതത്തിന്റേയും ലേബലിലാണ്‌ എന്നത്‌ മതേതര പാര്‍ട്ടിയായ കോണ്‍ഗ്രസിന്‌ എന്തു മാനക്കേടാണ്‌ ഉണ്ടാക്കിയിരിക്കുന്നത്‌.

എല്ലാ വിഭാഗങ്ങളേയും അനിയന്ത്രിതമായി തൃപ്‌തിപ്പെടുത്തിയും, അവരുടെ വിഴിവിട്ട സമ്മര്‍ദ്ദങ്ങള്‍ക്ക്‌ വഴങ്ങിയും മാത്രമേ ഉമ്മന്‍ചാണ്ടിക്ക്‌ ഭരണം നിലനിര്‍ത്താന്‍ കഴിയൂ. സമ്പൂര്‍ണ്ണ ബഡ്‌ജറ്റുമായി ബന്ധപ്പെട്ട നിയമസഭാ സമ്മേളനത്തില്‍ 15 ദിവസം വോട്ടെടുപ്പ്‌ ഉണ്ടാകും, അന്നേരം മലപ്പുറത്തുനിന്നുള്ള കുഞ്ഞാലിക്കുട്ടി സാഹിബോ, മറ്റേതെങ്കിലും സാഹിബോ തിരുവനന്തപുരേത്തേയ്‌ക്കുള്ള യാത്രയില്‍ മൂന്നാം വേളിയുടെ വീട്ടില്‍ നെയ്‌ച്ചോറ്‌ കഴിക്കാന്‍ കയറിയാല്‍ തലനാരിഴ സര്‍ക്കാരിന്റെ ഗതിയെന്താകും. അല്ലെങ്കില്‍ പൂഞ്ഞാറുകാരന്‍ ജോര്‍ജ്‌ മാണിച്ചായനോട്‌ പിണങ്ങി ഒരു ദിവസം സിനിമാ ഷൂട്ടിംഗില്‍ പെട്ടുപോയാല്‍ എന്താകും ഉമ്മന്‍ചാണ്ടിയുടെ ഗതി. മുഖ്യമന്ത്രിയുടെ മൂത്രശങ്ക പോലും മാറ്റിവെയ്‌ക്കേണ്ടിവരും. അല്ലെങ്കില്‍ അച്യുതാനന്ദന്റെ കാലില്‍ തൊട്ടിട്ടുവേണം മൂത്രശങ്ക തീര്‍ക്കാന്‍. ഐസ്‌ക്രീം കേസിലെ പ്രതിയെ രക്ഷിക്കാന്‍ ജഡ്‌ജിമാരെ സ്വാധീനിക്കാന്‍ ശ്രമിച്ചയാളെ അഡീഷണല്‍ അഡ്വക്കേറ്റ്‌ ജനറലാക്കിയ ഉമ്മന്‍ചാണ്ടിയെ അച്യുതാനന്ദന്‍ വെറുതെ വിടുമോ? അഴിമാതിക്കാരെ മുഴുവന്‍ കൂടെനിര്‍ത്തി സമസ്‌ത മേഖലകളിലും കച്ചവടം ഉറപ്പിക്കാനും കൊള്ളയടിക്കാനും പരിചയമുള്ളവരെ തന്നെ മന്ത്രിമാരാക്കി അഴിമതിക്കാരെ കൂടെ നിര്‍ത്തേണ്ടിവന്ന പരിഹാസ്യമായ അവസ്ഥയിലാണ്‌ മുഖ്യമന്ത്രി. വോട്ടിനുവേണ്ടി ജാതി സമുദായ ശക്തികളെ താലോലിച്ചാല്‍ ഇനിയും കോണ്‍ഗ്രസിന്‌ നൂല്‍പാലത്തിലൂടെ സഞ്ചേരിക്കേണ്ടിവരുമെന്നോര്‍ക്കുക.
കേരളം ജാതി രാഷ്‌ട്രീയത്തിന്റെ പിടിയില്‍ അമരുമ്പോള്‍....
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക