Image

സി.എസ്‌.ഐ ജൂബിലി കോണ്‍ഫറന്‍സ്‌: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ജോയിച്ചന്‍ പുതുക്കുളം Published on 07 June, 2011
സി.എസ്‌.ഐ ജൂബിലി കോണ്‍ഫറന്‍സ്‌: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ഷിക്കാഗോ: ഈവര്‍ഷം ജൂബിലി ആഘോഷിക്കുന്ന സി.എസ്‌.ഐ ഫാമിലി ആന്‍ഡ്‌ യൂത്ത്‌ കോണ്‍ഫറന്‍സിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി പബ്ലിസിറ്റി കോര്‍ഡിനേറ്റേഴ്‌സായ റ്റോണി ഫിലിപ്പ്‌, സാം തോമസ്‌, സത്യദാസ്‌, ക്രിസ്‌തുദാസ്‌ എന്നിവര്‍ പത്ര പ്രസ്‌താവനയിലൂടെ അറിയിച്ചു.

കാല്‍ നൂറ്റാണ്ടിനുമുമ്പ്‌ ഷിക്കാഗോയില്‍ തുടക്കംകുറിച്ച സി.എസ്‌.ഐ ഫാമിലി ആന്‍ഡ്‌ യൂത്ത്‌ കോണ്‍ഫറന്‍സ്‌ ഈവര്‍ഷം ജൂണ്‍ 30 മുതല്‍ ജൂലൈ 3 വരേയുള്ള തീയതികളില്‍ ഷിക്കാഗോയുടെ സബര്‍ബായ ഗ്ലെന്‍വ്യൂവിലുള്ള വിന്‍ഡം ഗ്ലെന്‍വ്യൂ സ്യൂട്ട്‌ ഹോട്ടലില്‍ വെച്ചാണ്‌ നടത്തപ്പെടുന്നത്‌. ഷിക്കാഗോയിലും പരിസര പ്രദേശങ്ങളിലുമുള്ള സി.എസ്‌.ഐ സഭകളുടെ സംയുക്ത നേതൃത്വത്തിലാണ്‌ ഈവര്‍ഷത്തെ കോണ്‍ഫറന്‍സ്‌ ക്രമീകരിച്ചിരിക്കുന്നത്‌.

ജൂണ്‍ 30-ന്‌ വ്യാഴാഴ്‌ച വൈകിട്ട്‌ 6 മണിയോടുകൂടി ദക്ഷിണേന്ത്യാ തനിമയിലുള്ള ആഘോഷങ്ങളോടെ ആരംഭിക്കുന്ന സമ്മേളനത്തില്‍ ദക്ഷിണേന്ത്യാ മോഡറേറ്റര്‍ മോസ്റ്റ്‌ റവ എസ്‌. വസന്തകുമാര്‍ അധ്യക്ഷതവഹിക്കും.

സി.എസ്‌.ഐ സഭയുടെ നോര്‍ത്ത്‌ അമേരിക്കയിലെ സഹോദരി സഭയായ ഷിക്കാഗോ എപ്പിസ്‌കോപ്പല്‍ സഭാദ്യക്ഷന്‍ റൈറ്റ്‌ റവ. ജെഫറി ലീ സമ്മേളനം ഉദ്‌ഘാടനം ചെയ്യും. ഭാരതത്തില്‍ നിന്നുമുള്ള വിവിധ സഭാദ്ധ്യക്ഷന്മാര്‍ സമ്മേളനത്തില്‍ ആശംസകള്‍ നേരും.

നോര്‍ത്ത്‌ അമേരിക്കന്‍ സി.എസ്‌.ഐ കൗണ്‍സിലിന്റെ ആദ്യത്തെ വൈസ്‌ പ്രസിഡന്റും, ഇപ്പോഴത്തെ മധ്യകേരള മഹായിടവക അദ്ധ്യക്ഷനുമായ അഭിവന്ദ്യ തോമസ്‌ കെ. ഉമ്മന്‍ തിരുമേനി സമ്മേളനത്തിലെ വിവിധ പരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കും.

സി.എസ്‌.ഐ ഡെപ്യൂട്ടി മോഡറേറ്റര്‍ റൈറ്റ്‌ റവ. ജീ ദേവകടാക്ഷം, ദക്ഷിണേന്ത്യാ സഭാ ഈസ്റ്റ്‌ കേരള അദ്ധ്യക്ഷന്‍ റൈറ്റ്‌ റവ. കെ.ജി. ദാനിയേല്‍ തുടങ്ങി ദക്ഷിണേന്ത്യാ സഭയില്‍നിന്നുമുള്ള വിവിധ സഭാ മേലദ്ധ്യക്ഷന്മാര്‍ സമ്മേളനത്തില്‍ എത്തിച്ചേരും.

നോര്‍ത്ത്‌ അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളിലുള്ള സി.എസ്‌.ഐ കോണ്‍ഗ്രിഗേഷനില്‍ നിന്നും ബ. വൈദീകരുടെ നേതൃത്വത്തില്‍ പ്രാര്‍ത്ഥനയോടുകൂടി ഭക്തജനങ്ങള്‍ വന്നു സംബന്ധിക്കും.

സി.എസ്‌.ഐ മോഡറേറ്ററുടെ നേതൃത്വത്തില്‍ നടക്കുന്ന വൈദീക സമ്മേളനത്തില്‍ മദ്ധ്യകേരള മഹായിടവകയില്‍ നിന്നും, സി.എസ്‌.ഐ സഭയുടെ മറ്റ്‌ മഹായിടവകകളില്‍ നിന്നും, നോര്‍ത്ത്‌ അമേരിക്കയുടെ വിവിധ ഭാഗങ്ങളിലെ ഇടവകകളില്‍ നേതൃത്വം നല്‍കുന്ന വൈദീകരും, വന്നുചേരുന്ന മറ്റ്‌ എല്ലാ വൈദീകരും, ബിഷപ്പുമാരും പങ്കെടുക്കും.

ഈവര്‍ഷത്തെ സമ്മേളനത്തിന്റെ ചിന്താവിഷയം `Proclaim The Year of the Lord' എന്ന വിഷയത്തെ ആസ്‌പദമാക്കിയുള്ള ചര്‍ച്ചകള്‍ക്ക്‌ ഡോ. ജോര്‍ജ്‌ ചെറിയാന്‍, ഡോ. വസന്തറാവു എന്നിവര്‍ നേതൃത്വം നല്‍കും.

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രത്യേകം യോഗങ്ങളും ക്രമീകരിച്ചിട്ടുണ്ട്‌. നോര്‍ത്ത്‌ അമേരിക്കന്‍ സി.എസ്‌.ഐ സഭയുടെ ചരിത്രത്തിന്‌ സാക്ഷ്യംവഹിക്കുന്ന ഈവര്‍ഷത്തെ ജൂബിലി കോണ്‍ഫറന്‍സിന്‌ വിപുലമായ ഒരുക്കങ്ങളാണ്‌ ചെയ്‌തിരിക്കുന്നത്‌.

ജൂബിലി നഗറില്‍ വെച്ച്‌ ജൂലൈ മൂന്നിന്‌ വിവിധ സഭകളുടെ നേതൃത്വത്തില്‍ ക്രമീകരിച്ചിരിക്കുന്ന ഭക്തിനിര്‍ഭരമായ സംയുക്ത ആരാധനയോടുകൂടി ഈവര്‍ഷത്തെ കോണ്‍ഫറന്‍സിന്‌ തിരശ്ശീല വീഴും.

കോണ്‍ഫറന്‍സിനോടനുബന്ധിച്ച്‌, ചരിത്രമുഹൂര്‍ത്തംകുറിക്കുന്ന സംഭവങ്ങള്‍ ഉള്‍ക്കൊള്ളുന്ന സുവനീറും പ്രസിദ്ധീകരിക്കുന്നതാണ്‌.

ഇരുപത്തിയഞ്ച്‌ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ ഷിക്കാഗോയില്‍ തുടക്കംകുറിച്ച സി.എസ്‌.ഐ ഫാമലി ആന്‍ഡ്‌ യൂത്ത്‌ കോണ്‍ഫറന്‍സ്‌ വ്യത്യസ്‌ത പരിപാടികളോടുകൂടി നോര്‍ത്ത്‌ അമേരിക്കയിലെ വിവിധ പട്ടണങ്ങളില്‍ വെച്ച്‌ മുടക്കമില്ലാതെ എല്ലാവര്‍ഷവും നടത്തപ്പെട്ടുവരുന്നു.

നോര്‍ത്ത്‌ അമേരിക്കയിലുള്ള സി.എസ്‌.ഐ കുടുംബങ്ങള്‍ക്ക്‌, സി.എസ്‌.ഐ കുടുംബസംഗമം ആത്മീയവും സാംസ്‌കാരികവുമായുള്ള ഉണര്‍വും ഉത്തേജനവും പകര്‍ന്നുനല്‍കിവരുന്നു എന്നതില്‍ സംശയമില്ല.

ഉദ്ദേശം അഞ്ഞൂറില്‍പ്പരം അംഗങ്ങള്‍ക്കുള്ള ക്രമീകരണങ്ങളാണ്‌ ഈവര്‍ഷം ക്രമീകരിച്ചിരിക്കുന്നത്‌. ജൂബിലി പ്രമാണിച്ച്‌ വിവിധയിനം പ്രത്യേക പരിപാടികളും പ്രാര്‍ത്ഥനാ യോഗങ്ങളും ഈവര്‍ഷത്തെ കോണ്‍ഫറന്‍സില്‍ പ്രത്യേകമായി ക്രമീകരിച്ചിട്ടുണ്ട്‌.

കോണ്‍ഫറന്‍സിനേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കും ചരിത്രമുഹൂര്‍ത്തംകുറിക്കുന്ന സി.എസ്‌.ഐ ജൂബിലി സുവനീറില്‍ കോംപ്ലിമെന്റ്‌ നല്‍കുവാനും താഴെപ്പറയുന്നവരുമായി ബന്ധപ്പെടുക.

റവ. പ്രിന്‍സ്‌ വേദമാണിക്യം (773 746 3318), റവ. ജോസഫ്‌ സാമുവേല്‍ (847 376 8795), റ്റോണി ഫിലിപ്പ്‌ (630 833 2595), സാം തോമസ്‌ (630 935 7355), സത്യദാസ്‌ ക്രിസ്‌തുദാസ്‌ (847 674 0316), സാം ജോണ്‍സണ്‍ (708 651 2346). വെബ്‌സൈറ്റ്‌: csiconfrencesouvenir2011@gmail.com
സി.എസ്‌.ഐ ജൂബിലി കോണ്‍ഫറന്‍സ്‌: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക