Image

ഏഴ് ഡോളറിനുവേണ്ടി കൊലനടത്തിയ പ്രതിയുടെ വധശിക്ഷ ഇന്ന് ടെക്‌സസ്സില്‍ നടപ്പാക്കി.

പി.പി.ചെറിയാന്‍ Published on 02 June, 2011
ഏഴ് ഡോളറിനുവേണ്ടി കൊലനടത്തിയ പ്രതിയുടെ വധശിക്ഷ ഇന്ന് ടെക്‌സസ്സില്‍ നടപ്പാക്കി.
ഹന്‍സ്‌വില്ല(ടെക്‌സസ്സ്):-ഡാളസ് ഗ്രോസറി സ്റ്റോര്‍ സെക്യൂരിറ്റി ഗാര്‍ഡിനെ ഇരുപത്തിമൂന്ന് വര്‍ഷം മുന്‍പ് വെടിവെച്ച് കൊലപ്പെടുത്തിയ ഗെലാന്റ് ബ്രാഡ് ഫോര്‍ഡ് 42 വയസ്സ് എന്ന പ്രതിയുടെ വധശിക്ഷ ജൂണ്‍ 1 ന് വൈകീട്ട് ടെക്‌സസ്സില്‍ നടപ്പാക്കി. ഇതോടെ ഈ വര്‍ഷം ടെക്‌സസ്സില്‍ വധശിക്ഷ നടപ്പാക്കുന്നവരുടെ എണ്ണം നാലായി. 1988 ക്രിസ്തുമസ്സിന് നാലുദിവസങ്ങള്‍ക്കുശേഷം ബ്രയന്‍ വില്യംസ് എന്ന 29 കാരനെയാണ് പ്രതി വെടിവെച്ച് വീഴ്ത്തി കയ്യിലുണ്ടായിരുന്ന 7 ഡോളര്‍ കവര്‍ന്നത്. കൈ ഉയര്‍ത്താന്‍ ആവശ്യപ്പെട്ടതിനുശേഷം നിര്‍ദാക്ഷണ്യം നെഞ്ചിനുനേരെ വെടി ഉയര്‍ത്തുകയാണ് ചെയ്തത്. മറ്റൊരു കവര്‍ച്ച കേസ്സില്‍ 4 വര്‍ഷത്തെ ജയില്‍ ശിക്ഷയ്ക്ക് 1986 മുതല്‍ ജയിലിലായിരുന്ന പ്രതി 1988 ഏപ്രില്‍ പരോളില്‍ ഇറങ്ങി ഒരു ജോലിയില്‍ പ്രവേശിച്ചു രണ്ടുദിവസത്തിനു ശേഷമാണ് കൊലപാതകം നടത്തിയത്.

ചെറുപ്പം മുതല്‍ മദ്യത്തിനും മയക്കുമരുന്നിനും അടിമയായിരുന്നു പ്രതി. ഹൈസ്‌ക്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയിരുന്നില്ല. കൊലപാതകത്തിനു അഞ്ചു ദിവസങ്ങള്‍ക്ക് ശേഷം അറസ്റ്റ് ചെയ്യുമ്പോള്‍ നിരവധി മയക്കുമരുന്നുകളും, തോക്കും പ്രതിയില്‍ നിന്നും കണ്ടെടുത്തിരുന്നു. കടയില്‍ സ്ഥാപിച്ചിരുന്ന സെക്യൂരിറ്റി ക്യാമറയാണ് പ്രതിയെ പിടികൂടാന്‍ സഹായിച്ചത്.

മരിക്കുന്നതിനുള്ള മാരക വിഷം സിരകളിലൂടെ പ്രവഹിക്കുന്നതിന് മുമ്പ് കൂട്ടുകാരോടും, കുടുംബാംഗങ്ങളോടും നന്ദി രേഖപ്പെടുത്തുകയും “ഞാന്‍ ഇപ്പോള്‍ സമാധാനത്തോടെ പോകുന്നു” എന്ന് പ്രതികരിക്കുകയും ചെയ്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക