Image

ലോക്‌പാല്‍ ബില്‍: പ്രതിസന്ധിയില്‍

Published on 31 May, 2011
ലോക്‌പാല്‍ ബില്‍: പ്രതിസന്ധിയില്‍
ന്യൂഡല്‍ഹി: പ്രധാനമന്ത്രി, എം.പിമാര്‍ എന്നിവര്‍ അഴിമതി രഹിത ലോക്‌പാല്‍ ബില്ലില്‍ നിന്ന്‌ ഒഴിവാക്കി അന്വേഷണം നടത്താമെന്ന കേന്ദ്രസര്‍ക്കാരിന്റെ പിടവാശി ബില്‍ നടപ്പാക്കുന്നതില്‍ പ്രതിസന്ധി സൃഷ്‌ടിച്ചു. ഇന്നലെ ഡല്‍ഹിയില്‍ ചേര്‍ന്ന സമിതി യോഗത്തിലാണ്‌ അഴിമതിക്കെതിരായ നിയമനിര്‍മാണത്തില്‍ പൗരസമൂഹ പ്രതിനിധികളും കേന്ദ്ര സര്‍ക്കാറും തമ്മിലുള്ള ഭിന്നത മറനീക്കി പുറത്തുവന്നത്‌. സമിതി ചെയര്‍മാന്‍ പ്രണബ്‌ മുഖര്‍ജിയുടെ അധ്യക്ഷതയിലാണ്‌ യോഗം ചേര്‍ന്നത്‌.

മുഴുവന്‍ ഉദ്യോഗസ്ഥവൃന്ദത്തിന്റെയും അഴിമതി ലോക്‌പാലിന്റെ അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്ന്‌ പൗരസമൂഹ പ്രതിനിധികള്‍ ആവശ്യപ്പെട്ടപ്പോള്‍ ജോയിന്റ്‌ സെക്രട്ടറിക്ക്‌ മുകളിലുള്ള ഉദ്യോഗസ്ഥരെ മാത്രം പരിധിയില്‍പ്പെടുത്തിയാല്‍ മതിയെന്നാണ്‌ സര്‍ക്കാര്‍ പ്രതിനിധികള്‍ പറഞ്ഞു.
എം.പിമാര്‍ക്കെതിരായ അഴിമതി കേസുകളുടെ കാര്യത്തിലും സര്‍ക്കാര്‍ ഭിന്നമായ നിലപാട്‌ സ്വീകരിച്ചു. പാര്‍ലമെന്റിന്‌ പുറത്തെ എം.പിമാരുടെ അഴിമതി ലോക്‌പാലിന്‌ അന്വേഷിക്കാമെങ്കിലും പാര്‍ലമെന്റിനകത്തെ പ്രവര്‍ത്തനം അന്വേഷിക്കാനാവില്ലെന്നാണ്‌ സര്‍ക്കാര്‍ പ്രതിനിധികള്‍ വാദിച്ചത്‌.
പ്രതിരോധ രംഗത്തുള്ളവരെയും ചീഫ്‌ വിജിലന്‍സ്‌ കമീഷണറെയും സി.ബി.ഐയെയും അന്വേഷണ പരിധിയില്‍പ്പെടുത്തരുതെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഇവരെയൊക്കെ ഒഴിവാക്കിയാല്‍ പിന്നെ ആര്‍ക്കുവേണ്ടിയാണ്‌ നിയമനിര്‍മാണമെന്ന്‌ പൗരസമൂഹ പ്രതിനിധികള്‍ ചോദിച്ചു.

കേന്ദ്ര സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ച സമയപരിധിയായ ജൂണ്‍ 30നകം ലോക്‌പാല്‍ ബില്ലിന്റെ കരട്‌ തയാറാക്കാന്‍ കഴിയുമെന്ന്‌ ഇപ്പോള്‍ തനിക്ക്‌ തോന്നുന്നില്ലെന്ന്‌ അണ്ണാ ഹസാരെ പറഞ്ഞു. സമിതിയുടെ അടുത്ത യോഗം ജൂണ്‍ ആറിന്‌ ചേരും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക