Image

താരസമന്വയം: അംഗങ്ങള്‍ക്ക്‌ ന്യൂയോര്‍ക്കില്‍ സ്വീകരണം

ജോസ്‌ പിന്റോ സ്റ്റീഫന്‍ Published on 30 May, 2011
താരസമന്വയം: അംഗങ്ങള്‍ക്ക്‌ ന്യൂയോര്‍ക്കില്‍ സ്വീകരണം
ന്യൂയോര്‍ക്ക്‌: അമേരിക്കയിലുടനീളം പ്രേഷകരുടെ അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങി അരങ്ങേറിക്കൊണ്ടിരിക്കുന്ന `താരസമന്വയം' എന്ന സ്റ്റേജ്‌ഷോയുടെ ടീമംഗങ്ങള്‍ക്ക്‌ ന്യൂയോര്‍ക്കില്‍ സ്വീകരണം നല്‍കി. മൗണ്ട്‌ കിസ്‌കോ നഗരത്തില്‍ നൈറ്റ്‌സ്‌ ഓഫ്‌ കൊളംബസ്‌ ഹാളിലായിരുന്നു സ്വീകരണം ക്രമീകരിച്ചിരുന്നത്‌.

അമേരിക്കന്‍ മലയാളികള്‍ക്ക്‌ അഭിമാനമായി മാറിക്കൊണ്ടിരിക്കുന്ന സംഗീതജ്ഞന്‍ ഷാജി സുകുമാരനും, ഗണേഷ്‌ നായരും ചേര്‍ന്നാണ്‌ ഈ സ്വീകരണ ചടങ്ങ്‌ സംഘടിപ്പിച്ചത്‌. ഉടന്‍ പുറത്തിറങ്ങുന്ന `ഫീമെയില്‍ ഉണ്ണികൃഷ്‌ണന്‍' എന്ന മലയാള ചലച്ചിത്രത്തിലെ ഗാനരംഗങ്ങള്‍ക്ക്‌ ഈണം പകര്‍ന്നിരിക്കുന്നത്‌ ഷാജി സുകുമാരനാണ്‌. ഇതിനകംതന്നെ ഹിറ്റായി കഴിഞ്ഞ ആ ഗാനങ്ങളെ സദസ്യര്‍ക്ക്‌ പരിചയപ്പെടുത്താനും, ചിത്രത്തില്‍ പ്രധാന വേഷം ചെയ്‌തിരിക്കുന്ന സുരാജ്‌ വെഞ്ഞാറമൂടിനെ അഭിനന്ദിക്കാനും വേണ്ടിയാണ്‌ ചടങ്ങ്‌ സംഘടിപ്പിച്ചത്‌.

ഇരട്ടിമധുരം എന്നുപറഞ്ഞതുപോലെ ഓര്‍ക്കാപ്പുറത്താണ്‌ ആ വാര്‍ത്തയും പുറംലോകം അറിഞ്ഞത്‌. സുരാജ്‌ വെഞ്ഞാറമൂടിന്‌ മികച്ച ഹാസ്യനടനുള്ള അവാര്‍ഡ്‌ ലഭിച്ചു എന്ന വാര്‍ത്ത ചടങ്ങിന്‌ കൂടുതല്‍ മോടി ഉണ്ടാക്കി. കേക്ക്‌ മുറിച്ച്‌ വിതരണം ചെയ്‌തുകൊണ്ട്‌ സുരാജ്‌ വെഞ്ഞാറമൂട്‌ തന്റെ സന്തോഷം പങ്കുവെച്ചു. ഏറെ വ്യത്യസ്‌തത പുലര്‍ത്തുന്ന വേഷം അവതരിപ്പിക്കുന്ന തന്റെ ഈ പ്രത്യേക ചിത്രമായ `ഫീമെയില്‍ ഉണ്ണികൃഷ്‌ണന്‍' കാണാന്‍ മറക്കരുത്‌ എന്ന്‌ അദ്ദേഹം സദസ്യരോട്‌ അഭ്യര്‍ത്ഥിച്ചു.

കെ.കെ. ജോണ്‍സണ്‍ മാസ്റ്റര്‍ ഓഫ്‌ സെറിമണിയായിരുന്നു. ഗണേഷ്‌ നായര്‍ വിശിഷ്‌ടാതിഥികളെ പരിചയപ്പെടുത്തുകയും ഏവര്‍ക്കും സ്വാഗതം ആശംസിക്കുകയും ചെയ്‌തു.

സുരാജ്‌ വെഞ്ഞാറമൂടിനോടൊപ്പം വിധു പ്രതാപും മറ്റ്‌ താരങ്ങളും സ്വീകരണ ചടങ്ങില്‍ പങ്കെടുത്തു. പോള്‍ കറുകപ്പള്ളി (ഫൊക്കാന), ജോസ്‌ പിന്റോ സ്റ്റീഫന്‍ (മീഡിയ), ഷീലാ ചെറു (ഫൊക്കാന), പ്രീതാ നമ്പ്യാര്‍ (ഫൊക്കാന), ജോസ്‌ ചാരുംമൂട്‌ (ഫോമാ), ഷാജി ജോസഫ്‌, ഗുരു ദിലീപ്‌ജി (വേള്‍ഡ്‌ യോഗാ കമ്യൂണിറ്റി), ജോണ്‍ ഐസക്‌ (ഫൊക്കാന) എന്നിവര്‍ സ്വീകരണ ചടങ്ങില്‍ പങ്കെടുത്തു.

`താരസമന്വയം' എന്ന സ്റ്റേജ്‌ഷോ കാണാന്‍ എല്ലാവരും എത്തണമെന്ന്‌ സുരാജ്‌ വെഞ്ഞാറമൂട്‌ അഭ്യര്‍ത്ഥിച്ചു. തമാശരൂപേണ ഈ സ്റ്റേജ്‌ഷോയെക്കുറിച്ച്‌ സുരാജ്‌ ഇങ്ങനെ പറഞ്ഞു: `ഈ ഷോ കാണാതിരുന്നാല്‍ പത്ത്‌ ദിവസം ഭക്ഷണം കഴിക്കാതിരിക്കുന്നതിന്റെ നഷ്‌ടബോധം നിങ്ങള്‍ക്ക്‌ അനുഭവപ്പെടും.'
താരസമന്വയം: അംഗങ്ങള്‍ക്ക്‌ ന്യൂയോര്‍ക്കില്‍ സ്വീകരണം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക