Image

ലീഗിന്റെ പഞ്ചതന്ത്രത്തില്‍ കോണ്‍ഗ്രസ്‌ വീഴുമോ ?

ജി.കെ Published on 30 May, 2011
ലീഗിന്റെ പഞ്ചതന്ത്രത്തില്‍ കോണ്‍ഗ്രസ്‌ വീഴുമോ ?
സ്‌പീക്കര്‍, ഡെപ്യൂട്ടി സ്‌പീക്കര്‍, പാര്‍ലമെന്ററി കാര്യമന്ത്രി തെരഞ്ഞെടുപ്പെന്ന കുരുക്ഷേത്രത്തിലേക്ക്‌ യു.ഡി.എഫ്‌ വീണ്‌ടും പ്രവേശിക്കുകയാണ്‌. അഞ്ചു മന്ത്രിമാരെ പ്രഖ്യാപിച്ച്‌ ലീഗ്‌ ഒരുക്കിയ പഞ്ചതന്ത്രവും മൂന്ന്‌ മന്ത്രിസ്ഥാനമോ സ്‌പീക്കര്‍ സ്ഥാനമോ വേണമെന്ന മാണി സാറിന്റെ ഗൂഢ തന്ത്രവും അതിജീവിക്കാന്‍ ഉമ്മന്‍ ചാണ്‌ടിക്കും കോണ്‍ഗ്രസിനും കഴിയുമോ എന്നാണ്‌ രാഷ്‌ട്രീയകേരളം ഉറ്റുനോക്കുന്നത്‌. പ്രത്യേകിച്ചും കോണ്‍ഗ്രസിനുള്ളില്‍ നിന്ന്‌ വി.ഡി.സതീശന്റെയും ടി.എന്‍.പ്രതാപന്റെയും വിമതസ്വരവും തേറമ്പില്‍ രാമകൃഷ്‌ണന്റെ സ്‌പീക്കര്‍ മോഹവും വീണ്‌ടും ഉയര്‍ന്നു വന്ന സാഹചര്യത്തില്‍.

ഇടതുമുന്നണിയുടെ കൂടുവിട്ട്‌ ലീഗിലെത്തിയ മഞ്ഞളാംകുഴി അലിയ്‌ക്ക്‌ മന്ത്രി സ്ഥാനം നല്‍കുന്നതിനെച്ചൊല്ലിയും പി.സി.ജോര്‍ജിന്‌ സ്‌പീക്കര്‍ സ്ഥാനം നല്‍കുന്നതിനെച്ചൊല്ലിയുമാണ്‌ യു.ഡി.എഫിലെ പ്രധാനതര്‍ക്കം. നാലു മന്ത്രിമാരെന്ന ഫോര്‍മുലയില്‍ നിന്ന്‌ പെട്ടെന്ന്‌ വ്യതിചലിച്ച്‌ അഞ്ചുമന്ത്രിമാരെ പ്രഖ്യാപിച്ച ലീഗിന്റെ നടപടി കോണ്‍ഗ്രസിനെ ഞെട്ടിച്ചിരുന്നു. ഇതിന്‌ ലീഗ്‌ പറഞ്ഞ ന്യായം ആഭ്യന്തര പ്രശ്‌നങ്ങളാണ്‌. ഹൈദരലി ശിഹാബ്‌ തങ്ങള്‍ നേരിട്ട്‌ പ്രഖ്യാപിച്ച കാര്യം പിന്‍വലിക്കുന്നതിനെക്കുറിച്ച്‌ ആലോചിക്കാന്‍ പോലുമാകില്ലെന്നും ലീഗ്‌ വ്യക്തമാക്കിയിരുന്നു.

സത്യത്തില്‍ എം.കെ.മുനീറാണ്‌ കുഞ്ഞാലിക്കുട്ടി പറഞ്ഞ ലീഗിന്റെ ആഭ്യന്തര പ്രശ്‌നമെന്നതാണ്‌ വാസ്‌തവം. കോണ്‍ഗ്രസ്‌ നല്‍കുന്ന നാലു മന്ത്രിസ്ഥാനവും സ്വീകരിച്ച്‌ കാര്യങ്ങള്‍ ഒരു കരയ്‌ക്കടുപ്പിക്കാമെന്ന്‌ കുഞ്ഞാലിക്കുട്ടി കരുതിയിരിക്കെയാണ്‌ ലീഗിന്റെ അനിഷേധ്യ നേതാവായിരുന്ന സി.എച്ചിന്റെ പുത്രനെന്ന പരിഗണന നല്‍കി മുനീറിനും മന്ത്രിസ്ഥാനം നല്‍കണമെന്ന്‌ ലീഗിലെ ഒരു വിഭാഗം ആവശ്യപ്പെട്ടത്‌. ലീഗിന്റെ ആദ്യ മന്ത്രിപ്പട്ടികയില്‍ മുനീറിന്റെ പേരില്ലായിരുന്നു. ഇതോടെ മുനീറിന്‌ അപ്രധാനമെങ്കിലും എന്തെങ്കിലും വകുപ്പ്‌ കൊടുത്തില്ലെങ്കില്‍ പാര്‍ട്ടിയില്‍ ഇപ്പോഴുയര്‍ന്ന എതിര്‍ ശബ്‌ദത്തിന്‌ ഭാവിയില്‍ കനംവെച്ചേക്കുമെന്ന്‌ കുഞ്ഞാലിക്കുട്ടി തിരിച്ചറിഞ്ഞു.

മന്ത്രിസ്ഥാനം നല്‍കാമെന്ന്‌ പറഞ്ഞ്‌ മുനീറിനെ ഇന്ത്യാവിഷന്‍ ചെയര്‍മാന്‍ സ്ഥാനം രാജിവെപ്പിക്കുകയും ചെയ്‌തു. മന്ത്രിയാകാതെ ചാനല്‍ ചെയര്‍മാനായി പുറത്തു നില്‍ക്കുന്ന മുനീര്‍ തനിക്ക്‌ ഭീഷണിയാവുമെന്ന തിരച്ചറിവും കുഞ്ഞാലിക്കുട്ടിക്കുണ്‌ടായി. ഇതോടെ ആദ്യം മന്ത്രിസ്ഥാനം നല്‍കാമെന്ന്‌ പറഞ്ഞ മഞ്ഞളാംകുഴി അലിയെ വിളിച്ചുവരുത്തി ചോറില്ലെന്ന്‌ പറഞ്ഞ അവസ്ഥയിലായി ലീഗ്‌. ഇതാണ്‌ പ്രതിച്ഛായ നഷ്‌ടമായിട്ടാണെങ്കിലും അഞ്ചുമന്ത്രിമാരെ തന്നെ വേണമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കാന്‍ കുഞ്ഞാലിക്കുട്ടിയെയും കൂട്ടരെയും പ്രേരിപ്പിച്ചത്‌. അത്‌ ഹൈദരലി തങ്ങളെക്കൊണ്‌ടുതന്നെ പ്രഖ്യാപിച്ചാല്‍ പിന്നെ കോണ്‍ഗ്രസിന്‌ എതിര്‍ക്കാനാവില്ലെന്നും കുഞ്ഞാലിക്കുട്ടി കണക്കുക്കൂട്ടിയിരുന്നു.

എന്നാല്‍ എല്ലാ കണക്കുക്കൂട്ടലുകളെയും തകര്‍ക്കുന്ന മറ്റൊരാള്‍ അപ്പുറത്ത്‌ ഉണ്‌ടെന്ന കാര്യം കുഞ്ഞാലിക്കുട്ടി മറന്നുപോയി എന്നതാണ്‌ വാസ്‌തവം. പൂഞ്ഞാര്‍ പുലിയായ പി.സി.ജോര്‍ജാണ്‌ കുഞ്ഞാലിക്കുട്ടിയുടെ കണക്കുക്കൂട്ടല്‍ തെറ്റിച്ചത്‌. മന്ത്രിസ്ഥാനമില്ലെങ്കില്‍ സ്‌പീക്കര്‍ സ്ഥാനമെന്ന ആവശ്യവുമായി ജോര്‍ജ്‌ ഇപ്പോള്‍ നേരിട്ടാണ്‌ കാര്യങ്ങള്‍ മുന്നോട്ടു കൊണ്‌ടു പോകുന്നത്‌. ആദ്യം മൂന്ന്‌ മന്ത്രിസ്ഥാനത്തിനായി വാശിപടിച്ച്‌ കരഞ്ഞ മാണി സാറെ ഇപ്പോള്‍ ചിത്രത്തില്‍ കാണാനുമില്ല. ജോര്‍ജിന്‌ ഒരു പക്ഷെ ഒന്നും കിട്ടിയില്ലെങ്കില്‍ ഏറ്റവും സന്തോഷിക്കുന്നയാള്‍ കുഞ്ഞാലിക്കുട്ടിയായിരിക്കില്ല മാണി സാറായിരിക്കുമെന്ന്‌ തന്നെയാണ്‌ ഇത്‌ വ്യക്തമാക്കുന്നത്‌. തന്നെ ഡെപ്യൂട്ടി സ്‌പീക്കറാക്കുന്നത്‌ കൊല്ലുന്നതിന്‌ തുല്യമാണെന്ന്‌ ജോര്‍ജ്‌ വ്യക്തമാക്കുകയും ചെയ്‌തിട്ടുണ്‌ട്‌.

അഞ്ചാമതൊരു മന്ത്രിസ്ഥാനമെന്നത്‌ ജോര്‍ജിന്റെ കാര്യത്തിലായാലും അലിയുടെ കാര്യത്തിലായാലും ഒരിക്കലും അംഗീകരിക്കാന്‍ കോണ്‍ഗ്രസിനാവുകയുമില്ല. ഇപ്പോള്‍ തന്നെ ന്യൂനപക്ഷ കേന്ദ്രീകരണം അധികമാണെന്ന ആരോപണം നിലനില്‍ക്കെ ന്യൂനപക്ഷത്തില്‍ നിന്നുള്ള മറ്റൊരാളെ കൂടി മന്ത്രിസഭയിലുള്‍പ്പെടുത്തുന്ന കാര്യം ഉമ്മന്‍ ചാണ്‌ടിക്ക്‌ ആലോചിക്കാന്‍ പോലുമാവില്ല. സ്‌പീക്കര്‍ സ്ഥാനമാണെങ്കില്‍ ജി.കാര്‍ത്തികേയന്‌ നല്‍കാമെന്ന്‌ പറഞ്ഞ്‌ കൊതിപ്പിക്കുകയും ചെയ്‌തു. മന്ത്രിസ്ഥാനമോ നല്‍കിയില്ല. ഇനി നല്‍കാമെന്ന്‌ പറഞ്ഞ സ്‌പീക്കര്‍ സ്ഥാനവും നല്‍കിയില്ലെങ്കില്‍ കാര്‍ത്തികേയന്റെ പ്രതികരണം എന്തായിരിക്കുമെന്ന്‌ പറയാനും കഴിയില്ല.

വി.ഡി.സതീശനും, ടി.എന്‍.പ്രതാപനും, കെ.മുരളീധരനുമൊപ്പം കാര്‍ത്തികേയന്‍ കൂടി ചേര്‍ന്നാല്‍ അത്‌ താങ്ങാനുള്ള കരുത്ത്‌ ഉമ്മന്‍ ചാണ്‌ടി മന്ത്രിസഭയ്‌ക്കുണ്‌ടാവുമോ എന്ന്‌ കണ്‌ടറിയേണ്‌ടിയിരിക്കുന്നു. ചീഫ്‌ വിപ്പെന്ന ഇരയിട്ട്‌ ലീഗിനെ പിടിക്കാന്‍ ശ്രമിക്കുന്നുണ്‌ടെങ്കിലും കഴിഞ്ഞ എല്‍.ഡി.എഫ്‌ മന്ത്രിസഭയില്‍ മന്ത്രിയാകുമെന്ന്‌ പരക്കെ വിശ്വസിപ്പിയ്‌ക്കപ്പെട്ട അലി ഇത്തവണയും അത്‌ നിഷേധിക്കപ്പെട്ടാല്‍ എന്ത്‌ നിലപാട്‌ സ്വീകരിക്കുമെന്നതും ലീഗിനെയും കുഴക്കുന്നു.

ഇക്കാരണങ്ങളാല്‍ കൊണ്‌ടു തന്നെ തിങ്കളാഴ്‌ച നടക്കുന്ന യുഡിഎഫ്‌ യോഗം ഈ മൂന്ന്‌ സ്ഥാനങ്ങളിലേക്ക്‌ ആരെയൊക്ക നിശ്ചയിക്കുന്നു എന്നത്‌ ലീഗിനും കോണ്‍ഗ്രസിനും കേരളാ കോണ്‍ഗ്രസിനും ഒരുപോലെ നിര്‍ണായകമാണ്‌. കാരണം ആരു വന്നാലും മൂന്ന്‌ കക്ഷികളുടെയും ഉള്‍പ്പാര്‍ട്ടി ബലാബലത്തില്‍ അത്‌ വലിയ വ്യതിയാനങ്ങള്‍ സൃഷ്‌ടിക്കും. ഇത്തരമൊരു സാഹചര്യത്തില്‍ ഇലയ്‌ക്കും മുള്ളിനും കേടില്ലാതെ തര്‍ക്കം പരിഹരിക്കാന്‍ ഉമ്മന്‍ ചാണ്‌ടിക്കാവുമോ എന്നാണ്‌ രാഷ്‌ട്രീയ കേരളം ഉറ്റുനോക്കുന്നത്‌. ഈ യുദ്ധത്തില്‍ ജയിച്ചാല്‍ കേവലം രണ്‌ടു സീറ്റിന്റെ ഭൂരിപക്ഷത്തില്‍ ഭരിക്കുന്ന സര്‍ക്കാരിനെ നയിക്കാന്‍ താന്‍ തന്നെയാണ്‌ യോഗ്യനെന്ന്‌ ഉമ്മന്‍ ചാണ്‌ടിക്ക്‌ ഉറക്കെ വിളിച്ചുപറയാം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക