Image

എന്റെ പിഴ, എന്റെ പിഴ, നിന്റെ വലിയ പിഴ

Published on 25 May, 2011
എന്റെ പിഴ, എന്റെ പിഴ, നിന്റെ വലിയ പിഴ

ജെ.മാത്യൂസ്‌ (ചീഫ്‌ എഡിറ്റര്‍, ജനനി)
ആഗോളവ്യാപകമായ ഒരു പ്രതിഭാസമാണ്‌ ഇന്ന്‌ അഴിമതി. ജീവിതത്തിന്റെ എല്ലാ മേഖലകളിലും മുറുകിക്കഴിഞ്ഞു അതിന്റെ നീരാളിപ്പിടുത്തം. പിറന്ന്‌ വീഴുന്ന കുഞ്ഞിന്റെ ജനനസര്‍ട്ടിഫിക്കറ്റ്‌ മുതല്‍ രക്തസാക്ഷികളാകുന്ന ജവാന്മാരുടെ പേരില്‍ നല്‍കപ്പെടുന്ന പാര്‍പ്പിടം വരെ അഴിമതിയുടെ അഴുക്ക്‌ ചാലില്‍ മുങ്ങി നില്‍ക്കുന്നു.
പത്തുരൂപ കൈക്കൂലി വാങ്ങുന്ന എല്‍.ഡി ക്ലാര്‍ക്കിനെ കയ്യോടെ പിടിച്ച്‌ കഴുത്തില്‍ ചെരുപ്പുമാല കെട്ടിത്തൂക്കി, തെരുവിലൂടെ പരിഹാരപ്രദക്ഷിണം നടത്തിക്കുന്ന നാടാണ്‌ നമ്മുടേത്‌. പക്ഷേ, ലക്ഷങ്ങളും ലക്ഷം കോടികളും ദേശീയഖജനാവില്‍ നിന്ന്‌ ചോര്‍ത്തിയെടുത്ത്‌ വിദേശത്ത്‌ നിക്ഷേപിക്കുന്ന ഉന്നതന്മാരെ ഭാരതപൗരന്‍ കാണുന്നില്ല ! കാണേണ്ടവര്‍ കണ്ടാല്‍ തന്നെ കണ്ടില്ലെന്ന്‌ നടിക്കുന്നു. ഉന്നതന്മാരുടെ സഹായത്തിനും സംരക്ഷണത്തിനും ഭരണഘടനയുണ്ട്‌, ഭരണാധികാരികളുണ്ട്‌, ന്യായാധിപന്മാരുണ്ട്‌, പുറമേ, വാര്‍ത്തകള്‍ വില്‌ക്കുന്ന മാധ്യമങ്ങളുണ്ട്‌. ആദര്‍ശ്‌ ഫ്‌ളാറ്റ്‌ - 550 കോടി, കോമണ്‍ വെല്‍ത്ത്‌ 8500 കോടി, 2 ജി സ്‌പെക്ട്രം ഒരുലക്ഷത്തി എഴുപത്താറായിരം കോടി, ഭവനവായ്‌പ - 1100 കോറ്റി, സത്യം കമ്പ}ട്ടേഴ്‌സ്‌, ബോഫോഴ്‌സ്‌, ഹവാല, ഐ.പി.എല്‍, എസ്‌ ബാന്‍ഡ്‌ സ്‌പെക്ട്രം തുടങ്ങിയ പേരുകളും അവയോട്‌ ബന്ധപ്പെട്ടുവരുന്ന നീളം കൂടിയ സംഖ്യകളും സാധാരണ പൗരന്റെ സങ്കല്‌പത്തിനുപോലും പിടികിട്ടാത്തതാണ്‌. അവന്‍ ഇപ്പോഴും രോഷം കൊള്ളുന്നത്‌ എല്‍.ഡി ക്ലാര്‍ക്കിന്‌ കൈക്കൂലിയായി കൊടുത്ത `സ്വന്തം' പത്തുരൂപയുടെ നഷ്ടത്തിലാണ്‌! അഴിമതിപ്പുഴയിലൂടെ ഒഴുകിമാറുന്ന കോടികളും അവന്റേതുകൂടിയല്ലേ?
അര്‍ഹതയില്ലാത്തവര്‍ പലരും ഇന്ന്‌ അധികാരത്തില്‍ കടന്ന്‌ കൂടിയിട്ടുണ്ട്‌. അവര്‍ നടത്തുന്ന അഴിമതിയുടെ കിനാവള്ളി രാഷ്ട്രസമ്പത്ത്‌ വലിച്ച്‌ കുടിക്കുന്നു. ഭരണാധികാരികളെയും മാധ്യമങ്ങളെയും ന്യായാധിപന്മാരില്‍ ചിലരെയും സ്വാധീനിച്ച്‌, വരുതിക്ക്‌ നിര്‍ത്തി, നിര്‍ഭയം തുടരുന്ന ഈ കൊള്ള, രാജ്യസുരക്ഷയെപ്പോലും തകര്‍ക്കുന്ന അര്‍ബുദമായി വ്യാപിച്ച്‌ കഴിഞ്ഞു.
ഭരണം നേടാനും നിലനിര്‍ത്താനും രാഷ്ട്രീയകക്ഷികള്‍ കണ്ടെത്തുന്ന വഴിവിട്ട നടപടികള്‍ അഴിമതിക്കുള്ള മുഖ്യപ്രേരണകളില്‍ ഒന്നാണ്‌. 2009 ല്‍ നടന്ന ലോകസഭാതെരെഞ്ഞെടുപ്പില്‍ 10000 കോടി രൂപ സ്ഥാനാര്‍ത്ഥികള്‍ ചെലവഴിച്ചു എന്നാണ്‌ ഔദ്യോഗിക കണക്ക്‌. അടുത്തകാലത്ത്‌ കേന്ദ്രഭരണകൂടത്തിന്‌ വിശ്വാസവോട്ടില്‍ വിജയിക്കാന്‍ ആവശ്യമായ ഭൂരിപക്ഷം നേടുന്നതിന്‌ ചില എം.പി.മാരെ വിലക്കെടുക്കേണ്ടി വന്നു; അവര്‍ക്ക്‌ കൊടുക്കേണ്ടിവന്ന `ചാക്കുകൂലി' കോടികളാണ്‌ ! എവിടെ നിന്ന്‌ വരുന്നു കണക്കില്‍ പെടാത്ത ഈ പണം? ചില കമ്പനികള്‍ക്കും വ്യവസായികള്‍ക്കും സര്‍ക്കാര്‍ ബോധപൂര്‍വം അനുവദിച്ച്‌ കൊടുക്കുന്ന അനര്‍ഹമായ ആനുകൂല്യങ്ങള്‍ക്ക്‌ പ്രതിഫലമായി കിട്ടുന്ന കള്ളപ്പണത്തിന്റെ ഒരു ഭാഗം പാര്‍ട്ടി ഫണ്ടില്‍ ചെന്നെത്തുന്നു; ഭരണം പിടിക്കാനും നിലനിര്‍ത്തുവാനും ഈ തുക വഴിവിട്ട്‌ ചിലവഴിക്കപ്പെടുന്നു. ഈ ജനവഞ്ചനയുടെ പാപക്കറ പുരണ്ട കള്ളപ്പണം പല പാര്‍ട്ടികളുടെയും പണസഞ്ചിയിലുണ്ട്‌.
തെരെഞ്ഞെടുപ്പ്‌ ചിലവുകള്‍ക്ക്‌ നിയന്ത്രണമുണ്ട്‌. കൂറുമാറ്റത്തിന്‌ നിരോധന നിയമങ്ങളുണ്ട്‌. പക്ഷെ, പാലിക്കപ്പെടുന്നില്ല. നിയമലംഘനങ്ങള്‍ തടയേണ്ടവരും. ശിക്ഷിക്കേണ്ടവരും അഴിമതിയുടെ അടിമകളായാലോ? വേലിതന്നെ വിളവ്‌ തിന്നാലോ? ഫലം അരാജകത്വമാണ്‌. അതാണ്‌ ഇന്ന്‌ ഇന്ത്യയിലെ രാഷ്ട്രീയദുരവസ്ഥ. ജനക്ഷേമത്തിന്റെ ദിശാബോധം നഷ്ടപ്പെട്ട ഭാരതഭരണകൂടം, നിഷ്‌ക്രീയത്വത്തിന്റെ തളര്‍വാതം പിടിപെട്ട്‌, ആരോപണങ്ങളുടെ ശരശയ്യയില്‍ രക്തം വാര്‍ന്ന്‌ കിടക്കുന്നു. ചുറ്റും നില്‍ക്കുന്ന സ്‌തുതിപാഠകരുടെ കൈകളിലുമുണ്ട്‌ അഴിമതിക്കുഴമ്പിന്റെ വഴുവഴുപ്പ്‌.
ആദര്‍ശാധിഷ്‌ഠിത രാഷ്ട്രീയ നവോത്ഥാനത്തിന്‌ കാലം വൈകി. ഓരോ കക്ഷിയിലുമുള്ള ബഹുഭൂരിപക്ഷം പേരും രാഷ്ട്രീയത്തെക്കാള്‍ വലുതാണ്‌ രാഷ്ട്രം എന്ന തിരിച്ചറിവുള്ളവരാണ്‌. അവരാണ്‌ ഉണര്‍ന്ന്‌ പ്രവര്‍ത്തിക്കേണ്ടത്‌. എതിര്‍പാര്‍ട്ടിയിലെ കുറവുകള്‍ തേടി അലയുന്നതിന്‌ മുമ്പ്‌ സ്വന്തം പാര്‍ട്ടിയിലെ തെറ്റുകള്‍ തിരുത്തണം, തിരുത്തിക്കണം; സ്വന്തം കക്ഷിയെ ശുദ്ധീകരിക്കണം, സ്വന്തം കണ്ണിലെ കമ്പെടുത്തിട്ടുവേണം അന്യന്റെ കണ്ണിലെ കരട്‌ തപ്പാന്‍. അഴിമതി ആരോപണങ്ങള്‍ വസ്‌തുനിഷ്‌ഠമായി അന്വേഷിക്കപ്പെടണം. കക്ഷി രാഷ്ട്രീയത്തിന്റെ ഇടപെടല്‍ അന്വേഷണ നടപടികളെ വികലമാക്കരുത്‌. കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണം. സാമൂഹ്യപ്രതിബദ്ധത കൈവെടിഞ്ഞ്‌ ചില മാധ്യമങ്ങള്‍ കക്ഷിരാഷ്ട്രീയത്തില്‍ കക്ഷിചേരാറുണ്ട്‌. അവര്‍ ജനങ്ങളെ അജ്ഞതയിലേക്ക്‌ നയിക്കുന്ന ക്ഷണക്കത്തുകളാണ്‌.; ശരിക്ക്‌ പറഞ്ഞാല്‍ `ക്ഷണന' കത്തുകളാണ്‌. സര്‍ക്കാരിന്റെ സാമ്പത്തിക ഇടപാടുകള്‍ സുതാര്യമായിരിക്കണം. ആയുധക്കച്ചവടത്തിലായാലും, വിദേശ നിക്ഷേപത്തിലായാലും രാഷ്ട്രസമ്പത്ത്‌ കവര്‍ന്നെടുക്കുന്നവര്‍ ശിക്ഷിക്കപ്പെടണം. ആ പണം ഖജനാവില്‍ തന്നെ വന്ന്‌ ചേരണം.
ഇന്ത്യക്ക്‌ വേണ്ടത്‌ ജനാധിപത്യമാണ്‌., ധനാധിപത്യമല്ല, കുടുംബാധിത്യവുമല്ല. മക്കള്‍ രാഷ്ട്രീയവും കുടുംബാധിപത്യവും ഏതൊരു പാര്‍ട്ടിയെയും ജീര്‍ണിപ്പിക്കുകയേയുള്ളൂ. ആ ജിര്‍ണതയില്‍ ദുര്‍ബലപ്പെടുകയാണ്‌ ഇന്ന്‌ ഇന്ത്യന്‍ ഭരണകൂടം.
പൊതുപ്രവര്‍ത്തനരംഗത്ത്‌ പ്രബലപ്പെട്ടുവരുന്ന ഒരു ദുഷ്‌പ്രവണതയുണ്ട്‌: തെറ്റുകാര്‍ പരസ്‌പരം മാപ്പുകൊടുക്കുന്ന ഒരൊത്തുതീര്‍പ്പ്‌. `ഞങ്ങള്‍ തെറ്റുകാരാണെന്നാരോപിക്കാന്‍ നിങ്ങള്‍ക്കെന്താണര്‍ഹത? നിങ്ങളും തെറ്റുകാരാണ്‌. നിങ്ങളും ഞങ്ങളും തെറ്റുകാരായ സ്ഥിതിക്ക്‌ പരസ്‌പരം ശിക്ഷിക്കാന്‍ നമുക്ക്‌ അര്‍ഹതയില്ല'. ഈ ഒത്തുതീര്‍പ്പില്‍ `തെറ്റുകാര്‍' രക്ഷപെടുന്നു! തെറ്റുകള്‍ നിലനില്‍ക്കുന്നു! നിന്റെ പിഴ, എന്റെ പിഴ, നിന്റെ വലിയ പിഴ! (ജനനിയുടെ പുതിയ ലക്കത്തില്‍ ചീഫ്‌ എഡിറ്റര്‍ ജെ. മാത്യൂസ്‌ എഴുതിയ മുഖപ്രസംഗം)

എന്റെ പിഴ, എന്റെ പിഴ, നിന്റെ വലിയ പിഴ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക