Image

ഫൊക്കാന - ഫോമ ഐക്യം ഇനിയും അകലെ

Published on 25 May, 2011
ഫൊക്കാന - ഫോമ ഐക്യം ഇനിയും അകലെ

ഒരു കോപം കൊണ്ടങ്ങു പിളര്‍ന്നുവെങ്കിലും വീണ്ടും ഒന്നിക്കുവാന്‍ നോക്കുമ്പോള്‍ കടമ്പകളേറെ. എങ്കിലും ഫൊക്കാന - ഫോമ ഐക്യത്തിനുള്ള സാധ്യതകള്‍ ഇല്ലാതായിട്ടില്ല. മദ്ധ്യസ്ഥ ചര്‍ച്ചകളുമായെത്തിയ ദീപിക ഡല്‍ഹി ബ്യൂറോ ചീഫ് ജോര്‍ജ് കള്ളിവയലാകട്ടെ ചര്‍ച്ചകള്‍ തുടരുകയും ചെയ്യുന്നു.

രണ്ടു സംഘടനകളും ഒരുമിച്ച് ഉടനെ ഒരൊറ്റ സംഘടനയാകുമെന്ന് കരുതേണ്ടതില്ലെന്നാണ് ഇരു വിഭാഗത്തെയും നേതാക്കളുമായി ബന്ധപ്പെട്ടപ്പോള്‍ മനസിലായത്. അത്തരമൊരു ലക്ഷ്യം ഇല്ലായിരുന്നുവെന്ന് ജോര്‍ജ്ജും വിശദീകരിക്കുന്നു. ഐക്യത്തിനുള്ള വഴിയൊരുക്കുക എന്നതായിരുന്നു ലക്ഷ്യം. അതില്‍ ഏറെ പുരോഗതിയുണ്ട്.

രണ്ട് സംഘടനയിലെയും മഹാഭൂരിപക്ഷം പേരും ഐക്യം വേണമെന്ന് പറയുന്നവരാണ്. പക്ഷെ ഒരു ന്യൂനപക്ഷം ഇരു സംഘടനകളിലും വഴിമുടക്കികളായി നില്‍ക്കുന്നു. ഈഗോ പ്രശ്‌നം തന്നെ പ്രധാനം. പ്രധാന നേതാക്കളെല്ലാം തന്നെ ഐക്യം കാംക്ഷിക്കുന്നവരാണ്. പക്ഷെ പിന്നില്‍ നില്‍ക്കുന്ന ചിലര്‍ക്ക് ഇഷ്ടമല്ല. അംഗസംഘടനകള്‍ക്കും ഐക്യത്തോട് താത്പര്യം തന്നെ.

ഐക്യ നീക്കത്തിനായി ഫൊക്കാന ഏഴംഗ കമ്മറ്റിയേയും ഫോമ എട്ടംഗ കമ്മറ്റിയെയും നിയോഗിച്ചിരുന്നു. രണ്ടു കമ്മറ്റികളും ഹൂസ്റ്റണില്‍ ഞായറാഴ്ച സംയുക്ത യോഗം ചേരാന്‍ നീക്കം നടന്നിരുന്നുവെങ്കിലും അതു ഫലപ്രദമായില്ല. ഹൂസ്റ്റണ്‍ വേദിയായത് ചിലര്‍ക്ക് രുചിച്ചില്ല. എന്തായാലും പ്രധാന നേതാക്കള്‍ തമ്മില്‍ കാണുന്നുണ്ട്.

ഇത്തരം ചെറിയ തര്‍ക്കങ്ങളാണ് ഇപ്പോള്‍ ഐക്യത്തിന് തടസം. പ്രധാന കാര്യങ്ങളെപ്പറ്റി പൊതുവില്‍ ഭിന്നതകള്‍ കുറവ്.

എന്തായാലും അടുത്ത വര്‍ഷം കണ്‍വന്‍ഷന്‍ നടക്കുമെന്ന് ഉറപ്പിക്കാമെന്നതാണ് ഇപ്പോഴത്തെ സ്ഥിതി. പക്ഷെ കണ്‍വന്‍ഷന്‍ തീയതി അന്മൊന്ന് മാറ്റാന്‍ സാധ്യതയുണ്ട്. അതുവഴി രണ്ടിടത്തും പോകാന്‍ താല്പര്യമുള്ളവര്‍ക്ക് അതിന് അവസരം കിട്ടും.

കണ്‍വന്‍ഷന് മുമ്പ് ഐക്യം ഉണ്ടാവണമെന്നാണ് ജോര്‍ജിന്റെ അഭിപ്രായവും ആഗ്രഹവും. 2014 ലെ കണ്‍വന്‍ഷനിലേക്ക് ഒരൊറ്റ സംഘടന എന്ന സ്ഥിതി അതുവഴി കൈവരിക്കാനാകും.

പേരിനെച്ചൊല്ലിയും ഇപ്പോള്‍ തര്‍ക്കങ്ങളുണ്ട്. എങ്കിലും അതിന് യോജിച്ച പരിഹാരം കാണാനാവുമെന്നു തന്നെ കരുതപ്പെടുന്നു.

ഐക്യത്തെപ്പറ്റിയും ഭിന്നതയെപ്പറ്റിയുമൊക്കെ സാധാരണ മലയാളി നിസംഗനാണെന്നതാണ് മറ്റൊരു വസ്തുത. ഈ മലയാളിയുടെ ചര്‍ച്ചാ വേദി 'പാര' നോക്കിയാല്‍ തന്നെ അതു മനസിലാകും. മുമ്പൊക്കെ പ്രതികരിക്കാന്‍ നിരവധിപേര്‍ മുമ്പോട്ട് വന്നപ്പോള്‍ ഐക്യനീക്കത്തെ പറ്റി പ്രതികരിക്കാന്‍ വന്നത് വിരലിലെണ്ണാവുന്നവര്‍ മാത്രം.

എന്തായാലും ഉടന്‍ ഐക്യം ഉണ്ടായില്ലെങ്കില്‍ കൂടി ഇരു സംഘടനകളും യോജിച്ച് പ്രവര്‍ത്തിക്കുവാനും പരസ്പരം വിമര്‍ശിക്കുന്നത് ഒഴിവാക്കാനും തീരുമാനിച്ചിരിക്കുന്നത് സ്വാഗതാര്‍ഹമാണ്.

 

ഐക്യം: ഫോമ എട്ടംഗ സമിതിയെ നിയോഗിച്ചു
ന്യൂയോര്‍ക്ക്: ഫൊക്കാനയുമായുള്ള ഐക്യസാധ്യത ആരായന്‍ ഫോമ എട്ടംഗ സമിതിയെ നിയോഗിച്ചു. മുന്‍ പ്രസിഡന്റ് ജോണ്‍ ടൈറ്റസ് ചെയര്‍മാനായ കമ്മിറ്റിയില്‍ മുന്‍ പ്രസിഡന്റ് ശശിധരന്‍ നായര്‍, അഡൈ്വസറി ബോര്‍ഡ് ചെയര്‍ രാജു വര്‍ഗീസ്, ജോയി വാച്ചാച്ചിറ, ജൂഡീഷ്യല്‍ കമ്മിറ്റി ചെയര്‍മാന്‍ തോമസ് കോശി എന്നിവര്‍ക്കുപുറമെ പ്രസിഡന്റ് ബേബി ഊരാളില്‍, സെക്രട്ടറി ബിനോയി തോമസ്, ട്രഷറര്‍ ഷാജി എഡ്വേര്‍ഡ് എന്നിവര്‍ അംഗങ്ങളാണ്.
ഐക്യത്തിനായി ആരംഭിച്ച ചര്‍ച്ചകളുടെ പശ്ചാത്തലത്തില്‍ ഫൊക്കാന പുറപ്പെടുവിച്ച പത്രക്കുറിപ്പിനു പിന്നാലെയാണ് ഫോമ നേതാക്കളും ടെലിഫോണ്‍ കോണ്‍ഫറന്‍സ് നടത്തിയത്. ഐക്യസാധ്യതയെപ്പറ്റി പലരും സംശയങ്ങള്‍ പ്രകടിപ്പിച്ചുവെങ്കിലും ഇരു സംഘടനകളും തമ്മില്‍ മത്സരമോ വിരോധമോ ഉണ്ടാകേണ്ട ഒരു കാര്യവുമില്ലെന്നതില്‍ പൊതുവില്‍ ഏകാഭിപ്രായമായിരുന്നു. യോജിച്ചില്ലെങ്കില്‍ക്കൂടിയും പറ്റുന്ന രംഗങ്ങളിലൊക്കെ ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന ചിന്താഗതി ഉരുത്തിരിഞ്ഞിട്ടുണ്ട്.
ന്യൂജേഴ്‌സിയില്‍ പീസ്കാറ്റവേയില്‍ ബി.വി.ജെ.എസ് കമ്യൂണിക്കേഷന്‍സ് ആരംഭിച്ച മലയാളം ഐ.പി.ടി.വി ഉദ്ഘാടനത്തിലും തുടര്‍ന്ന് നടന്ന ഷോയിലും ഇരു വിഭാഗത്തിലേയും പ്രമുഖ നേതാക്കളെല്ലാംതന്നെ പങ്കെടുക്കുകയും സൗഹൃദം പുതുക്കുകയും ചെയ്തതും ശുഭോദര്‍ക്കമായി കണക്കാക്കപ്പെടുന്നു.
ഐക്യസാധ്യതയെപ്പറ്റിയുള്ള വാര്‍ത്ത പ്രസിദ്ധീകരിച്ചശേഷം പൊതുവെ ഐക്യംവേണമെന്ന അഭിപ്രായമാണ് സാധാരണ പ്രവര്‍ത്തകരില്‍ നിന്ന് ഉണ്ടാകുന്നതും. ഫൊക്കാന എന്ന പേര് നിലനിര്‍ത്തണമെന്നാണ് ഫൊക്കാനാ വിഭാഗത്തിന്റെ ആഗ്രഹം. എന്നാല്‍ ഫോമയും ഇതിനകംതന്നെ പേരെടുത്തുകഴിഞ്ഞുവെന്നും പഴയ പേര് സ്വീകരിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും കരുതുന്നവരുമുണ്ട്.
നിലവിലെ ഒരു സംഘടന അടുത്ത് കണ്‍വെന്‍ഷന്‍ നടത്തുകയും, മറ്റേ സംഘടന 2014-ല്‍ നടത്തുകയും ചെയ്യുകയെന്ന ചിന്താഗതിയുമുണ്ട്. അപ്പോള്‍ തത്കാലം ഇലക്ഷന്‍ നടത്തേണ്ടതില്ല. മാത്രമല്ല ഒരാള്‍ക്കും ഭാരവാഹിത്വം ഇല്ലാതാകുന്നുമില്ല. ഹൂസ്റ്റണ്‍ കണ്‍വെന്‍ഷന്‍ നടന്നിട്ട് അധികകാലമായിട്ടില്ലാത്തെ സഹാചര്യത്തില്‍ 2012-ലെ കണ്‍വെന്‍ഷന്‍ എന്തായാലും ഫോമയ്ക്കുതന്നെ ലഭിക്കണമെന്നതിലും ഫോമയില്‍ പലരും നിലപാട് എടുക്കുന്നു.
സാധാരണ മലയാളിയെ സംബന്ധിച്ചിടത്തോളം ഐക്യം ഉണ്ടായില്ലെങ്കിലും ശത്രുത അവസാനിക്കുന്നതില്‍ പൊതുവേ സന്തോഷമാണുള്ളത്. ഇനി സംഘടന രണ്ടായേ നില്‍ക്കൂ എങ്കില്‍ കണ്‍വെന്‍ഷന്‍ ഒന്നിടവിട്ട് (ആള്‍ട്ടര്‍നേറ്റീവ്) വര്‍ഷങ്ങളില്‍ നടത്തിയും പ്രശ്‌നം പരിഹരിക്കാമെന്നവര്‍ നിര്‍ദ്ദേശിക്കുന്നു.
എന്നാല്‍ ഭിന്നിപ്പുണ്ടാക്കിയ മുന്‍കാല നേതാക്കള്‍ ഇരു സംഘടനകളിലും ഇപ്പോഴും സജീവമായി നില്‍ക്കുന്ന സാഹചര്യത്തില്‍ ഐക്യത്തിന് സമയമായില്ല എന്ന് ചിന്തിക്കുന്നവരുമുണ്ട്. സംഘടന ഒന്നായാലും രണ്ടായാലും അമേരിക്കന്‍ മലയാളിക്ക് പ്രത്യേകിച്ച് ഒരു നേട്ടവുമില്ലെന്ന് കരുതുന്ന ദോഷൈദൃക്കുകളാണവര്‍. എന്തായാലും മഞ്ഞുരുകാനുള്ള സാധ്യതയെ മഹാഭൂരിപക്ഷവും സ്വാഗതം ചെയ്യുന്നു. മഞ്ഞുരുകുമ്പോഴുണ്ടാകുന്ന കുത്തൊഴുക്കില്‍ എന്തൊക്കെ ഒലിച്ചുപോകുമെന്നാണ് ഇനി കണ്ടറിയാനുള്ളത്.

 

വേനല്‍ക്കാലം അടുത്തപ്പോള്‍ അമേരിക്കയില്‍ മഞ്ഞുരുകുന്നു
അനിയന്‍ ജോര്‍ജ്‌ (മുന്‍ ഫൊക്കാന - ഫോമാ സെക്രട്ടറി)
പ്രമുഖ പത്രപ്രവര്‍ത്തകനും എന്റെ അടുത്ത സുഹൃത്തുമായ മൊയ്‌തീന്‍ പുത്തന്‍ചിറയുടെ `ഫൊക്കാനാ - ഫോമാ ലയത്തിന്‌ സാധ്യതയേറി' എന്ന റിപ്പോര്‍ട്ട്‌ വായിക്കാന്‍ ഇടയായി. 2006 ജൂലൈ മുതല്‍ 2008 ജൂണ്‍ വരെ ഫൊക്കാനാ സെക്രട്ടറിയായും, തുടര്‍ന്ന്‌ ഒരുമാസക്കാലം ഫോമാ സെക്രട്ടറിയായും പ്രവര്‍ത്തിക്കാന്‍ ഭാഗ്യം ലഭിച്ച എനിക്ക്‌ ലയന വാര്‍ത്ത കേട്ടപ്പോള്‍ അതിയായ സന്തോഷമാണുണ്ടായത്‌.
2008 ജൂലൈ മുതല്‍ ശശിധരന്‍ നായരുടേയും, അനിയന്‍ ജോര്‍ജിന്റേയും നേതൃത്വത്തില്‍ ശക്തമായ പ്രവര്‍ത്തനങ്ങള്‍ കാഴ്‌ചവെച്ച സംഘടന എന്തിനാണ്‌ പിളര്‍ന്നത്‌ എന്നും, ആര്‍ക്കുവേണ്ടിയാണ്‌ പിളര്‍ത്തിയത്‌ എന്നും ഇപ്പോഴും മനസ്സിലാവുന്നില്ല. 2006-ല്‍ ഫ്‌ളോറിഡയില്‍ വെച്ച്‌ നടന്ന ഇലക്ഷനില്‍ ശശിധരന്‍ നായരും, അനിയന്‍ ജോര്‍ജും നയിച്ച ടീമിനെ മൃഗീയമായ ഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കുകയുണ്ടായി. അന്ന്‌ ഇലക്ഷന്‍ നടത്തിയ എന്‍.ജി മാത്യുവും, ഡോ. അനിരുദ്ധനും, ടി.എസ്‌. ചാക്കോയും ഏകകണ്‌ഠമായി പ്രഖ്യാപിച്ച്‌, ദിവസങ്ങള്‍ക്കുശേഷം സാങ്കേതികത്വത്തിന്റെ പേരും പറഞ്ഞ്‌, വിധി സമ്പാദിച്ച്‌ പിളര്‍പ്പിനുള്ള കളം ഒരുക്കി.
ഫ്‌ളോറിഡാ കണ്‍വെന്‍ഷനില്‍ സംഘടനാ പ്രതിനിധികള്‍ 96-നെതിരേ 240 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ 2008-ലെ കണ്‍വെന്‍ഷന്‍ വേദിയായി ഹൂസ്റ്റണ്‍ നഗരത്തെ അംഗീകരിച്ചപ്പോള്‍, അതിന്‌ സമാന്തരമായി ഫിലാല്‍ഫിയയില്‍ കണ്‍വെന്‍ഷനുള്ള ഒരുക്കങ്ങള്‍ ഒരുകൂട്ടര്‍ ആരംഭിച്ചു. അമേരിക്കയിലാകമാനമുള്ള അമ്പതില്‍പ്പരം സംഘടനകളില്‍ 42-ഓളം സംഘടനകള്‍ ഫോമാ ഹൂസ്റ്റണ്‍ കണ്‍വെന്‍ഷനും, എട്ടില്‍പ്പരം സംഘടനകള്‍ ഫൊക്കാനാ ഫിലാഡല്‍ഫിയാ കണ്‍വെന്‍ഷനും പിന്തുണ പ്രഖ്യാപിച്ച്‌ അണിനിരന്നു. പിന്നീട്‌ 2010-ല്‍ ജോണ്‍ ടൈറ്റസിന്റേയും ജോണ്‍ സി. വഗീസിന്റേയും നേതൃത്വത്തില്‍ ലാസ്‌വേഗസില്‍ വെച്ച്‌ ഫോമാ കണ്‍വെന്‍ഷനും, പോള്‍ കറുകപ്പള്ളിയുടെ നേതൃത്വത്തില്‍ ന്യൂയോര്‍ക്കില്‍ വെച്ച്‌ ഫൊക്കാനാ കണ്‍വെന്‍ഷനും ഒരേ ദിവസങ്ങളില്‍ തന്നെ അരങ്ങേറി, അങ്ങനെ ഫോമയും ഫൊക്കാനയും രണ്ട്‌ സമാന്തര സംഘടനകളായി വഴിപിരിഞ്ഞു.
ഇതാ 2012-ല്‍ ബേബി ഊരാളിലിന്റേയും, ബിനോയി തോമസിന്റേയും നേതൃത്വത്തില്‍ ന്യൂയോര്‍ക്ക്‌ കണ്‍വെന്‍ഷനും, ജി.കെ. പിള്ളയുടെ നേതൃത്വത്തില്‍ ഹൂസ്റ്റണ്‍ കണ്‍വെന്‍ഷനുമുള്ള പ്രാരംഭ ഒരുക്കങ്ങള്‍ ആരംഭിച്ചു.
ഫോമയും ഫൊക്കാനയും അമേരിക്കന്‍ മലയാളികള്‍ക്കുവേണ്ടിയുള്ള സംഘടനകളാണ്‌. അല്ലാതെ കേരളത്തിലെ രാഷ്‌ട്രീയക്കാരെ പരിപോഷിപ്പിക്കുവാനുള്ള സംഘടനയല്ല. അമേരിക്കന്‍ മലയാളികള്‍ക്ക്‌ ഒട്ടേറെ പ്രശ്‌നങ്ങളുണ്ട്‌. മതസംഘടനകളും, പ്രാദേശിക സംഘടനകളും, രാഷ്‌ട്രീയ സംഘടനകളും അമേരിക്കയില്‍ ഓരോ ദിവസവും കൂണുപോലെ പൊട്ടിവിടരുമ്പോള്‍, എല്ലാ വിഭാഗങ്ങളേയും ഒന്നിച്ചുനിര്‍ത്തി, ഒരു കുടക്കീഴിലാക്കി അമേരിക്കന്‍ മലയാളികളുടെ പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരം കാണുവാനും, മറ്റ്‌ വിഭാഗങ്ങള്‍ക്ക്‌ മുന്നില്‍ ശക്തി തെളിയിക്കാനും ഒരു സംഘടന, ഒരേയൊരു സംഘടന ആവശ്യമാണ്‌. അത്‌ ഫോമയായാലും ഫൊക്കായായാലും. അമേരിക്കന്‍ മലയാളികളുടെ ഉയര്‍ച്ചയും വളര്‍ച്ചയും ആഗ്രഹിക്കുന്ന ഒരു വ്യക്തി എന്ന നിലയില്‍ ഫോമാ-ഫൊക്കാന ഐക്യത്തെ നൂറു ശതമാനവും സ്വാഗതംചെയ്യുന്നു.
ആത്മാര്‍ത്ഥമായ ഐക്യമാണ്‌ ആഗ്രഹിക്കുന്നതെങ്കില്‍, ഫോമയും ഫൊക്കാനയും സംയുക്തമായി ഒരു കമ്മിറ്റിയെ തെരഞ്ഞെടുത്ത്‌, അമേരിക്കയിലെ എല്ലാ അംഗസംഘടനകളുമായി കൂടിയാലോചിച്ച്‌ സ്വീകാര്യമായ `ഐക്യ ഫോര്‍മുല' കണ്ടെത്തണം. തീര്‍ച്ചയായും അമേരിക്കന്‍ മലയാളികളുടെ ഐക്യം എന്ന സ്വപ്‌നം സാക്ഷാത്‌കരിക്കുവാന്‍ എന്റെ എല്ലാവിധ സഹായസഹകരണങ്ങളും നേരുന്നു.
2011-ല്‍ ലോകത്തെമ്പാടും മാറ്റങ്ങളുടെ കാഹളം മുഴങ്ങുകയാണ്‌. അമേരിക്കയില്‍ മലയാളി സംഘടനകളിലും കാലഘട്ടത്തിന്റെ മാറ്റങ്ങള്‍ സംഭവിക്കട്ടെ.




 


ഫൊക്കാന - ഫോമ ഐക്യം ഇനിയും അകലെ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക