Image

തന്ത്രിക്കേസ്: ശോഭാജോണിനും അനിലിനും അറസ്റ്റ് വാറന്റ്‌

Published on 01 September, 2011
തന്ത്രിക്കേസ്: ശോഭാജോണിനും അനിലിനും  അറസ്റ്റ് വാറന്റ്‌
കൊച്ചി: തന്ത്രിക്കേസില്‍ ഒന്നാം പ്രതി ശോഭാജോണിനും മൂന്നാം പ്രതി അനിലിനും എതിരെ കോടതി അറസ്റ്റുവാറന്റ് പുറപ്പെടുവിച്ചു. കേസില്‍ രഹസ്യവിചാരണ നടത്തണമെന്നും പ്രോസിക്യൂഷന്‍ എറണാകുളം അസിസ്റ്റന്റ് സെഷന്‍സ് കോടതിയില്‍ ആവശ്യപ്പെട്ടു. ഒന്നാം പ്രതിയായ ശോഭാ ജോണ്‍ വാരാപ്പുഴ പീഡനക്കേസിലും പ്രതിയാണ്.

2006 സപ്തംബര്‍ ഒക്ടോബര്‍ മാസങ്ങളിലാണ് തന്ത്രി കേസ് നടന്നത്. ശബരിമല തന്ത്രിയായ കണ്ഠര് മോഹനരെ പ്രതികള്‍ ഭീഷണിപ്പെടുത്തി അദ്ദേഹത്തിന്റെ കൈയില്‍ നിന്ന് പണവും 30 പവന്‍ ആഭരണവും തട്ടിയെടുത്തുവെന്നാണ് കേസ്. പെണ്‍വാണിഭങ്ങളില്‍ ഇടനിലക്കാരിയായി പ്രവര്‍ത്തിച്ചിട്ടുള്ള ശോഭ ജോണ്‍ ആണ് തന്ത്രി കേസിലെ മുഖ്യ പ്രതി.

തന്ത്രിയെ പ്രതികള്‍ എറണാകുളം സൗത്തിലുള്ള ഫ്ലാറ്റില്‍ തടഞ്ഞുവെച്ച് നഗ്‌നനാക്കിയ ശേഷം മറ്റൊരു സ്ത്രീയുടെ കൂടെ നിര്‍ത്തി ഫോട്ടോകള്‍ എടുത്ത് 30 ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്നും പോലീസ് കേസുണ്ട്.കാസര്‍കോട് സ്വദേശിയായ ബച്ചുവാണ് ശോഭ ജോണിന്റെ മുഖ്യ കൂട്ടാളി. ടി.വി. സീരിയല്‍ നിര്‍മാതാവായ ബച്ചു പോലീസിന് കീഴടങ്ങുകയാണ് ചെയ്തത്. കേസില്‍ ആകെ പതിനൊന്ന് പ്രതികളുണ്ട്. മുഖ്യ സാക്ഷിയാണ് ശബരിമല തന്ത്രിയായ കണ്ഠര് മോഹനര്. എറണാകുളം സെന്‍ട്രല്‍ പോലീസാണ് കേസ് അന്വേഷിച്ചത്. പി.ജി. മനുവാണ് പ്രോസിക്യൂട്ടര്‍. ഒക്ടോബര്‍ 3ാം തീയതിയോടെ കേസിന്റെ വിചാരണ അവസാനിക്കും.

വരാപ്പുഴ പെണ്‍വാണിഭ കേസ് അന്വേഷിക്കുന്ന പോലീസ് ശോഭ ജോണിനെ പിടികൂടാന്‍ ശ്രമിച്ചപ്പോഴാണ് അവര്‍ ഒളിവിലാണെന്ന് അറിഞ്ഞത്. തന്ത്രി കേസില്‍ ജാമ്യം കിട്ടിയതിനെ തുടര്‍ന്ന് അവര്‍ താമസം തിരുവനന്തപുരത്തായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക