Image

ജോര്‍ജ്‌ എബ്രഹാമിന്റെ നേതൃത്വത്തില്‍ അമേരിക്കന്‍ മെഡിക്കല്‍ സംഘം കേരളത്തിലേക്ക്‌

ബിനോയി സെബാസ്റ്റ്യന്‍ Published on 01 September, 2011
ജോര്‍ജ്‌ എബ്രഹാമിന്റെ നേതൃത്വത്തില്‍ അമേരിക്കന്‍ മെഡിക്കല്‍ സംഘം കേരളത്തിലേക്ക്‌
ഹ്യൂസ്റ്റന്‍: ഐഎന്‍ഓസി ടെക്‌സസ്‌ റീജിയന്റെയും അമേരിക്കന്‍ നാഷണല്‍ വൈറസ്‌ ഡിസീസ്‌ കണ്‍ട്രോള്‍ ലാബോറട്ടറിയുടെയും സംയുക്താഭിമുഖ്യത്തില്‍ പ്രമൂഖ ജീവകാരുണ്യപ്രവര്‍ത്തകനായ ജോര്‍ജ്‌ എബ്രഹാമിന്റെ നേതൃത്വത്തില്‍ അമേരിക്കന്‍ മെഡിക്കല്‍ സംഘം കേരളത്തിലെത്തി ചിക്കന്‍ ഗുനിയ മുതല്‍ ജപ്പാന്‍ ജ്വരം വരെയുള്ള മാരകരോഗങ്ങള്‍ക്കു ഫലപ്രദമായ ചികില്‍സയും ഈ രോഗങ്ങള്‍ തടയുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങളും നല്‍കുവാന്‍ തീരുമാനിച്ചു. ഇതു സംബന്ധിച്ച്‌ യൂറ്റിഎംബി ഡയറക്‌ടര്‍ ഡോ. കോസിയാക്കുമായി ജോര്‍ജ്‌ എബ്രഹാം, രാജന്‍ കോശി, ഈശോ ജേക്കബ്‌ എന്നിവര്‍ ചര്‍ച്ച നടത്തി. സന്ദര്‍ശന തീയതി കേരള ആരോഗ്യ വകുപ്പു മന്ത്രി അടൂര്‍ പ്രകാശുമായുള്ള ചര്‍ച്ചകള്‍ക്കുശേഷം തീരുമാനിക്കുമെന്ന്‌ ജോര്‍ജ്‌ എബ്രഹാം പറഞ്ഞു.

യൂണിവേഴ്‌സിറ്റി ഓഫ്‌ ടെക്‌സസ്‌ ബ്രാഞ്ച്‌ വികസിപ്പിച്ചെടുത്ത പുതിയ വാക്‌സിന്‍ ചിക്കന്‍ ഗുനിയയ്‌ക്കു ഫലപ്രദമായ മരുന്നാണെന്ന്‌ തെളിഞ്ഞിട്ടുണ്ട്‌. ഇതോടൊപ്പം കെട്ടിക്കിടക്കുന്ന അഴുക്കു ചാലുകളിലും വയലുകളിലും മറ്റും പെറ്റുപെരുകി പകര്‍ച്ചവ്യാധികള്‍ക്കു കാരണമായിത്തീരുന്ന കൊതുകളെ നിര്‍മ്മാര്‍ജനം ചെയ്യുന്നതിനുള്ള വാക്‌സിനും കണ്ടെത്തിയിട്ടുണ്ട്‌. മനുഷ്യര്‍ക്കും മത്‌സ്യങ്ങള്‍ക്കും ഹാനികരമല്ലാത്ത ഈ വാക്‌സിന്‍ കൊതുകു മുട്ടയിട്ടു പെരുകുന്ന വെള്ളത്തില്‍ കലര്‍ത്തി അവയെ നശിപ്പിക്കുവാന്‍ കഴിയും.

പ്രമൂഖ ജീവകാരുണ്യപ്രവര്‍ത്തകനും ടെക്‌സസ്‌ റീജിയണ്‍ ഡയറക്‌ടറുമായ ജോര്‍ജ്‌ എബ്രഹാമിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ യൂഡിഎഫ്‌ സര്‍ക്കാരിന്റെ കാലത്ത്‌ അമേരിക്കയിലെ മെഡിക്കല്‍ സംഘങ്ങളുടെ സഹകരണത്തോടെ ഇരുപതു കോടിയിലധികം രൂപയുടെ മരുന്നുകളും മെഡിക്കല്‍ ഉപകരണങ്ങളും നിര്‍ധനര്‍ക്കു വേണ്ടിയുള്ള സൗജന്യചികില്‍സയുടെ ഭാഗമായി കോട്ടയം മന്ദിരം, ചെത്തിപ്പുഴ, മലപ്പുറം, കോഴഞ്ചേരി മുത്തുറ്റ്‌ എന്നിവിടങ്ങളിലെ ഹോസ്‌പിറ്റലുകള്‍ക്കു നല്‍കിയിട്ടുണ്ട്‌. ഇതോടൊപ്പം മുച്ചുണ്ടും മുച്ചിറിയുമുള്ള 1300 കുട്ടികള്‍ക്കു സൗജന്യ സര്‍ജറിയും നടത്തിക്കൊടുത്തിട്ടുണ്ട്‌. ജോര്‍ജ്‌ എബ്രഹാമിന്റെയും രാജന്‍ കോശിയുടെയും ശ്രമഫലമായാണ്‌ നഴ്‌സസിനു അമേരിക്കയില്‍ തൊഴില്‍ ലഭിക്കുന്നതിനുള്ള എന്‍ക്ലക്‌സ്‌ എക്‌സാമിനേഷന്‍ സെന്റര്‍ ആരംഭിക്കുവാന്‍ സാധിച്ചത്‌.
ജോര്‍ജ്‌ എബ്രഹാമിന്റെ നേതൃത്വത്തില്‍ അമേരിക്കന്‍ മെഡിക്കല്‍ സംഘം കേരളത്തിലേക്ക്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക