Image

ആല്‍ബനിയിലെ ഈദുല്‍ ഫിത്വര്‍ മന:ശ്ശുദ്ധിയുടെ സന്തോഷപ്പെരുന്നാളായി

മൊയ്‌തീന്‍ പുത്തന്‍ചിറ Published on 01 September, 2011
ആല്‍ബനിയിലെ ഈദുല്‍ ഫിത്വര്‍ മന:ശ്ശുദ്ധിയുടെ സന്തോഷപ്പെരുന്നാളായി
ആല്‍ബനി (ന്യൂയോര്‍ക്ക്‌): ന്യൂയോര്‍ക്ക്‌ സംസ്ഥാനത്തിന്റെ തലസ്ഥാന നഗരിയായ ആല്‍ബനിയിലെ ഇക്കൊല്ലത്തെ ഈദുല്‍ ഫിത്വര്‍ (ചെറിയ പെരുന്നാള്‍) മന:ശ്ശുദ്ധിയുടെ സന്തോഷപ്പെരുന്നാളായി.

ആഗസ്റ്റ്‌ 31 ബുധനാഴ്‌ച രാവിലെ 7:30 മുതല്‍ ആല്‍ബനിയുടെയും പരിസരപ്രദേശങ്ങളിലേയും മുസ്ലീം മതവിശ്വാസികള്‍ ഭക്തിയുടെ മന്ത്രോച്ചാരണവുമായി ആല്‍ബനി ശേഖര്‍ റോഡിലെ ആഫ്രിം ഇന്‍ഡോര്‍ സ്റ്റേഡിയത്തിലേക്ക്‌ ഒഴുകിയെത്തിയപ്പോള്‍ അവിടം തക്‌ബീര്‍ ധ്വനികൊണ്ട്‌ മുഖരിതമായി. ഒരു മാസം നീണ്ട വ്രതാനുഷ്‌ഠാനത്തിലൂടെ നേടിയ തീവ്ര പരിശീലനത്തിന്റെ ഊര്‍ജ്ജവും വ്രതശുദ്ധിയുടെ കരുത്തും ചോര്‍ന്നുപോകാതെ നിലനിര്‍ത്തുമെന്ന പ്രതിജ്ഞ വീണ്ടും പുതുക്കിയാണ്‌ വിശ്വാസി സമൂഹം കൂട്ടമായി സ്റ്റേഡിയത്തിലേക്ക്‌ പ്രവേശിച്ചത്‌. പുതുവസ്‌ത്രങ്ങളണിഞ്ഞ്‌ സുഗന്ധദ്രവ്യങ്ങള്‍ പൂശി ഉത്സാഹഭരിതരായി ഓടി നടന്ന കുട്ടികളെ നിയന്ത്രിക്കാന്‍ മാതാപിതാക്കള്‍ ഏറെ ബുദ്ധിമുട്ടി.

ആല്‍ബനിയിയിലെ വിവിധ മുസ്ലീം പള്ളികള്‍ സംയുക്തമായാണ്‌ ഇത്തവണ ഒരു സ്ഥലത്ത്‌ ഈദ്‌ ആഘോഷം സംഘടിപ്പിച്ചത്‌. സ്വദേശികളെക്കൂടാതെ, ഇന്ത്യ പാക്കിസ്ഥാന്‍ ബംഗ്ലാദേശ്‌ എന്നീ രാജ്യങ്ങളിലെ മുസ്ലീം മതവിശ്വാസികളും, വിവിധ അറബ്‌ രാജ്യങ്ങളിലുള്ളവരും ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരും പെരുന്നാള്‍ നമസ്‌കാരത്തില്‍ പങ്കെടുത്തു. സ്‌ത്രീപുരുഷഭേദമന്യേ  ആബാലവൃദ്ധം ജനങ്ങളും തക്‌ബീര്‍ ചൊല്ലി ഈദുല്‍ ഫിത്വറിനെ വരവേറ്റു. ഷെയ്‌ക്‌ മൊക്താര്‍ മഗ്‌റൗവിയുടെ നേതൃത്വത്തില്‍ കൃത്യം 8:30ന്‌ പെരുന്നാള്‍ നമസ്‌ക്കാരം തുടങ്ങി.

തിന്മകള്‍ക്ക്‌ അരങ്ങൊരുക്കുന്നവരുടെയും അണിയറയില്‍ അതിനുവേണ്ടി കരുക്കള്‍ നീക്കുന്നവരുടെയും കറുത്ത കരങ്ങളില്‍നിന്ന്‌ ലോകത്തെ മോചിപ്പിച്ചെടുത്ത്‌ നന്മേഛുക്കളുടെ തെളിഞ്ഞ കൈകളില്‍ ഏല്‌പിച്ചുകൊടുക്കേണ്ട ബാദ്ധ്യത ഓരോ മുസ്ലീം മതവിശ്വാസികള്‍ക്കുമുണ്ടെന്നും, ഇസ്ലാമിന്റെ മാനവിക സമീപനവും വിശാല മനസ്‌കതയും ഗ്രന്ഥങ്ങള്‍ക്കകത്ത്‌ തത്വങ്ങളായി അവശേഷിക്കുന്നതല്ലെന്നും ഇമാം ഷെയ്‌ക്‌ മൊക്താര്‍ ഖുത്തുബക്കു ശേഷം നല്‍കിയ ഈദ്‌ സന്ദേശത്തില്‍ ഉത്‌ബോധിപ്പിച്ചു.

ബന്ധങ്ങള്‍ ഭദ്രമാക്കാനും അറ്റുപോയവ വിളക്കിച്ചേര്‍ക്കാനുമുള്ള അസുലഭ മുഹൂര്‍ത്തം കൂടിയാണ്‌ പെരുന്നാള്‍ സുദിനമെന്നും, അടുത്തതും അകന്നതുമായ കുടുംബങ്ങളില്‍ സന്ദര്‍ശനം നടത്തിയും അവര്‍ക്ക്‌ വിരുന്നൊരുക്കിയും കുടുംബ ബന്ധങ്ങള്‍ അരക്കിട്ടുറപ്പിക്കാന്‍ ഈ സന്ദര്‍ഭം ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം ആഹ്വാനം ചെയ്‌തു.പൊതുസമൂഹത്തെ ഇക്കാര്യം ബോധ്യപ്പെടുത്താനുള്ള അവസരം കൂടിയാണ്‌ ഈദുല്‍ ഫിത്വര്‍ എന്ന്‌ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.പെരുന്നാള്‍ നമസ്‌ക്കാരം കഴിഞ്ഞ്‌ എല്ലാവരും പരസ്‌പരം ആശ്ലേഷിച്ച്‌ ആശംസകള്‍ കൈമാറി.
ആല്‍ബനിയിലെ ഈദുല്‍ ഫിത്വര്‍ മന:ശ്ശുദ്ധിയുടെ സന്തോഷപ്പെരുന്നാളായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക