Image

വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ ജര്‍മന്‍ പ്രോവിന്‍സ്‌ സ്വാതന്ത്ര്യസ്‌മരണ പുതുക്കി

ജോസ്‌ കുമ്പിളുവേലില്‍ Published on 31 August, 2011
വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ ജര്‍മന്‍ പ്രോവിന്‍സ്‌ സ്വാതന്ത്ര്യസ്‌മരണ പുതുക്കി
കൊളോണ്‍: വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ ജര്‍മന്‍ പ്രോവിന്‍സിന്റെ ആഭിമുഖ്യത്തില്‍ ഭാരതത്തിന്റെ അറുപത്തിയഞ്ചാം സ്വാതന്ത്ര്യദിനസ്‌മരണ പുതുക്കി. കൊളോണ്‍ മ്യൂള്‍ഹൈമിലെ തിരുഹൃദയ ദേവാലയ ഹാളില്‍ ഓഗസ്റ്റ്‌ 20 ശനിയാഴ്‌ച കൗണ്‍സില്‍ അംഗങ്ങളും സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളും ഒത്തുകൂടി സ്വാതന്ത്ര്യപുലരിയുടെ സ്‌നേഹസന്ദേശങ്ങള്‍ പങ്കുവെച്ചു.

ഡബ്ല്യുഎംസി ജര്‍മന്‍ പ്രോവിന്‍സ്‌ പ്രസിഡന്റ്‌ ജോസ്‌ കുമ്പിളുവേലില്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ പ്രോവിന്‍സ്‌ ചെയര്‍മാന്‍ രാജന്‍ മേമഠം സ്വാഗതം ആശംസിച്ചു. രാഷ്‌ട്രപതി പ്രതിഭാ പാട്ടീലിന്റെ സ്വാതന്ത്ര്യദിന സന്ദേശം പ്രോവിന്‍സ്‌ പ്രസിഡന്റ്‌ വായിച്ചു. ഡബ്ല്യുഎംസി ഗ്‌ളോബല്‍ വൈസ്‌ ചെയര്‍മാന്‍ ജോളി തടത്തില്‍, ഡബ്ല്യുഎംസി യൂറോപ്പ്‌ റീജിയന്‍ വൈസ്‌ പ്രസിഡന്റ്‌ തോമസ്‌ അറമ്പന്‍കുടി, ഡബ്ല്യുഎംസി ഫ്രാങ്ക്‌ഫര്‍ട്ട്‌ യൂണിറ്റ്‌ പ്രസിഡന്റ്‌ ജോര്‍ജ്‌ ചൂരപ്പൊയ്‌കയില്‍, എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

അഴിമതിക്കെതിരെ രാജ്യത്തെ ബഹുഭൂരിപക്ഷം ജനങ്ങളിലും അവബോധം സൃഷ്ടിക്കാന്‍ അന്നാ ഹസാരെയുടെ അഴിമതിവിരുദ്ധ പ്രകടനത്തിനു സാധിച്ചതായി യോഗം വിലയിരുത്തി. രാജ്യത്തു നിന്നും അഴിമതി തുടച്ചു നീക്കാന്‍ യുപിഎ സര്‍ക്കാര്‍ തന്റേടം കാണിയ്‌ക്കണമെന്നും യോഗം അഭ്യര്‍ത്ഥിച്ചു. രാജ്യത്തെ സമസ്‌ത മേഖലകളിലും സുതാര്യതയുടെ പരവതാനി വിരിയ്‌ക്കാന്‍ ഡോ.മന്‍മോഹന്‍സിംഗിന്റെ ഭരണത്തിന്‌ കഴിയട്ടെയെന്ന്‌ യോഗം ആശംസിച്ചു. പ്രോവിന്‍സ്‌ സെക്രട്ടറി മാത്യു ജോസഫ്‌ നന്ദി പറഞ്ഞു. ട്രഷറാര്‍ അബ്രഹാം കുമ്പിളുവേലില്‍, കമ്മറ്റിയംഗങ്ങളായ അച്ചാമ്മ അറമ്പന്‍കുടി, ചാക്കോ പുളിയ്‌ക്കല്‍, ജോസുകുട്ടി തൈക്കാട്ടുതറ, മേഴ്‌സി തടത്തില്‍ എന്നിവര്‍ കാര്യപരിപാടികള്‍ നിയന്ത്രിച്ചു.

മലയാളത്തിന്‌ ഹൃദയരാഗം സമ്മാനിച്ച അന്തരിച്ച പ്രശസ്‌ത സംഗീത സംവിധായകന്‍ ജോണ്‍സണ്‍ മാസ്റ്ററിന്റെ അകാല നിര്യാണത്തില്‍ യോഗം അനുശോചനം രേഖപ്പെടുത്തി. മാസ്റ്ററിന്റെ ആത്‌മശാന്തിയ്‌ക്കായി ഒരു മിനിറ്റ്‌ മൗനപ്രാര്‍ത്ഥന നടത്തി.
വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ ജര്‍മന്‍ പ്രോവിന്‍സ്‌ സ്വാതന്ത്ര്യസ്‌മരണ പുതുക്കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക