Image

യുഎഇയില്‍ 145 ഇന്ത്യന്‍ തടവുകാരെ മോചിപ്പിച്ചു

Published on 31 August, 2011
യുഎഇയില്‍ 145 ഇന്ത്യന്‍ തടവുകാരെ മോചിപ്പിച്ചു
ദുബായ്‌: റമസാനില്‍ യുഎഇയില്‍ 145 ഇന്ത്യന്‍ തടവുകാരെ മോചിപ്പിച്ചതായി ഇന്ത്യന്‍ കോണ്‍സുലേറ്റ്‌ വ്യക്‌തമാക്കി. ഇതില്‍ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ഷെയ്‌ഖ്‌ ഖലീഫ ബിന്‍ സായിദ്‌ അല്‍ നഹ്യാന്‍ മോചിപ്പിച്ച 13 പേരും വിവിധ എമിറേറ്റുകളിലെ ഭരണാധികാരികളുടെ കാരുണ്യത്താല്‍ മോചിതരായവരുമുണ്ട്‌. പരമ്പരാഗതമായി റമസാനില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തടവുകാരെ മോചിപ്പിക്കാറുണ്ട്‌.

പ്രസിഡന്റിന്റെ കാരുണ്യത്താല്‍ ഷാര്‍ജയില്‍ ആറു പേരും ഫുജൈറയില്‍ ഏഴു പേരുമാണ്‌ മോചിതരായത്‌. ശിക്ഷാ കാലാവധിയുടെ വലിയൊരു ഭാഗം കഴിഞ്ഞവരെയും ശിക്ഷാകാലത്ത്‌ നല്ല സ്വഭാവക്കാരാണെന്നു കണ്ടവരെയുമാണ്‌ മോചിപ്പിച്ചത്‌. മറ്റ്‌ എമിറേറ്റുകളില്‍ ദുബായില്‍ ആണ്‌ ഏറ്റവും കൂടുതല്‍ പേര്‍ മോചിപ്പിക്കപ്പെട്ടത്‌. 84 പേര്‍. ഷാര്‍ജയില്‍ നിന്ന്‌ 23, റാസല്‍ഖൈമയില്‍ നിന്ന്‌ 12, അജ്‌മാനില്‍ നിന്ന്‌ ഒമ്പത്‌, ഫുജൈറയില്‍ നിന്ന്‌ നാല്‌ എന്നിങ്ങനെയാണു മോചിപ്പിക്കപ്പെട്ടവരുടെ എണ്ണം.

നിലവില്‍ 1001 തടവുകാരാണ്‌ ദുബായിലും വടക്കന്‍ എമിറേറ്റുകളിലുമായി തടവില്‍ കഴിയുന്നത്‌. ദുബായില്‍ 567, ഷാര്‍ജയില്‍ 249, അജ്‌മാനില്‍ 95, റാസല്‍ഖൈമയില്‍ 52, ഫുജൈറയില്‍ 25, ഉമ്മുല്‍ഖുവൈനില്‍ 13 എന്നിങ്ങനെയാണ്‌ തടവിലുള്ള ഇന്ത്യക്കാരുടെ എണ്ണം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക