Image

കോട്ടയം അതിരൂപതാ ശതാബ്ദി: ക്‌നാനായ ഐക്യം വിളിച്ചോതി പതിനായിരങ്ങളുടെ റാലി

Published on 29 August, 2011
കോട്ടയം അതിരൂപതാ ശതാബ്ദി: ക്‌നാനായ ഐക്യം വിളിച്ചോതി പതിനായിരങ്ങളുടെ റാലി
കോട്ടയം: ക്‌നാനായ ഐക്യം വിളിച്ചോതി പതിനായിരങ്ങള്‍ പങ്കെടുത്ത കോട്ടയം അതിരൂപതാ ശതാബ്ദി സമാപന റാലി കോട്ടയം നഗരത്തെ അക്ഷരാര്‍ത്ഥത്തില്‍ നിശ്ചലമാക്കി. വിവിധ രാജ്യങ്ങളില്‍ നിന്നായി പതിനായിരക്കണക്കിനു ക്‌നാനായ കത്തോലിക്കര്‍ പങ്കുചേര്‍ന്ന വിശ്വാസപ്രഘോഷണറാലി ശതാബ്ദി ആഘോഷിക്കുന്ന കോട്ടയം അതിരൂപതയുടെ തിലകക്കുറിയായി.

ബസേലിയോസ്‌ കോളജ്‌ മൈതാനത്തു വിജയപുരം ബിഷപ്‌ ഡോ.സെബാസ്റ്റ്യന്‍ തെക്കത്തെച്ചേരിലാണ്‌ ഫ്‌ളാഗ്‌ ഓഫ്‌ ചെയ്‌തത്‌. റാലിയുടെ മുന്‍നിരയില്‍ ആര്‍ച്ച്‌ബിഷപ്‌ മാര്‍ മാത്യു മൂലക്കാട്ട്‌, ബിഷപ്‌ മാര്‍ ജോസഫ്‌ പണ്‌ടാരശേരില്‍, മിയാവ്‌ ബിഷപ്‌ മാര്‍ ജോര്‍ജ്‌ പള്ളിപ്പറമ്പില്‍ എന്നിവര്‍ അണിനിരന്നു.സെന്‍ട്രല്‍ ജംഗ്‌ഷന്‍, പിടി ചാക്കോ സ്‌ക്വയര്‍- ശാസ്‌ത്രി റോഡിലൂടെ ഒഴുകിനീങ്ങിയ പ തിനായിരങ്ങള്‍ ഇന്‍ഡോര്‍ സ്റ്റേഡിയം മൈതാനത്തു തയാറാക്കിയ സമ്മേളനസ്ഥലത്തു സംഗമിച്ചു.

ആഘോഷങ്ങളുടെ ഭാഗമായി രൂപതയുടെ സ്ഥാപനദിനമായ ഇന്ന്‌ ഉച്ചകഴിഞ്ഞു 2.30നു കോട്ടയം ക്രിസ്‌തുരാജ കത്തീഡ്രലില്‍ ശതാബ്‌ദി കൃതജ്ഞതാബലി അര്‍പ്പിക്കും.

സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്‌ബിഷപ്‌ മാര്‍ ജോര്‍ജ്‌ ആലഞ്ചേരിയുടെ മുഖ്യകാര്‍മികത്വത്തില്‍ അര്‍പ്പിക്കപ്പെടുന്ന സമൂഹബലിയില്‍ ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച്‌ബിഷപ്‌ ഡോ. സാല്‍വത്തോറെ പെനാക്കിയോ വചനസന്ദേശം നല്‌കും.

കോട്ടയം അതിരൂപതാധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട്‌, അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്ത മാര്‍ കുര്യാക്കോസ്‌ കുന്നശേരി, നാഗ്‌പൂര്‍ ആര്‍ച്ച്‌ബിഷപ്‌ ഡോ. ഏബ്രഹാം വിരുത്തക്കുളങ്ങര, മിയാവ്‌ ബിഷപ്‌ ഡോ. ജോര്‍ജ്‌ പള്ളിപ്പറമ്പില്‍, നിയുക്‌ത കോഹിമ ബിഷപ്‌ മോണ്‍.ജയിംസ്‌ ചരളേല്‍, ബിഷപ്‌ മാര്‍ ജോസഫ്‌ പണ്‌ടാരശേരില്‍, കത്തോലിക്കാസഭയിലെ മുപ്പതോളം മെത്രാന്മാര്‍, അതിരൂപതയിലെ വൈദികര്‍ എന്നിവര്‍ സഹകാര്‍മികരായി പങ്കെടുക്കും.
കോട്ടയം അതിരൂപതാ ശതാബ്ദി: ക്‌നാനായ ഐക്യം വിളിച്ചോതി പതിനായിരങ്ങളുടെ റാലി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക