Image

ആപ്പിളിന്റെ പുതിയ സി.ഇ.ഒ.യ്ക്ക് 10 ലക്ഷം ഓഹരി

Published on 27 August, 2011
ആപ്പിളിന്റെ പുതിയ സി.ഇ.ഒ.യ്ക്ക് 10 ലക്ഷം ഓഹരി
സാന്‍ഫ്രാന്‍സിസ്‌കോ: സ്റ്റീവ് ജോബ്‌സ് സ്ഥാനമൊഴിഞ്ഞതിനെത്തുടര്‍ന്ന് ആപ്പിള്‍ സിഇഒ ആയി ചുമതലയേറ്റ ടിം കുക്കിന് കമ്പനി 10 ലക്ഷം ഓഹരികള്‍ നല്‍കും. ഇപ്പോഴത്തെ വിലയനുസരിച്ച് ഇതിന്റെ മൊത്തം മൂല്യം 38.3 കോടി ഡോളറാണ്. അതായത് ഏതാണ്ട് 1,750 കോടി രൂപ.

10 ലക്ഷം ഓഹരികളും ഒറ്റയടിക്ക് ലഭിക്കില്ല. ഇതില്‍ പകുതി അടുത്ത അഞ്ച് വര്‍ഷം കൊണ്ടും ബാക്കി പകുതി അതിന് ശേഷവുമായിരിക്കും ലഭിക്കുക. അതായത് വരും വര്‍ഷങ്ങളിലും ആപ്പിളിനെ വളര്‍ച്ചയുടെ പാതയില്‍ നിലനിര്‍ത്തിയാല്‍ അദ്ദേഹത്തിന് ലഭിക്കുന്ന മൊത്തം ഓഹരിയുടെ മൂല്യം 1,750 കോടി രൂപയ്ക്കും മുകളില്‍ വരും. നിലവില്‍ 383.58 ഡോളറാണ് ആപ്പിള്‍ ഓഹരിക്ക്. വരും വര്‍ഷങ്ങളില്‍ ഇത് 500 ഡോളര്‍ കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സി.ഇ.ഒ. എന്ന നിലയിലുള്ള ഉത്തരവാദിത്തങ്ങളും കടമകളും പ്രതീക്ഷയ്‌ക്കൊത്ത് നിറവേറ്റാന്‍ സാധിക്കാത്ത അവസ്ഥയിലാണ് താന്‍ രാജിവെയ്ക്കുന്നതെന്ന് സ്റ്റീവ് രാജിക്കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. അപൂര്‍വ ഇനം ക്യാന്‍സര്‍ ബാധിതനായ സ്റ്റീവ് ജോബ്‌സ് കഴിഞ്ഞ ഏതാനും മാസങ്ങളായി മെഡിക്കല്‍ ലീവിലായിരുന്നു. ഈ അവസരത്തിലൊക്കെ ടിം കുക്കാണ് ആപ്പിളിനെ നയിച്ചത്.

അതിനിടെ, കമ്പനിയുടെ പ്രവര്‍ത്തനരീതികളില്‍ യാതൊരു മാറ്റവുമുണ്ടാവില്ലെന്ന് ജീവനക്കാര്‍ക്ക് അയച്ച ഇ-മെയില്‍ സന്ദേശത്തില്‍, സിഇഒ ആയി ചുമതലയേറ്റ ടിം കുക്ക് അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക