Image

വികാരി ജനറാളായി ഉയര്‍ത്തപ്പെട്ട ഫാ. ആന്റണി തുണ്ടത്തിലിന്‌ പ്രൗഢഗംഭീരമായ യാത്രയയപ്പ്‌

ജോയിച്ചന്‍ പുതുക്കുളം Published on 27 August, 2011
വികാരി ജനറാളായി ഉയര്‍ത്തപ്പെട്ട ഫാ. ആന്റണി തുണ്ടത്തിലിന്‌ പ്രൗഢഗംഭീരമായ യാത്രയയപ്പ്‌
ഷിക്കാഗോ: കഴിഞ്ഞ ഒരു ദശാബ്‌ദക്കാലമായി സീറോ മലബാര്‍ സഭയുടെതന്നെ അഭിമാനമായി വിരാജിക്കുന്ന ബെല്‍വുഡ്‌ മാര്‍ത്തോമാശ്ശീഹാ സീറോ മലബാര്‍ കത്തീഡ്രല്‍ ഇടവകയുടെ വികാരിയായി സ്‌തുത്യര്‍ഹമായ സേവനം അനുഷ്‌ഠിച്ചശേഷം, ഷിക്കാഗോ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ രൂപതയുടെ വികാരി ജനറാളായി സ്ഥലംമാറിപ്പോകുന്ന ഫാ. ആന്റണി തുണ്ടത്തിലിന്‌ ഇടവക സമൂഹം പ്രൗഢഗംഭീരവും സ്‌നേഹോഷ്‌മളവുമായ യാത്രയയപ്പ്‌ നല്‍കി.

ഓഗസ്റ്റ്‌ 20-ന്‌ ശനിയാഴ്‌ച വൈകിട്ട്‌ 6 മണിക്ക്‌ മോണ്‍സിഞ്ഞോര്‍ ഫാ. ആന്റണി തുണ്ടത്തിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ ആഘോഷമായ കൃതജ്ഞതാബലി അര്‍പ്പിക്കപ്പെട്ടു. ഫാ. ഇമ്മാനുവേല്‍ മടുക്കക്കുഴി, ഫാ. കുര്യാക്കോസ്‌ എന്നിവര്‍ സഹകാര്‍മികരായിരുന്നു.

ദേവാലയത്തിലെ തിരുകര്‍മ്മങ്ങള്‍ക്കുശേഷം കത്തീഡ്രല്‍ ഓഡിറ്റോറിയത്തില്‍ യാത്രയയപ്പ്‌ സമ്മേളനം നടത്തപ്പെട്ടു. താലപ്പൊലിയുടേയും ചെണ്ടമേളത്തിന്റേയും അകമ്പടിയോടുകൂടി വേദിയിലെത്തിയ ആന്റണി അച്ചനെ ട്രസ്റ്റിമാരുടേയും പാരീഷ്‌ കൗണ്‍സില്‍ അംഗങ്ങളുടേയും സാന്നിധ്യത്തില്‍ ട്രസ്റ്റി സിറിയക്‌ തട്ടാരേട്ട്‌ പൊന്നാട അണിയിച്ച്‌ ആദരിച്ചു.

തുടര്‍ന്ന്‌ നടന്ന അനുമോദന സമ്മേളനം സ്‌നേഹ ഹരിദാസിന്റെ പ്രാര്‍ത്ഥനാ ഗാനത്തോടെ ആരംഭിച്ചു. ട്രസ്റ്റി ജോമോന്‍ ചിറയില്‍ സ്വാഗത പ്രസംഗം നടത്തി. അസിസ്റ്റന്റ്‌ വികാരി ഫാ. ഇമ്മാനുവേല്‍ മടുക്കക്കുഴി മുഖ്യപഭാഷണം നടത്തി. തുടര്‍ന്ന്‌ വിവിധ അസോസിയേഷനുകളേയും പ്രസ്ഥാനങ്ങളേയും പ്രതിനിധീകരിച്ച്‌ തോമസ്‌ മൂലയില്‍ (സി.സി.ഡി), ചെറിയാന്‍ കിഴക്കേഭാഗം (ലിറ്റര്‍ജി), ടെസ്സി ആന്‍ഡ്രൂസ്‌ (മദേഴ്‌സ്‌ അസോസിയേഷന്‍), പോളി വാത്തിക്കുളം (കള്‍ച്ചറല്‍ അക്കാഡമി), ജോണ്‍ തെങ്ങുംമൂട്ടില്‍ (മലയാളം സ്‌കൂള്‍), കുഞ്ഞമ്മ വിജയന്‍ കടമപ്പുഴ (സെന്റ്‌ വിന്‍സെന്റ്‌ ഡി പോള്‍ സൊസൈറ്റി), കുഞ്ഞുമോന്‍ ഇല്ലിക്കല്‍ (ഗായകസംഘം), ജിബു ജോസഫ്‌ (എസ്‌.എം.വൈ.ഒ), ജില്‍സണ്‍ ജോര്‍ജ്‌ (സി.വൈ.എ) എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. പോള്‍ അഗസ്റ്റിന്‍, ജോണി വടക്കുംചേരി, റോയി തോമസ്‌ എന്നിവരും വിശ്വാസിസമൂഹത്തെ പ്രതിനിധീകരിച്ച്‌ ആശംസകള്‍ അര്‍പ്പിച്ചു.

ഫാ. ആന്റണി തുണ്ടത്തിലിന്റെ ജീവിതത്തേയും വ്യക്തിത്വത്തേയും ആധാരമാക്കി സീറോ മലബാര്‍ കത്തീഡ്രല്‍ ഇടവക നിര്‍മ്മിച്ച `നല്ല ഇടയന്‍' എന്ന ഡോക്യുമെന്ററിയും, സീറോ മലബാര്‍ യൂത്ത്‌ ഓര്‍ഗനൈസേഷന്‍ നിര്‍മ്മിച്ച `Walking with the Priest' എന്ന സ്ലൈഡ്‌ ഷോയും സമ്മേളനത്തിന്റെ മുഖ്യ ആകര്‍ഷണമായിരുന്നു. സമ്മേളനത്തോടനുബന്ധിച്ച്‌ വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.

തനിക്ക്‌ നല്‍കിയ സ്‌നേഹോഷ്‌മളമായ സ്വീകരണത്തിനും യാത്രയയപ്പിനും നന്ദി പറഞ്ഞുകൊണ്ട്‌ ഫാ. ആന്റണി തുണ്ടത്തില്‍ നടത്തിയ മറുപടി പ്രസംഗത്തില്‍ കഴിഞ്ഞ പത്തുവര്‍ഷക്കാലമായി തന്നോടൊത്ത്‌ ഇടവകയുടെ പുരോഗതിക്കുവേണ്ടി പ്രവര്‍ത്തിച്ച എല്ലാ ഇടവകാംഗങ്ങള്‍ക്കും, നാളിതുവരെ സേവനമനുഷ്‌ഠിച്ച എല്ലാ വൈദീകര്‍ക്കും, പ്രത്യേകിച്ച്‌ എല്ലാ മാര്‍ഗ്ഗനിര്‍ദേശങ്ങളും നല്‍കി നയിച്ച ബഹുമാനപ്പെട്ട ബിഷപ്പ്‌ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌ പിതാവിനും പ്രത്യേകം നന്ദി അറിയിച്ചു.

സമ്മേളനത്തില്‍ വെച്ച്‌ ഇടവക ജനങ്ങളുടെ ഉപഹാരം ട്രസ്റ്റി റോയി തച്ചിലും, ആശംസാഫലകം വക്കച്ചന്‍ പുതുക്കുളവും, ആന്‍ഡ്രൂസ്‌ തോമസും ചേര്‍ന്ന്‌ ആന്റണിയച്ചന്‌ നല്‍കി.

കള്‍ച്ചറല്‍ സ്‌കൂള്‍ ഡയറക്‌ടര്‍ ജോഷി കുഞ്ചെറിയാ ആയിരുന്നു തന്റെ സ്വതസിദ്ധമായ ശൈലിയില്‍ യോഗനടപടികള്‍ നിയന്ത്രിച്ച്‌ സമ്മേളനവും മറ്റു പരിപാടികളും വര്‍ണ്ണാഭമാക്കിയത്‌.

ട്രസ്റ്റിമാരായ റോയി തച്ചില്‍, ജോമോന്‍ ചിറയില്‍, സിറിയക്‌ തട്ടാരേട്ട്‌, ജിബു ജോസഫ്‌ എന്നിവരും, ആന്‍ഡ്രൂസ്‌ തോമസ്‌, പാരീഷ്‌ കൗണ്‍സില്‍ അംഗങ്ങളും ലിറ്റര്‍ജി കമ്മിറ്റിയംഗങ്ങള്‍, കത്തീഡ്രല്‍ ഗായകസംഘം, വിവിധ അസോസിയേഷന്‍ ഭാരവാഹികള്‍ എന്നിവര്‍ ചടങ്ങുകള്‍ക്ക്‌ നേതൃത്വം നല്‍കി.

ജിന്‍സണ്‍ (മരിയാ ഡിജിറ്റല്‍), ഫോട്ടോഗ്രാഫിയും, ബിജു സഖറിയാ ആന്‍ഡ്‌ സിബിള്‍ ബിജു എന്നിവര്‍ വീഡിയോഗ്രാഫിയും, ജിന്‍സ്‌, കുര്യച്ചന്‍ മംഗലപ്പള്ളി എന്നിവര്‍ ലൈറ്റ്‌ ആന്‍ഡ്‌ സൗണ്ടും കൈകാര്യം ചെയ്‌തു. ആയിരക്കണക്കിന്‌ വിശ്വാസികള്‍ പങ്കെടുത്ത വിഭവസമൃദ്ധമായ സ്‌നേഹവിരുന്നോടെ പരിപാടികള്‍ സമാപിച്ചു.
വികാരി ജനറാളായി ഉയര്‍ത്തപ്പെട്ട ഫാ. ആന്റണി തുണ്ടത്തിലിന്‌ പ്രൗഢഗംഭീരമായ യാത്രയയപ്പ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക