Image

ഇന്ത്യന്‍ സിനിമ ഹസാരെയ്‌ക്കൊപ്പം; മലയാളമോ ?

ജി.കെ Published on 26 August, 2011
ഇന്ത്യന്‍ സിനിമ ഹസാരെയ്‌ക്കൊപ്പം; മലയാളമോ ?
അഴിമതിക്കെതിരെ ജനലോക്‌പാല്‍ ബില്ല്‌ നടപ്പാക്കണമെന്നാവശ്യപ്പെട്ട്‌ അന്നാ ഹസാരെ നടത്തുന്ന നിരാഹാര സമരത്തിന്‌ പിന്തുണ അറിയിച്ച്‌ ഇന്ത്യന്‍ സിനിമാലോകം ഒന്നടങ്കം രംഗത്തുവരുമ്പോഴും മലയാള സിനിമയില്‍ മാത്രം ഒരു അടൂര്‍ സിനിമയുടെ നിശബ്‌ദതയാണ്‌. ബോളിവുഡില്‍ ഷാറൂഖ്‌ ഖാനും കോളിവുഡില്‍ സിംഗപ്പൂരിലെ ചികിത്സ കഴിഞ്ഞ്‌ വിശ്രമിക്കുന്ന സാക്ഷാല്‍ രജനീകാന്തും വരെ ഹസാരെയുടെ നിരാഹാരസമരത്തിന്‌ പിന്തുണ അറിയിച്ച്‌ വെള്ളിത്തിരയില്‍ തങ്ങള്‍ അവതരിപ്പിക്കുന്ന സര്‍വഗുണസമ്പന്നരായ നായക കഥാപാത്രങ്ങളുടെ യഥാര്‍ഥ പ്രതിരൂപങ്ങളാവുമ്പോള്‍ നമ്മുടെ സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിക്കും മോഹന്‍ ലാലിനും ഇതെന്തുപറ്റിയെന്നാണ്‌ ഏവരും ചോദിക്കുന്നത്‌.

മുമ്പ്‌ മാറാട്‌ കലാപകാലത്തും കാര്‍ഗില്‍ യുദ്ധസമയത്തുമെല്ലാം പൊതുവികാരത്തോട്‌ ചേര്‍ന്നു നില്‍ക്കാനും അതിന്‌ വേണ്‌ടി ശക്തമായ നിലപാടെടുക്കാനും മലയാള സിനിമാലോകം രംഗത്തുവന്നിരുന്നു. കഴിഞ്ഞ ദിവസം ഒരു ദിവസം മുഴുവന്‍ ഉപവാസമിരുന്നിരുന്നാണ്‌ തമിഴ്‌സിനിമാ ലോകം ഹസാരെയ്‌ക്ക്‌ പിന്തുണ അറിയിച്ചത്‌. അതില്‍ പങ്കെടുത്തത്‌ സൂര്യ അടക്കമുള്ള തമിഴ്‌ സിനിമയിലെ പൊന്നും വിലയുള്ള താരങ്ങളും സംവിധായകരുമെല്ലാമായിരുന്നു. എന്നാല്‍ ഇതൊന്നും അറിഞ്ഞ ഭാവംപോലും നടിക്കാതെ നമ്മുടെ സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും ഓണത്തിനും റംസാനും ക്രിസ്‌മസിനുമെല്ലാം റിലീസ്‌ ചെയ്യാനുള്ള ചിത്രങ്ങളില്‍ അഭിനയിച്ചു തകര്‍ക്കുകയാണ്‌.

കടുത്ത കോണ്‍ഗ്രസ്‌ അനുഭാവിയായിരുന്നിട്ടുപോലും ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന്‌ നല്‍കിയ അഭിമുഖത്തില്‍ മറ്റൊരു സൂപ്പര്‍ താരമായ സുരേഷ്‌ ഗോപി അന്നാ ഹസാരെയെ പിന്തുണച്ച്‌ രംഗത്തുവന്നതല്ലാതെ വേറിട്ട ശബ്‌ദങ്ങളൊന്നും മോളിവുഡില്‍ നിന്ന്‌ ഇതുവരെ കേട്ടതായി അറിവില്ല. ഹസാരെയുടെ സമരത്തോട്‌ മലയാളി സമൂഹം പൊതുവെ പുലര്‍ത്തുന്ന നിസംഗതയുടെ ഭാഗമാണ്‌ `സൂപ്പര്‍ നിശബ്‌ദത' എന്നുപറഞ്ഞ്‌ ഇതിനെ തള്ളിക്കളയാമെങ്കിലും യഥാര്‍ഥ കാരണം അതല്ലെന്ന്‌ പരസ്യമായ രഹസ്യമാണ്‌.

സൂപ്പര്‍ താരങ്ങള്‍ മിണ്‌ടാത്തിടത്ത്‌ മറ്റു താരങ്ങള്‍ക്ക്‌ മിണ്‌ടാന്‍ എന്തവകാശമെന്ന ചോദ്യം ഉയരുമെന്നതുകൊണ്‌ട്‌ പ്രതികരണശേഷി അല്‍പം കൂടുതലുണ്‌ടെന്ന്‌ അഹങ്കരിക്കുന്ന യുവ സൂപ്പര്‍ താരം പൃഥ്വീരാജ്‌ ഉള്‍പ്പെടെയുള്ളവരോട്‌ നമുക്ക്‌ ക്ഷമിക്കാം. എന്നാല്‍ ഹസാരെയുടെ സമരത്തോടുള്ള ഈ സൂപ്പര്‍താര നിശബ്‌ദതയുടെ യഥാര്‍ഥ കാരണം പരസ്യമായ രഹസ്യമാണെന്നതാണ്‌ വസ്‌തുത.

അന്നാ ഹസാരെയുടെ സമരം അഴിമതിക്കും കള്ളപ്പണത്തിനും കൈക്കൂലിക്കും എതിരെയുള്ളതാണ്‌. നമ്മുടെ ആദര്‍ശധീരരരായ സൂപ്പര്‍ താരങ്ങളാകട്ടെ മേല്‍പ്പറഞ്ഞ കാര്യങ്ങളെല്ലാം വെള്ളിത്തിരയില്‍ മാത്രം പ്രയോഗിക്കുന്നവരാണെന്ന്‌ അടുത്തിടെ ഇരുവരുടെയും വസതികളില്‍ നടത്തിയ ആദായനികുതി റെയ്‌ഡില്‍ നിന്ന്‌ മലയാളിസമൂഹം മനസ്സിലാക്കിയിട്ടുമുണ്‌ട്‌.

മ്മൂട്ടിയും മോഹന്‍ലാലും അനധികൃതമായും അവിഹിതമായും കോടിക്കണക്കിന്‌ രൂപയുടെ സ്വത്ത്‌ സമ്പാദിച്ചു എന്നാണ്‌ ആദായ നികുതി വകുപ്പ്‌ കണെ്‌ടത്തിയിരിക്കുന്നത്‌. തങ്ങളുടെ വരുമാനക്കണക്കുകള്‍ കൈകാര്യം ചെയ്യുന്ന ചാര്‍ട്ടേര്‍ഡ്‌ അക്കൌണ്‌ടന്റ്‌ ശരിക്കുള്ള കണക്കല്ല ആദായനികുതി വകുപ്പിന്‌ നല്‍കിയത്‌ എന്നൊക്കെ താരങ്ങള്‍ ന്യായം പറയുന്നുണെ്‌ടങ്കിലും അഴിമതി, കള്ളപ്പണം, കൈക്കൂലി എന്നീ കുറ്റങ്ങളില്‍ നിന്ന്‌ അത്ര പെട്ടെന്ന്‌ തലയൂരാന്‍ ഇരുവര്‍ക്കുമാവില്ല എന്നതാണ്‌ വസ്‌തുത.

അതുകൊണ്‌ടു തന്നെ ജുവല്ലറിയുടെ പരസ്യത്തിലഭിനയിക്കുന്നതുപോലെ ഹസാരെയെ പിന്തുണച്ച്‌ രംഗത്തുവരാന്‍ ഇരുവര്‍ക്കുമാവില്ല. തന്റെ രാഷ്‌ട്രീയ നിലപാടുകള്‍ പരസ്യമായി പ്രഖ്യാപിക്കുന്നതില്‍ മോഹന്‍ ലാലിനുള്ളത്ര വൈമുഖ്യം മമ്മൂട്ടിക്കില്ല എന്ന്‌ മലയാളികള്‍ക്കറിയാം. ഇടതുപക്ഷ അനുഭാവിയായ മമ്മൂട്ടി പലവേദികളിലും അത്‌ പ്രകടിപ്പിച്ചിട്ടുമുണ്‌ട്‌. എന്നിട്ടുപോലും ഹസാരെയുടെ സമരത്തോടുള്ള നിലപാട്‌ വ്യക്തമാക്കാന്‍ അദ്ദേഹവും ഈ നിമിഷംവരെ തയാറായിട്ടില്ല.

ഇനി ഇവര്‍ പ്രതികരിച്ചതുകൊണ്‌ട്‌ ഹസാരെയുടെ സമരം അവസാനിക്കുമെന്നോ ഹസാരെയുടെ സമരത്തിന്‌ ആളു കൂടുമെന്നോ എന്നൊന്നും ആരും കരുതുന്നില്ല. എങ്കിലും ഒരു പൗരനെന്ന നിലയിലും ജനങ്ങളെ ഏറ്റവുമധികം സ്വാധീനിക്കാന്‍ കഴിയുന്ന ഒരു കലയെ പ്രതിനിധീകരിക്കുന്നവരെന്ന നിലയിലും ഇരുവര്‍ക്കും അതിനുള്ള ബാധ്യതയുണ്‌ടെന്ന കാര്യം മറക്കാനാവില്ല.

നിര്‍ഭാഗ്യവശാല്‍ രാജ്യം പത്മശ്രീയും ലഫ്‌.കേണല്‍പദവിയുമെല്ലാം നല്‍കി ആദരിച്ചിട്ടുള്ള നമ്മുടെ രണ്‌ടു സൂപ്പര്‍ താരങ്ങള്‍ക്കും അതിനുള്ള ആര്‍ഹത ഇല്ലാ എന്നത്‌ മലയാള സിനിമയ്‌ക്ക്‌ മാത്രമല്ല മലയാളികള്‍ക്ക്‌ തന്നെ അപമാനമാണ്‌.
ഇന്ത്യന്‍ സിനിമ ഹസാരെയ്‌ക്കൊപ്പം; മലയാളമോ ?
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക