Image

ട്രൈസ്റ്റേറ്റ് കേരള ഫോറം അവാര്‍ഡുകള്‍ കൃഷ്ണ കിഷോറിനും, രാജു മൈലപ്രയ്ക്കും

ജോബി ജോര്‍ജ് Published on 25 August, 2011
ട്രൈസ്റ്റേറ്റ്  കേരള ഫോറം അവാര്‍ഡുകള്‍ കൃഷ്ണ കിഷോറിനും, രാജു മൈലപ്രയ്ക്കും
ഫിലാഡല്‍ഫിയ: ട്രൈസ്റ്റേറ്റ്‌ കേരള ഫോറത്തിന്റെ ഈവര്‍ഷത്തെ അവാര്‍ഡുകള്‍ ഡോ. കൃഷ്‌ണ കിഷോറിനും, രാജു മൈലപ്രയ്‌ക്കും നല്‍കുന്നതിന്‌ അവാര്‍ഡ്‌ കമ്മിറ്റി തീരുമാനിച്ചു. ഫിലാഡല്‍ഫിയയിലെ സാമൂഹ്യ-സാംസ്‌കാരിക-പ്രാദേശിക മത സംഘടനകളുടെ ഐക്യവേദിയായ ട്രൈസ്റ്റേറ്റ്‌ കേരള ഫോറത്തിന്റെ ഓണാഘോഷത്തോടനുബന്ധിച്ച്‌ നടക്കുന്ന സമ്മേളനത്തില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും.

ചെയര്‍മാന്‍ സുധാ കര്‍ത്താ, ജനറല്‍ സെക്രട്ടറി വിന്‍സെന്റ്‌ ഇമ്മാനുവേല്‍, ട്രഷറര്‍ ഈപ്പന്‍ മാത്യു എന്നിവരുടെ നേതൃത്വത്തില്‍ ഓണാഘോഷ കമ്മിറ്റി ചെയര്‍മാന്‍ ജീമോന്‍ ജോര്‍ജിന്റെ ചുമതലയില്‍ നടക്കുന്ന ഓണാഘോഷം വിപുലമാക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

സെപ്‌റ്റംബര്‍ മൂന്നിന്‌ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ പള്ളി ഓഡിറ്റോറിയത്തില്‍ നടക്കുന്ന പൊതു സമ്മേളനം, വര്‍ണ്ണാഭമായ ഘോഷയാത്ര, വിവിധ കലാപരിപാടികള്‍, ഓണസദ്യ എന്നിവ ആഘോഷങ്ങള്‍ക്ക്‌ മാറ്റുകൂട്ടും. 15 അംഗസംഘടകളുടെ സഹകരണത്തോടെ നടക്കുന്ന ആഘോഷത്തില്‍ വനിത, യുവജന പങ്കാളിത്തം മറ്റൊരു പ്രത്യേകതയാണ്‌. സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ആഘോഷങ്ങളില്‍ പങ്കെടുക്കും.

മാധ്യമ രംഗത്തെ മികച്ച സംഭാവനകള്‍ക്ക്‌ ഡോ. കൃഷ്‌ണ കിഷോറിനെയാണ്‌ അവാര്‍ഡ്‌ കമ്മിറ്റി ഏകകണ്‌ഠമായി തെരഞ്ഞെടുത്തത്‌. ഏഷ്യാനെറ്റ്‌ റൗണ്ടപ്പ്‌ അവതരകനും, മാതൃഭൂമി ലേഖകനുംകൂടിയാണ്‌ ഡോ. കൃഷ്‌ണ കിഷോര്‍.

`മീഡിയ എക്‌സലന്‍സ്‌ അവാര്‍ഡ്‌' നല്‍കാന്‍ മുന്‍ ചെയര്‍മാന്‍ തമ്പി ചാക്കോ അധ്യക്ഷനായ കമ്മിറ്റിയില്‍ മുന്‍ ചെയര്‍മാന്‍മാരായ ജോബി ജോര്‍ജ്‌, ജോര്‍ജ്‌ ഓലിക്കല്‍, ജോര്‍ജ്‌ നടവയല്‍, ജീമോന്‍ ജോര്‍ജ്‌ എന്നിവര്‍ ഉള്‍പ്പെടുന്നു.

സാഹിത്യരംഗത്തെ സമഗ്ര സംഭാവനകള്‍ക്ക്‌ തെരഞ്ഞെടുത്തത്‌ പ്രശസ്‌ത സാഹിത്യകാരനും, കോളമിസ്റ്റുമായ രാജു മൈലപ്രയെയാണ്‌. അമേരിക്കന്‍ മലയാളി സാഹിത്യകാരന്മാരില്‍ ശ്രദ്ധേയനായ രാജു ഹാസ്യത്തിന്‌ പുതിയ രൂപവും ഭാവവും നല്‍കിയവരില്‍പ്പെടുന്നു.

സാമൂഹ്യരംഗത്തെ ശ്രദ്ധേയമായ സംഭാവനകള്‍ക്ക്‌ പി.കെ. സോമരാജനെ തെരഞ്ഞെടുത്തു. സമൂഹത്തില്‍ അനേകരെ സഹായിക്കുന്നതിനും തൊഴില്‍ ലഭ്യമാക്കുന്നതിലും വലിയ പങ്കുവഹിച്ചു.

സെപ്‌റ്റംബര്‍ മൂന്നിന്‌ 10 മണിക്ക്‌ ആരംഭിക്കുന്ന ഓണാഘോഷപരിപാടികളിലേക്ക്‌ ഏവരേയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ചെയര്‍മാന്‍ സുധാ കര്‍ത്താ (267 575 73333), ജെനറല്‍ സെക്രട്ടറി വിന്‍സെന്റ്‌ ഇമ്മാനുവേല്‍ (215 880 3341), ട്രഷറര്‍ ഈപ്പന്‍ മാത്യു (215 221 4138).
ട്രൈസ്റ്റേറ്റ്  കേരള ഫോറം അവാര്‍ഡുകള്‍ കൃഷ്ണ കിഷോറിനും, രാജു മൈലപ്രയ്ക്കുംട്രൈസ്റ്റേറ്റ്  കേരള ഫോറം അവാര്‍ഡുകള്‍ കൃഷ്ണ കിഷോറിനും, രാജു മൈലപ്രയ്ക്കുംട്രൈസ്റ്റേറ്റ്  കേരള ഫോറം അവാര്‍ഡുകള്‍ കൃഷ്ണ കിഷോറിനും, രാജു മൈലപ്രയ്ക്കും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക