Image

താമ്പായില്‍ ശതാബ്ദി ആഘോഷവും ഇടവക വാര്‍ഷികാഘോഷവും വര്‍ണ്ണോജ്ജ്വലമായി

ജോസ്‌മോന്‍ തത്തംകുളം Published on 25 August, 2011
താമ്പായില്‍ ശതാബ്ദി ആഘോഷവും ഇടവക വാര്‍ഷികാഘോഷവും വര്‍ണ്ണോജ്ജ്വലമായി
താമ്പാ: കോട്ടയം രൂപതയുടെ ശതാബ്ദി ആഘോഷവും താമ്പാ സേക്രഡ് ഹാര്‍ട്ട് ക്‌നാനായ ദേവാലയം ഇടവകയായി പ്രഖ്യാപിച്ചതിന്റെ ഒന്നാം വാര്‍ഷികവും വിശുദ്ധ പത്താം പീയൂസിന്റെ തിരുനാളും സംയുക്തമായി താമ്പാ സേക്രഡ് ഹാര്‍ട്ട് ദേവാലയത്തില്‍ ആഘോഷിച്ചു.

21 ഞായറാഴ്ച വൈകിട്ട് മൂന്നിന് 100 തിരികളേന്തിയ ബാലികാ ബാലന്മാരുടെ അകമ്പടിയോടു കൂടി ദേവാലയത്തിലേക്കുള്ള പ്രദക്ഷിണത്തിനുശേഷം താമ്പാ സേക്രഡ് ഹാര്‍ട്ട് മിഷന്റെ പ്രഥമ ഡയറക്ടര്‍ ഫാ. എബി വടക്കേക്കരയുടെ മുഖ്യകാര്‍മികത്വത്തില്‍ ആഘോഷമായ ദിവ്യബലി നടന്നു. തുടര്‍ന്ന് ഇടവകയിലെ ഡിവൈന്‍ മേഴ്‌സി ഹാളില്‍ പൊതുസമ്മേളനം നടന്നു. ഇടവകയിലെ ഗായകസംഘം അവതരിപ്പിച്ച പ്രാര്‍ഥനാ ഗാനത്തിനുശേഷം വികാരി ഫാ. പത്രോസ് ചമ്പക്കര പൊതുസമ്മേളനത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്തു. ഫാ. എബി വടക്കേക്കര ഭദ്രദീപം തെളിയിച്ച് ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു.

എണ്‍പതിനു മുകളില്‍ പ്രായമുള്ള ഇടവകാംഗങ്ങളെയും താമ്പായിലും പരിസരത്തും കുടിയേറിയിട്ട് 25 വര്‍ഷം പിന്നിട്ട ഇടവകാംഗങ്ങളെയും വൈദികര്‍ പൊന്നാട അണിയിച്ച് ആദരിച്ചു. പിആര്‍ഒ ഡെന്നി ഊരാളില്‍ അവതാരകനായിരുന്നു. തുടര്‍ന്ന് ഇടവകാംഗങ്ങളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറി. ഇടവകാംഗങ്ങള്‍ എല്ലാവരും ചേര്‍ന്നാലപിച്ച 'പോരുമോ നാമെല്ലാം' എന്ന ഗാനത്തോടെ പരിപാടികള്‍ സമാപിച്ചു. സോണിയ പഴുക്കായില്‍ നന്ദി പറഞ്ഞു. ബിനി വാഴപ്പള്ളി കലാപരിപാടികളുടെ അവതാരകയായി.

തുടര്‍ന്ന് ഇടവകാംഗങ്ങള്‍ തയാറാക്കിയ ക്‌നാനായ സമുദായത്തിന്റെ പാരമ്പര്യ ഭക്ഷണമായ 'പിടിയും കോഴിയും' സ്‌നേഹവിരുന്നായി നല്‍കി. ക്‌നാനായ തനിമയും പൈതൃകവും പാരമ്പര്യവും വിളിച്ചോതിയ പരിപാടികള്‍ ആസൂത്രണം ചെയ്ത എല്ലാ വൊളന്റിയേഴ്‌സിനും വികാരി ഫാ. പത്രോസ് ചമ്പക്കര നന്ദി രേഖപ്പെടുത്തി.

ആഘോഷങ്ങള്‍ക്ക് പള്ളികമ്മിറ്റി അംഗങ്ങള്‍ക്കു പുറമെ പ്രോഗ്രാം കമ്മിറ്റി അംഗങ്ങളായ ജോളി വെട്ടുപാറപ്പുറം, സോണിയ പഴുക്കായില്‍, ജോയ്‌സണ്‍ പഴയംപള്ളി, ജോസ്‌മോന്‍ തത്തംകുളം എന്നിവര്‍ നേതൃത്വം നല്‍കി.
താമ്പായില്‍ ശതാബ്ദി ആഘോഷവും ഇടവക വാര്‍ഷികാഘോഷവും വര്‍ണ്ണോജ്ജ്വലമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക