Image

സാന്റാ അന്നാ പള്ളിയില്‍ വി. അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ആഘോഷിച്ചു

ജോയിച്ചന്‍ പുതുക്കുളം Published on 25 August, 2011
സാന്റാ അന്നാ പള്ളിയില്‍ വി. അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ആഘോഷിച്ചു
ലോസ്‌ആഞ്ചലസ്‌: സാന്റാ അന്നായിലെ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ പള്ളിയില്‍ വിശുദ്ധ മാതാവിന്റെ സ്വര്‍ഗ്ഗാരോഹണ തിരുനാളും, വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളും സംയുക്തമായി ആഘോഷിച്ചു.

സ്‌നേഹത്തിലും സഹനത്തിലും ജീവിച്ച്‌ പുണ്യവതിയായി നമ്മുടെ സ്വന്തമായ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ഇടവക വികാരി റവ.ഡോ. അഗസ്റ്റിന്‍ പാലയ്‌ക്കാപ്പറമ്പിലിന്റെ കാര്‍മികത്വത്തില്‍ ഭക്തിനിര്‍ഭരമായ ദിവ്യബലിയോടെ ആരംഭിച്ചു.

ബ. അഗസ്റ്റിനച്ചന്‍ തന്റെ തിരുനാള്‍ സന്ദേശത്തില്‍ വി. അല്‍ഫോന്‍സാമ്മയുടെ ജീവിതം ഏവര്‍ക്കും മനസിലാകുന്ന ഭാഷയില്‍ ലഘുവായി വിവരിച്ചു. വേദനകളും ദുഖങ്ങളും നമ്മില്‍ നിന്ന്‌ ഇറക്കിവെയ്‌ക്കുവാനുള്ള ഒരിടമാണ്‌ അല്‍ഫോന്‍സാ പുണ്യവതി. മറ്റുള്ളവരെ അപമാനിക്കുകയോ അപകീര്‍ത്തിപ്പെടുകയോ അരുത്‌. ഭാര്യയും ഭര്‍ത്താവും കുട്ടികളും പരസ്‌പരം അളവുകളില്ലാതെ സ്‌നേഹിക്കണം. പരിശുദ്ധ അമ്മയോടും വിശുദ്ധ അല്‍ഫോന്‍സാമ്മയോടും നിരന്തരം പ്രാര്‍ത്ഥിക്കണം. വി. അമ്മവഴി നല്ല ദൈവം ധാരാളം അനുഗ്രഹങ്ങള്‍ എല്ലാവരുടേയും മേല്‍ വര്‍ഷിക്കട്ടെ എന്നും ബ. അഗസ്റ്റിനച്ചന്‍ പ്രാര്‍ത്ഥിച്ചു.

ദിവ്യബലിക്കുശേഷം വിശുദ്ധരുടെ രൂപങ്ങളേന്തി വാദ്യമേളങ്ങളുടെ ധ്വനിയില്‍, പൊന്നിന്‍കുരിശും മുത്തുക്കുടകളുമായി നഗരികാണിക്കല്‍ പ്രദക്ഷിണവും തുടര്‍ന്ന്‌ പള്ളിയിലെത്തി അല്‍ഫോന്‍സാമ്മയുടെ തിരുശേഷിപ്പ്‌ തൊട്ടുവണങ്ങി നേര്‍ച്ച അപ്പം സ്വീകരിച്ചു.

പൂക്കളുടെ നിറവില്‍ വര്‍ണ്ണാലംകൃതമായി അള്‍ത്താര അലങ്കരിച്ചത്‌ ജോവി ജോസഫാണ്‌. ലാല്‍ സെബാസ്റ്റ്യന്‍, സിബല്‍ ജോസ്‌ എന്നിവര്‍ നയിച്ച ഇടവക ഗായകസംഘവും, ബിജു തോമസും, സംഘാംഗങ്ങളുടെ ചെണ്ടമേളവും തിരുനാളിന്‌ മോടിപകര്‍ന്നു.

ബിജു ജോര്‍ജിന്റെ നേതൃത്വത്തിലുള്ള സ്‌നേഹവിരുന്നോടെ തിരുനാള്‍ സമാപിച്ചു. ഈവര്‍ഷത്തെ തിരുനാള്‍ പ്രസുദേന്തി ജോര്‍ജുകുട്ടി പുല്ലാപ്പള്ളിയും കുടുംബവുമാണ്‌.

ട്രസ്റ്റിമാരായ ജോസുകുട്ടി പാമ്പാടി, ഷാജി തോമസ്‌, ജോര്‍ജ്‌ യോഹന്നാന്‍ എന്നിവര്‍ തിരുനാളിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചു. ജോര്‍ജ്‌കുട്ടി പുല്ലാപ്പള്ളി അറിയിച്ചതാണിത്‌.
സാന്റാ അന്നാ പള്ളിയില്‍ വി. അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക