Image

മാപ്പ്‌ ഷട്ടില്‍ ടൂര്‍ണമെന്റ്‌: ഫിലാഡല്‍ഫിയ ടീമുകള്‍ ചാമ്പ്യന്മാര്‍

ജോയിച്ചന്‍ പുതുക്കുളം Published on 25 August, 2011
മാപ്പ്‌ ഷട്ടില്‍ ടൂര്‍ണമെന്റ്‌: ഫിലാഡല്‍ഫിയ ടീമുകള്‍ ചാമ്പ്യന്മാര്‍
ഫിലാഡല്‍ഫിയ: ഓഗസ്റ്റ്‌ 13-ന്‌ നോര്‍ത്ത്‌ ഈസ്റ്റ്‌ റാക്കറ്റ്‌ സെന്റര്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ അരങ്ങേറിയ നാലാമത്‌ മാപ്പ്‌ ഷട്ടില്‍ ടൂര്‍ണമെന്റില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി ഫിലാഡല്‍ഫിയയില്‍ നിന്നുള്ള ടീമുകള്‍ ചാമ്പ്യന്‍മാരായി. ഷിക്കാഗോ മൂന്നാംസ്ഥാനം നേടി. രാവിലെ മുതല്‍ വൈകിട്ട്‌ 6 വരെ നാലു കോര്‍ട്ടുകളിലായി നടന്ന വാശിയേറിയ മത്സരങ്ങള്‍ ആദ്യാവസാനം ആവേശകരമായിരുന്നു. ഷിക്കാഗോ, ന്യൂയോര്‍ക്ക്‌, ന്യൂജേഴ്‌സി, ഡെലവെര്‍, ഫിലാഡല്‍ഫിയ എന്നിവടങ്ങളില്‍ നിന്നുള്ള ടീമുകള്‍ പരസ്‌പരം മാറ്റുരച്ചു.

മത്സരങ്ങള്‍ക്ക്‌ തുടക്കംകുറിച്ചുകൊണ്ടു നടന്ന വര്‍ണ്ണശബളമായ ഉദ്‌ഘാടന ചടങ്ങില്‍ ഡോ. കുറിച്ചി ശ്രീനിവാസന്‍ മുഖ്യാതിഥിയായിരുന്നു. മാപ്പ്‌ വൈസ്‌ പ്രസിഡന്റ്‌ അലക്‌സ്‌ അലക്‌സാണ്ടര്‍ ടീമുകളേയും കാണികളേയും സ്വാഗതം ചെയ്‌തു. ചെയര്‍മാന്‍ സാബു സ്‌കറിയ കളിക്കാരെ പരിചയപ്പെടുത്തി.

എം.സി. സേവ്യര്‍, പി.ഒ. ജേക്കബ്‌, ബെന്നി, ഏബ്രഹാം വര്‍ഗീസ്‌, വില്‍സണ്‍, ജോണ്‍സണ്‍ സ്‌കറിയ എന്നീ റഫറിമാര്‍ കളികള്‍ നിയന്ത്രിച്ചു.

സ്‌കറിയ ഉമ്മന്‍, ഫിലിപ്പ്‌ ജോണ്‍, മാത്യു നൈനാന്‍, ജോണ്‍ ഫിലിപ്പ്‌ എന്നിവര്‍ ലൈന്‍ അമ്പയര്‍മാരായിരുന്നു.

ബിനു ജോസഫ്‌, ബിനു നായര്‍ എന്നിവര്‍ ഇലക്‌ട്രോണിക്‌ റെക്കാര്‍ഡിംഗിന്റെ ചുമതല വഹിച്ചു. ജോണ്‍സണ്‍ മാത്യു, ഐപ്പ്‌ ഉമ്മന്‍ (രജിസ്‌ട്രേഷന്‍), രാജന്‍ നായര്‍, ഷാജി ജോസഫ്‌ (ഭക്ഷണം) എന്നിവയുടെ കോര്‍ഡിനേറ്റര്‍മാരായി പ്രവര്‍ത്തിച്ചു.

സെമിഫൈനല്‍സ്‌, ഫൈനല്‍ മത്സരങ്ങള്‍ക്ക്‌ സാക്ഷ്യംവഹിക്കുന്നതിനായി വന്‍ ജനക്കൂട്ടം സന്നിഹിതരായിരുന്നു. ഓരോ ഷോട്ടിലും പൊരുതി മുന്നേറിയ ടീമുകളെ കാണികള്‍ പ്രോത്സാഹിപ്പിച്ചു.

ചാമ്പ്യന്‍ഷിപ്പ്‌ നേടിയ സാക്ക്‌ മാത്യു -നെവിന്‍ ഡേവിഡ്‌ ടീമിന്‌ ടൂര്‍ണമെന്റ്‌ ഗ്രാന്റ്‌ സ്‌പോണ്‍സര്‍ റിയ ട്രാവല്‍സിനുവേണ്ടി മാനേജര്‍ റെന്‍ജി ഫിലിപ്പ്‌ ട്രോഫി സമ്മാനിച്ചു. കാഷ്‌ അവാര്‍ഡ്‌ അലക്‌സ്‌ അലക്‌സാണ്ടര്‍ നല്‍കി. റണ്ണേഴ്‌സ്‌ അപ്പിനുള്ള ട്രോഫി രഞ്‌ജിത്ത്‌ സ്‌കറിയ -പ്രവീണ്‍ ഫിലിപ്പ്‌ ടീമിന്‌ ഫോമ ജോയിന്റ്‌ ട്രഷറര്‍ ഐപ്പ്‌ ഉമ്മന്‍ മാരേട്ട്‌ സമ്മാനിച്ചു. മാപ്പ്‌ ജനറല്‍ സെക്രട്ടറി റോയി ജേക്കബ്‌ കാഷ്‌ അവാര്‍ഡ്‌ നല്‍കി.

മൂന്നാംസ്ഥാനം നേടിയ ഷിക്കാഗോ ടീമിലെ ഷബിന്‍ മാത്യൂസിനും, സുനു സ്‌കറിയയ്‌ക്കും, നാലാംസ്ഥാനം നേടിയ ഡാന്‍ ഫിലിപ്പിനും, ജയിംസ്‌ ഡാനിയേലിനും ട്രോഫികള്‍ യഥാക്രമം എം.സി. സേവ്യര്‍, പി.ഒ. ജേക്കബ്‌ എന്നിവര്‍ നല്‍കി.

മോസ്റ്റ്‌ വാല്യുവബിള്‍ പ്ലെയറായി തെരഞ്ഞെടുക്കപ്പെട്ട ഷബിന്‍ മാത്യൂസിന്‌ ഫോമ റീജിയണല്‍ വൈസ്‌ പ്രസിഡന്റ്‌ രാജന്‍ നായര്‍ ട്രോഫിയും, കാഷ്‌ അവാര്‍ഡും സമ്മാനിച്ചു. ചെയര്‍മാന്‍ സാബു സ്‌ജകറിയയുടെ അക്ഷീണ പരിശ്രമംകൊണ്ടാണ്‌ ഈവര്‍ഷത്തെ ടൂര്‍ണ്ണമെന്റ്‌ വന്‍വിജയമാക്കാന്‍ സാധിച്ചത്‌. ടീമുകളും കാണികളും ഒരുപോലെ സാബുവിന്റെ കഴിവുകളേയും വൈഭവത്തേയും ശ്ശാഘിച്ചു. റോയി ജേക്കബിന്റെ കൃതജ്ഞതാ പ്രകടനത്തോടെ ഈവര്‍ഷത്തെ ടൂര്‍ണമെന്റിന്‌ തിരശീല വീണു. പി.ആര്‍.ഒ വര്‍ഗീസ്‌ ഫിലിപ്പ്‌ അറിയിച്ചതാണിത്‌.
മാപ്പ്‌ ഷട്ടില്‍ ടൂര്‍ണമെന്റ്‌: ഫിലാഡല്‍ഫിയ ടീമുകള്‍ ചാമ്പ്യന്മാര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക