Image

സര്‍ക്കാര്‍ തുടങ്ങിയിടത്തുതന്നെയെന്ന്‌ ഹസ്സാരെ; സുപ്രധാന വിഷയങ്ങളില്‍ സമവായമായില്ല

Published on 25 August, 2011
സര്‍ക്കാര്‍ തുടങ്ങിയിടത്തുതന്നെയെന്ന്‌ ഹസ്സാരെ; സുപ്രധാന വിഷയങ്ങളില്‍ സമവായമായില്ല
ന്യൂഡല്‍ഹി: ലോക്‌പാല്‍ ബില്‍ വിഷയത്തില്‍ ഇന്നലെ നടന്ന സര്‍വ്വകക്ഷി യോഗത്തില്‍ സര്‍ക്കാര്‍ തുടങ്ങിയിടത്തുതന്നെയെന്ന്‌ ഹസ്സാരെ സംഘം വ്യക്തമാക്കി. ഹസ്സാരെ സംഘം ആവശ്യപ്പെടുന്ന സുപ്രധാന വിഷയങ്ങളില്‍ സമവായമായില്ല. പ്രധാന മായും പ്രധാനമന്ത്രിയെയും സിബിഐയുടെ അഴിമതി വിരുദ്ധ വിഭാഗത്തെയും ലോക്‌പാലിന്റെ പരിധിയില്‍ കൊണ്ടുവരിക, ഉന്നത കോടതികളിലെ ജഡ്‌ജിമാരുടെ അഴിമതി പ്രതിരോധിക്കാന്‍ ശക്‌തമായ മറ്റൊരു നിയമം, താഴ്‌ന്ന തലങ്ങളിലുള്ള സര്‍ക്കാര്‍ ജീവനക്കാരെ ലോക്‌പാല്‍ പരിധിയില്‍ ഉള്‍പ്പെടുത്തുക, സര്‍ക്കാര്‍ ബില്‍ പിന്‍വലിച്ച്‌ ജനലോക്‌പാല്‍ ബില്‍ അവതരിപ്പിച്ചു നടപ്പു സമ്മേളനത്തില്‍ പാസാക്കുക, സംസ്‌ഥാനതലത്തില്‍ ലോകായുക്‌ത ഏര്‍പ്പെടുത്തുക, ഒത്തുതീര്‍പ്പുശ്രമങ്ങള്‍ സംബന്ധിച്ചു സര്‍ക്കാരിന്റെ രേഖാമൂലമുള്ള ഉറപ്പു ലഭ്യമാക്കുക എന്നിവയില്‍ ഉടക്കിയാണ്‌ ഇന്നലത്തെ ചര്‍ച്ചകള്‍ വഴിമുട്ടിയത്‌.

പുതിയ ബില്ല്‌ അവതരിപ്പിക്കാന്‍ പാര്‍ലമെന്റ്‌ ചട്ടങ്ങളെ മറികടന്നുള്ള നടപടികള്‍ക്കു തയാറല്ലെന്ന നിലപാടു സര്‍ക്കാര്‍ സ്വീകരിച്ചതാണ്‌ ചര്‍ച്ചകള്‍ക്കു വിഘാതമായതെന്ന്‌ ഹസാരെ സംഘം പറയുന്നു. നാലു ദിവസത്തിനുള്ളില്‍ ജനലോക്‌പാല്‍ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കണമെന്ന ആവശ്യത്തിലും തര്‍ക്കം തുടരുന്നു.

അതിനിടെ നിരാഹാരം അവസാനിപ്പിക്കാന്‍ സര്‍വകക്ഷിയോഗം അഭ്യര്‍ഥിച്ചെങ്കിലും ഹസാരെ വഴങ്ങിയില്ല. ആവശ്യങ്ങള്‍ അംഗീകരിച്ചതായി സര്‍ക്കാരില്‍ നിന്നു രേഖാമൂലമുള്ള ഉറപ്പു ലഭിക്കുംവരെ സമരമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്ന ഹസാരെയുടെ നിരാഹാരം പത്താം ദിവസത്തിലേക്കു കടന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക