Image

രാജാവ്‌ പായസംകൊണ്ടുപോകുമെന്ന പ്രസ്‌താവന തെറ്റ്‌: ക്ഷേത്രം എക്‌സിക്യൂട്ടീവ്‌ ഓഫീസര്‍

Published on 23 August, 2011
രാജാവ്‌ പായസംകൊണ്ടുപോകുമെന്ന പ്രസ്‌താവന തെറ്റ്‌: ക്ഷേത്രം എക്‌സിക്യൂട്ടീവ്‌ ഓഫീസര്‍
തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ ഉത്രാടം തിരുനാള്‍ മഹാരാജ്‌ പായസം കൊണ്ടുപോകുമെന്ന പ്രതിപക്ഷ നേതാവ്‌ വി.എസ്‌. അച്യുതാനന്ദന്റെ പ്രസ്‌താവന തെറ്റെന്ന്‌ ക്ഷേത്രം എക്‌സിക്യൂട്ടീവ്‌ ഓഫീസര്‍ അറിയിച്ചു. 210 ലേറെ ജീവനക്കാര്‍ ക്ഷേത്രത്തില്‍ ജോലിചെയ്യുന്നുണ്ട്‌. ദിവസേന രാവിലെ 7.30 ന്‌ ഉത്രാടം തിരുനാള്‍ ക്ഷേത്രദര്‍ശനത്തിനായി എത്തുകയും 7.50 ന്‌ ദര്‍ശനം കഴിഞ്ഞ്‌ തിരികെ പോകുകയും ചെയ്യും. ക്ഷേത്രത്തിലെ വഴിപാടുകള്‍ (പായസം ഉള്‍പ്പെടെ) നിവേദ്യത്തിനായി അകത്തെടുക്കുന്നത്‌ 8.15 നാണ്‌. നിവേദ്യം കഴിഞ്ഞ്‌ എട്ടരമണിയ്‌ക്ക്‌ മുന്‍പായി പുറത്തെടുക്കുകയും ചെയ്യും. അതിനുശേഷം മാത്രമേ ഇതൊക്കെ ആര്‍ക്കും വിതരണം ചെയ്യുകയുള്ളുവെന്നും എക്‌സിക്യൂട്ടീവ്‌ ഓഫീസര്‍ വി.കെ.ഹരികുമാര്‍ അറിയിച്ചു.

ക്ഷേത്രത്തിലെ സ്വര്‍ണവും വിലപിടിപ്പുള്ള വസ്‌തുക്കളും ആര്‍ക്കും അനായാസം കൈകാര്യം ചെയ്യാവുന്ന രീതിയില്‍ അല്ല സൂക്ഷിച്ചിട്ടുള്ളതെന്നു സുപ്രീംകോടതി നിയോഗിച്ച കമ്മിഷന്‍ നിലവറ തുറന്നുപരിശോധിച്ചപ്പോള്‍ മനസിലാക്കിയിട്ടുള്ളതാണ്‌. നിലവിലുള്ള ചട്ടങ്ങള്‍ അനുസരിച്ച്‌ എട്ടോ പത്തോ ജീവനക്കാരുടെ അറിവു കൂടാതെ ആര്‍ക്കും ഒരു സാധനവും പുറത്തു കൊണ്ടുപോകാന്‍ കഴിയില്ല.

സ്വന്തമായി വഴിപാട്‌ നടത്തുന്ന ദിവസങ്ങളില്‍ രാവിലെ 9 മണി കഴിഞ്ഞ്‌ വഴിപാട്‌ പ്രസാദം എത്തിച്ചുകൊടുക്കാറുണ്ട്‌. രാജകുടുംബത്തിലെ എല്ലാ അംഗങ്ങളും സ്വന്തം ചെലവിലാണ്‌ വഴിപാട്‌ നടത്തുന്നതെന്നും ഹരികുമാര്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക