Image

സി.എച്ച് മുഹമ്മദ് കോയ സ്മാരക മാധ്യമ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

Published on 23 August, 2011
സി.എച്ച് മുഹമ്മദ് കോയ സ്മാരക മാധ്യമ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു
കോഴിക്കോട്: സി.എച്ച് മുഹമ്മദ് കോയ സ്മാരക മാധ്യമ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ടെലിവിഷന്‍ ജേര്‍ണലിസ്റ്റ് കരണ്‍ ഥാപ്പര്‍, പയനിയര്‍ ലേഖകന്‍ ജെ. ഗോപീകൃഷ്ണന്‍, മാതൃഭൂമി ഡെപ്യൂട്ടി എഡിറ്റര്‍ എന്‍. പി രാജേന്ദ്രന്‍ എന്നിവര്‍ക്കാണ് അവാര്‍ഡ്.

സി.എന്‍.എന്‍-ഐ.ബി.എന്‍ ചാനലില്‍ ഡെവിള്‍സ് അഡ്വക്കേറ്റ് എന്ന പരിപാടിയിലെ അഭിമുഖകാരന്‍ എന്നനിലയില്‍ പ്രശസ്തനായ കരണ്‍ ഥാപ്പറിനാണ് ടെലിവിഷന്‍ മേഖലയിലെ അവാര്‍ഡ്. 2 ജി സ്‌പെക്ട്രം അഴിമതി പുറത്തുകൊണ്ടുവന്നതിലൂടെ ശ്രദ്ധേയനായ പയനിയര്‍ ലേഖകന്‍ ജെ. ഗോപീകൃഷ്ണനാണ് പത്രമേഖലയിലെ പുരസ്‌കാരം ലഭിച്ചത്.

മികച്ച മലയാള മാധ്യമപ്രവര്‍ത്തകനുള്ള അവാര്‍ഡിനാണ് 'മാതൃഭൂമി' ഡെപ്യൂട്ടി എഡിറ്ററും കേരള പ്രസ് അക്കാദമി ചെയര്‍മാനുമായ എന്‍.പി. രാജേന്ദ്രനെ തിരഞ്ഞെടുത്തത്.

കരണ്‍ ഥാപ്പറിനും ജെ.ഗോപീകൃഷ്ണനും 1,11,111 രൂപയും എന്‍.പി രാജേന്ദ്രന് 55,555 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. എം.ടി വാസുദേവന്‍ നായര്‍ അധ്യക്ഷനും ടി.ജെ.എസ് ജോര്‍ജ്, ടി.എന്‍ ജയചന്ദ്രന്‍, എസ് ജയചന്ദ്രന്‍ നായര്‍ എന്നിവര്‍ അംഗങ്ങളുമായ കമ്മിറ്റിയാണ് അവാര്‍ഡ് ജേതാക്കള്‍ നിര്‍ണയിച്ചത്. ഈ മാസം 29ന് കോഴിക്കോട്ട് നടക്കുന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക