Image

ഹസ്സാരെയുടെ നിരാഹാരത്തിന്‌ വന്‍ പിന്തുണ; ഇറോം ശര്‍മ്മിള ഒറ്റമുറിയില്‍

Published on 22 August, 2011
ഹസ്സാരെയുടെ നിരാഹാരത്തിന്‌ വന്‍ പിന്തുണ; ഇറോം ശര്‍മ്മിള ഒറ്റമുറിയില്‍
ന്യൂഡല്‍ഹി: ലോക്‌പാല്‍ ബില്ലിനുവേണ്ടി സമരം നടത്തുന്ന അണ്ണാ ഹസാരെയ്‌ക്ക്‌ വന്‍ പിന്തുണ ലഭിക്കുമ്പോള്‍ ഏതാണ്ട്‌ പത്തുവര്‍ഷത്തിലധികമായി നിരാഹാര സമരം നടത്തുന്ന ഇറോം ശര്‍മ്മിള എന്ന യുവതി ഒറ്റമുറിയില്‍ മരണത്തോട്‌ മല്ലടിക്കുന്നു. ഈ യുവതിയുടെ സമരത്തെ മനുഷ്യാവകാശ സംഘടനകളോ മറ്റ്‌ മനുഷ്യാവകാശപ്രവര്‍ത്തകരോ കണ്ടില്ലെന്ന്‌ നടിക്കുന്നു.

പട്ടാളത്തിന്റെ വെടിയേറ്റ്‌ മണിപ്പൂരില്‍ പത്തു യുവാക്കള്‍ കൊല്ലപ്പെട്ട സംഭവത്തെത്തുടര്‍ന്ന്‌ 2000 നവംബര്‍ രണ്ടിനാണ്‌ സായുധസേനയുടെ പ്രത്യേകാധികാര നിയമം (എഎഫ്‌എസ്‌പിഎ) പിന്‍വലിക്കണമെന്നാവശ്യപ്പെട്ട്‌ ഇറോം ശര്‍മിള നിരാഹാരസമരം തുടങ്ങിയത്‌.

സമരം തുടങ്ങിയ ഉടനെ ആത്മഹത്യാശ്രമത്തിനു കേസെടുത്ത്‌ അവരെ അറസ്റ്റ്‌ ചെയ്‌തു. ജയിലിലെ ആശുപത്രിയിലും സമരം തുടര്‍ന്ന ശര്‍മിളയ്‌ക്ക്‌ പിന്നീട്‌ ട്യൂബിലൂടെ ബലമായി ദ്രവരൂപത്തിലുള്ള ഭക്ഷണം നല്‍കുകയായിരുന്നു.

കോടതിയില്‍നിന്നു ജാമ്യം നേടി പുറത്തിറങ്ങി സമരം തുടര്‍ന്ന അവര്‍ വീണ്ടും അറസ്റ്റിലായി. ശര്‍മിളയെ ഇപ്പോള്‍ ഇംഫാലിലെ ജവഹര്‍ലാല്‍ നെഹ്‌റു ആശുപത്രിയിലെ ഒറ്റപ്പെട്ട മുറിയിലടച്ചിരിക്കുകയാണ്‌.

അറുപതുകളുടെ ആദ്യം മണിപ്പൂരില്‍ നടപ്പിലാക്കുകയും പിന്നീട്‌ ആസ്സാം, മിസോറം, കശ്‌മീര്‍ തുടങ്ങിയ വിവിധ സംസ്ഥാനങ്ങളിലേക്കു വ്യാപിപ്പിക്കുകയും ചെയ്‌ത 'പ്രത്യേക സൈനികാവകാശനിയമം' അതിന്റെ ക്രൂരമുഖം വെളിവാക്കിയപ്പോള്‍ സമരമുഖത്തേക്ക്‌ എടുത്തെറിയപ്പെട്ട ഒരു സമൂഹം. അവരുടെ പ്രതിനിധിയാണ്‌ കവയത്രിയും പത്രപ്രവര്‍ത്തകയുമായ ഇറോം ശര്‍മ്മിള. ഈ നിയമപ്രകാരം സൈന്യത്തിന്‌ ആരെയും എപ്പോഴും എവിടെ വെച്ചും അറസ്റ്റ്‌ ചെയ്യാം. കേസ്‌ ചാര്‍ജ്ജ്‌ ചെയ്യാതെ നിരപാധിത്വം തെളിയിക്കാനുള്ള അവകാശംപോലും നിഷേധിച്ച്‌ അനന്തകാലം തടവില്‍പ്പാര്‍പ്പിക്കുകയും ചെയ്യാം. പൗരാവകാശങ്ങളെ കശാപ്പുചെയ്യുന്ന ജനാധിപത്യവിരുദ്ധമായ ഈ നിയമത്തിന്റെ മറവില്‍ സൈന്യം നടത്തിയ അതിനിഷ്ടൂരമായ വെടിവെപ്പില്‍  സ്‌കൂള്‍ വിദ്യാര്‍ത്ഥികളടക്കം നിരവധിപേര്‌ കൊല്ലപ്പെട്ടു. ഇതില്‍ പ്രധിഷേധിച്ച്‌, ഈ നിയമമെടുത്തുകളയണമെന്നും ഭരണകൂടഭീകരത അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട്‌ 2000ല്‍ ഇറോം നിരാഹാരസത്യഗ്രഹം ആരംഭിച്ചു.
ഹസ്സാരെയുടെ നിരാഹാരത്തിന്‌ വന്‍ പിന്തുണ; ഇറോം ശര്‍മ്മിള ഒറ്റമുറിയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക