Image

സെന്റ്‌ മേരീസ്‌ ക്‌നാനായ മിഷന്‍ മാതാവിന്റെ സ്വര്‍ഗ്ഗാരോഹണ തിരുനാള്‍ ആഘോഷിച്ചു

ജോയിച്ചന്‍ പുതുക്കുളം Published on 22 August, 2011
സെന്റ്‌ മേരീസ്‌ ക്‌നാനായ മിഷന്‍ മാതാവിന്റെ സ്വര്‍ഗ്ഗാരോഹണ തിരുനാള്‍ ആഘോഷിച്ചു
സാന്‍ഹൊസെ: സെന്റ്‌ മേരീസ്‌ ക്‌നാനായ മിഷന്‍ പരിശുദ്ധ മാതാവിന്റെ സ്വര്‍ഗ്ഗാരോഹണ തിരുനാള്‍ ഭക്തിപൂര്‍വ്വം ആഘോഷിച്ചു. ഓഗസ്റ്റ്‌ 14-ന്‌ ഞായറാഴ്‌ച വൈകുന്നേരം 4.30-ന്‌ ഫ്രീമോണ്ട്‌ സൗത്ത്‌ ബെ കമ്യൂണിറ്റി ചര്‍ച്ച്‌ അങ്കണത്തില്‍ നൂറുകണക്കിന്‌ വിശ്വാസികള്‍ ഒത്തുചേര്‍ന്ന്‌, മിഷന്‍ ഡയറക്‌ടര്‍ ഫാ. സ്റ്റാനി ഇടത്തിപ്പറമ്പിലിന്റേയും മറ്റ്‌ നിരവധി വൈദീകരുടേയും, ഭക്തജനങ്ങളുടേയും സാന്നിധ്യത്തില്‍ വാദ്യമേളത്തിന്റെ അകമ്പടിയോടെ കൊടി ഉയര്‍ത്തി തിരുനാളിന്‌ തുടക്കംകുറിച്ചു.

തുടര്‍ന്ന്‌ തിരുനാള്‍ പ്രസുദേന്തിമാര്‍ക്കുവേണ്ടി അനുഗ്രഹ പ്രാര്‍ത്ഥനയും, ലദീഞ്ഞും നടത്തപ്പെട്ടു. ഫാ. സജിയുടെ മുഖ്യകാര്‍മികത്വത്തില്‍ നടത്തപ്പെട്ട തിരുനാള്‍ കുര്‍ബാന മധ്യേ, ഫാ. ഏബ്രഹാം കറുകപ്പറമ്പില്‍ തിരുനാള്‍ സന്ദേശം നല്‍കി. സ്റ്റീഫന്‍ മരുതടിയില്‍ നേതൃത്വം നല്‍കിയ ഗായകസംഘം പാട്ടുകുര്‍ബാന ഭക്തിസാന്ദ്രമാക്കി.

വിശുദ്ധ കുര്‍ബാനയ്‌ക്കുശേഷം കേരളത്തനിമയില്‍, മാതാവിന്റെ തിരുസ്വരൂപവും വഹിച്ചുനടത്തിയ ആഘോഷമായ പ്രദക്ഷിണം തിരുനാളിനെ അവിസ്‌മരണീയമാക്കി.

മിഷന്റെ പ്രഥമ വെബ്‌സൈറ്റിന്റെ സ്വിച്ച്‌ ഓണ്‍ കര്‍മ്മം മില്‌പിറ്റാ മേയര്‍ ഹൊസെ എസ്റ്റീവ്‌സ്‌ നിര്‍വഹിച്ചു. തുടര്‍ന്ന്‌ അടുത്തവര്‍ഷത്തേയ്‌ക്കുള്ള പ്രസുദേന്തിമാരെ വാഴിച്ചു. ഫിലിപ്പ്‌ കറുകപ്പറമ്പില്‍, സിറിയക്‌ തോട്ടം, ജോര്‍ജ്‌ ചെറുകര, രാജി മേലുവള്ളില്‍ എന്നിവരാണ്‌ അടുത്തവര്‍ഷത്തെ തിരുനാള്‍ പ്രസുദേന്തിമാര്‍.

മിഷന്‍ ഡയറക്‌ടര്‍ ഫാ. സ്റ്റാനി ഇടത്തിപ്പറമ്പിലിന്റെ നേതൃത്വത്തില്‍ കൈക്കാരന്മാരായ ലൂക്കോസ്‌ ചെമ്മരപ്പള്ളില്‍, ജോസ്‌ പാറശ്ശേരില്‍, ജോസ്‌ മാമ്പിള്ളില്‍, കുഞ്ഞുമോന്‍ ചെമ്മരപ്പള്ളില്‍, പാരീഷ്‌ കൗണ്‍സില്‍ അംഗങ്ങള്‍, വിമന്‍സ്‌ ഫോറം, കെ.സി.വൈ.എല്‍ എന്നിവരും തിരുനാള്‍ ആഘോഷങ്ങള്‍ക്ക്‌ നേതൃത്വം നല്‍കി. ഈ വര്‍ഷത്തെ തിരുനാള്‍, വിശ്വാസികളുടെ പങ്കാളിത്തംകൊണ്ടും, സഹകരണംകൊണ്ടും ഭക്തിസാന്ദ്രമാക്കിയതില്‍ മിഷന്‍ ഡയറക്‌ടര്‍ ഫാ. സ്റ്റാനി ഇടത്തിപ്പറമ്പില്‍ ഏവര്‍ക്കും നന്ദി പറഞ്ഞു. ജോസ്‌ മാമ്പള്ളില്‍ അറിയിച്ചതാണിത്‌.
സെന്റ്‌ മേരീസ്‌ ക്‌നാനായ മിഷന്‍ മാതാവിന്റെ സ്വര്‍ഗ്ഗാരോഹണ തിരുനാള്‍ ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക