Image

`മാവേലി മാട്രിമോണി' ഒരുങ്ങുന്നു; ഐ.എം.എ ഓണം സെപ്‌റ്റംബര്‍ 3-ന്‌

ജോയിച്ചന്‍ പുതുക്കുളം Published on 22 August, 2011
`മാവേലി മാട്രിമോണി' ഒരുങ്ങുന്നു; ഐ.എം.എ ഓണം സെപ്‌റ്റംബര്‍ 3-ന്‌
ഷിക്കാഗോ: ഇല്ലിനോയി മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ അതിവിപുലമായി നടത്തപ്പെടുന്ന ഈവര്‍ഷത്തെ ഓണാഘോഷങ്ങള്‍ക്ക്‌ അണിയറയില്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതായി പ്രസിഡന്റ്‌ ഷാജന്‍ ആനിത്തോട്ടം, ആഘോഷകമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജിഷ ഏബ്രഹാം എന്നിവര്‍ അറിയിച്ചു.

ഓണാഘോഷങ്ങളോടനുബന്ധിച്ച്‌ അരങ്ങേറുന്ന കലാസന്ധ്യയില്‍ അവതരിപ്പിക്കപ്പെടുന്ന `മാവേലി മാട്രിമോണി ഡോട്ട്‌കോം' എന്ന ഹാസ്യ-നൃത്ത-സംഗീത പരിപാടിയുടെ റിഹേഴ്‌സല്‍ ത്വരിതഗതിയില്‍ നടക്കുകയാണ്‌. അമേരിക്കയിലെ മലയാളി സമൂഹത്തിലും കേരളത്തിലും നടക്കുന്ന സമകാലിക സംഭവങ്ങള്‍ ഹാസ്യത്തിന്റെ മേമ്പൊടിയോടെ അവതരിപ്പിക്കപ്പെടുന്ന `മാട്രിമോണി'യില്‍ ഷിക്കാഗോ ലാന്റിലെ അറിയപ്പെടുന്നവരും, പ്രേഷകാംഗീകാരം നേടിയവരുമായ മികച്ച അഭിനേതാക്കളും കലാകാരന്മാരുമാണ്‌ പങ്കെടുക്കുന്നത്‌.

പ്രോഗ്രാം ഡയറക്‌ടര്‍ ഡോ. ശ്രീധരന്‍ കര്‍ത്തായുടെ ഭാവനയില്‍ വിരിഞ്ഞ കഥയില്‍ മാവേലിയെ കാലിക പ്രസക്തി നല്‍കി പുതിയ രൂപത്തില്‍ അവതരിപ്പിക്കുന്നു. സ്വത്തും രഹസ്യ നിലവറകളിലെ സ്വര്‍ണ്ണ ഉരുപ്പടികളുമുള്‍പ്പടെ വിലപ്പെട്ടതെല്ലാം അടിച്ചുമാറ്റി ഭാര്യ ഉപേക്ഷിച്ചുപോയതോടെ മാവേലി പുതിയൊരു ബാന്ധവത്തിനായി വെബ്‌സൈറ്റ്‌ തുടങ്ങി വിവാഹ പരസ്യം ചെയ്യുന്നിടത്താണ്‌ കഥയുടെ തുടക്കം. പരസ്യം കണ്ട്‌ പ്രായഭേദമെന്യേ നിരവധി അപേക്ഷകര്‍ മാവേലിയെ തേടിയെത്തുന്നു. വിവാഹാലോചനകളും അതോടൊപ്പം സങ്കടഹര്‍ജികളുമായെത്തുന്ന അമേരിക്കന്‍ മലയാളികളും ചേര്‍ന്ന്‌ മാവേലി തമ്പുരാന്റേയും അദ്ദേഹത്തിന്റെ സന്തത സഹചാരിയും സകല തരികിടകളുടേയും ആണിക്കല്ലുമായ മന്ത്രിയുടേയും ദിവസങ്ങളെ സംഭവബഹുലമാക്കുന്നു. കാര്യങ്ങളങ്ങനെ രസകരമായി പുരോഗമിക്കുമ്പോഴാണ്‌ വെബസൈറ്റില്‍ വൈറസ്‌ കടത്തി വിട്ട്‌ അജ്ഞാതര്‍ അട്ടിമറി നടത്തിയത്‌. അതോടെ മാവേലിയുടേയും മന്ത്രിപുംഗവന്റേയും പദ്ധതികള്‍ പാളിത്തുടങ്ങുന്നു. മൃദുതന്ത്രങ്ങളുമായി മുന്നേറാന്‍ ശ്രമിക്കുന്ന മാവേലിയെ തേടി ബിന്‍ലാദന്‍ മുതല്‍ സ്ഥലം മദ്യപാനികള്‍ വരെ എത്തുന്നതോടുകൂടി കഥയില്‍ പിരിമുറുക്കവും ആക്ഷേപഹാസ്യവും കടന്നുവരികയാണ്‌.

അപ്രതീക്ഷിതവും ആവേശകരുമായി കഥയുടെ ഗതിമാറുന്ന പരിപാടിയുടെ ക്ലൈമാക്‌സ്‌ രംഗത്ത്‌ ചലച്ചിത്രതാരം കനിഹയും പ്രത്യക്ഷപ്പെടുന്നതോടെ ഐ.എം.എ ഓണാഘോഷങ്ങളില്‍ പങ്കെടുക്കാനെത്തുന്ന മലയാളി കുടുംബങ്ങള്‍ക്ക്‌ ഇത്തവണ രുചികരമായ ഓണസദ്യയോടൊപ്പം മനംനിറയ്‌ക്കുന്ന കലാവിരുന്നുകൂടി ലഭിക്കുന്നു. ആര്‍ട്ടിസ്റ്റ്‌ നാരായണന്‍ കുട്ടപ്പന്‍, പയസ്‌ ഒറ്റപ്ലാക്കല്‍, സ്റ്റീഫന്‍ ചൊള്ളമ്പേല്‍, ജെയിന്‍ മാക്കീല്‍, റാവു അറയ്‌ക്കല്‍, മിനി ബെന്നി, ചേരൂര്‍ മത്തായി തുടങ്ങിയ താരനിരയോടൊപ്പം ഷിക്കാഗോ ലാന്റിലെ മുന്നൂറില്‍പ്പരം കുട്ടികളും കലാവിരുന്നൊരുക്കാന്‍ അണിയറയില്‍ തയാറെടുക്കുകയാണ്‌.

തിരുവോണ സദ്യ കൃത്യം അഞ്ചുമണിക്ക്‌ തന്നെ താഫ്‌റ്റ്‌ ഹൈസ്‌കൂള്‍ കഫറ്റീരിയയില്‍ ആരംഭിക്കും. താരസുന്ദരി കനിഹയോടൊപ്പം ഐ.എം.എ വനിതാവേദി പ്രവര്‍ത്തകരും ചേര്‍ന്ന്‌ വിളമ്പിത്തുടങ്ങുന്ന ഓണസദ്യ തയാറാക്കുന്നത്‌ മലബാര്‍ കേറ്ററിംഗാണ്‌. ആറുമണിക്ക്‌ തന്നെ ഘോഷയാത്ര ആരംഭിക്കുന്നതിനാല്‍ ഓണസദ്യയില്‍ പങ്കെടുക്കാന്‍ വൈകുന്നേരം അഞ്ചുമണിക്കുതന്നെ എല്ലാവരും എത്തിച്ചേരണമെന്ന്‌ ഫുഡ്‌ കമ്മിറ്റി ചെയര്‍മാന്‍ അറിയിച്ചു.

ഓണസദ്യയ്‌ക്കുള്ള ടിക്കറ്റ്‌ ഫാമിലിക്ക്‌ 25 ഡോളറും, സിംഗിള്‍ ടിക്കറ്റ്‌ 10 ഡോളറുമായിരിക്കും. ടിക്കറ്റുകള്‍ ഐ.എം.എ ഭാരവാഹികളില്‍ നിന്നോ, എല്ലാ പ്രമുഖ മലയാളി ഗ്രോസറി കടകളില്‍ നിന്നോ വാങ്ങാവുന്നതാണ്‌. താഫ്‌റ്റ്‌ ഹൈസ്‌കൂളിലെ കഫെറ്റീരിയയിലും ടിക്കറ്റുകള്‍ അന്നേദിവസം ലഭ്യമായിരിക്കും. നമ്മുടെ തനതു സംസ്‌കാരവും ഐക്യവും വിളിച്ചോതുന്ന നാടിന്റെ ഈ സ്വന്തം ഉത്സവത്തിലേക്ക്‌ സമസ്‌ത മലയാളി കുടുംബങ്ങളേയും സെപ്‌റ്റംബര്‍ മൂന്നാം തീയതി വൈകുന്നേരം താഫ്‌റ്റ്‌ ഹൈസ്‌കൂളിലേക്ക്‌ ഭാരവാഹികള്‍ സ്വാഗതം ചെയ്‌തു.
`മാവേലി മാട്രിമോണി' ഒരുങ്ങുന്നു; ഐ.എം.എ ഓണം സെപ്‌റ്റംബര്‍ 3-ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക