Image

അനൗപചാരിക ചര്‍ച്ചകള്‍ തുടങ്ങി; പ്രധാനമന്ത്രി വന്നാലും മാറ്റമില്ലെന്ന്‌ ഹസ്സാരെ

Published on 22 August, 2011
അനൗപചാരിക ചര്‍ച്ചകള്‍ തുടങ്ങി; പ്രധാനമന്ത്രി വന്നാലും മാറ്റമില്ലെന്ന്‌ ഹസ്സാരെ
ന്യൂഡല്‍ഹി: സമഗ്ര ജന ലോക്‌പാല്‍ ബില്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ട്‌ കഴിഞ്ഞ ആറ്‌ ദിവസമായി തുടരുന്ന നിരാഹാരം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട്‌ അന്നാ ഹസാരെയുമായി കേന്ദ്രം അനൗപചാരിക ചര്‍ച്ച തുടങ്ങി. എന്നാല്‍ പ്രധാനമന്ത്രി വന്നു ചര്‍ച്ച നടത്തിയാലും നിലപാടില്‍ മാറ്റമില്ലെന്നു ഹസാരെ പ്രസ്‌താവിച്ചു. ഓഗസ്‌റ്റ്‌ 30-നു മുമ്പു ജന ലോക്‌പാല്‍ ബില്‍ പാസാക്കിയില്ലെങ്കില്‍ രാജ്യവ്യാപകമായി കടുത്ത പ്രക്ഷോഭത്തിലേക്കു പോകുമെന്നും ഹസാരെ മുന്നറിയിപ്പു നല്‌കി.

മഹാരാഷ്‌ട്ര അഡീഷണല്‍ ചീഫ്‌ സെക്രട്ടറി ഉമേഷ്‌ സാരംഗി, കേന്ദ്രമന്ത്രിയും മുന്‍ മഹാരാഷ്‌ട്ര മുഖ്യമന്ത്രിയുമായ വിലാസ്‌ റാവു ദേശ്‌മുഖ്‌ എന്നിവരാണു ചര്‍ച്ചകള്‍ ആരംഭിച്ചത്‌. അവര്‍ ഹസാരെ വിഭാഗത്തിലെ സ്വാമി അഗ്നിവേശുമായി ചര്‍ച്ച നടത്തി. ജസ്റ്റീസ്‌ സ ന്തോഷ്‌ ഹെഗ്‌ഡെ മധ്യസ്ഥ ശ്രമങ്ങള്‍ക്കായി ഉടന്‍ ഡല്‍ഹിയില്‍ എത്തുമെന്നാണ്‌ അറിയുന്നത്‌.

ഇതിനിടെ സ്റ്റാന്‍ഡിങ്‌ കമ്മിറ്റിക്കു മുമ്പാകെയുള്ള ലോക്‌പാല്‍ ബില്ലില്‍ സമൂല മാറ്റങ്ങള്‍ ഉറപ്പാണെന്ന്‌ കോണ്‍ഗ്രസ്‌ വക്താവ്‌ മനു അഭിഷേക്‌ സിങ്‌വി പറഞ്ഞു. സ്റ്റാന്‍ഡിങ്‌ കമ്മിറ്റിക്ക്‌ അവസരംനല്‍കണമെന്നും എല്ലാ ആശങ്കകളും പരിഹരിക്കുമാറ്‌ ഫലപ്രദമായ ഒരു ലോക്‌പാല്‍ ബില്‍ രൂപപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

ലോക്‌പാല്‍ ബില്ലിനെ കുറിച്ച സര്‍ക്കാര്‍ നിലപാട്‌ ആഭ്യന്തര മന്ത്രി പി. ചിദംബരം നല്‍കുമെന്ന്‌ പറഞ്ഞ്‌ ധനമന്ത്രി പ്രണബ്‌ മുഖര്‍ജി ഒഴിഞ്ഞുമാറി.

എന്നാല്‍, സ്റ്റാന്‍ഡിങ്‌ കമ്മിറ്റിയുടെ പരിഗണനക്കു വേണ്ടി അണ്ണാ ഹസാരെ സംഘം തയാറാക്കിയ ജന്‍ ലോക്‌പാല്‍ ബില്‍ ബറേലിയില്‍ നിന്നുള്ള കോണ്‍ഗ്രസ്‌ എം.പി.പ്രവീണ്‍ സിങ്‌ അറോണ്‍ സമര്‍പ്പിച്ചത്‌ വഴിത്തിരിവായി. അടുത്ത യോഗത്തില്‍ സമിതി ഈ ബില്‍ പരിഗണനക്കെടുക്കുമോ എന്ന കാര്യം പക്ഷേ വ്യക്തമല്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക