Image

ലോക്‌പാല്‍ ബില്ല്‌: സമരം അഞ്ചാം ദിവസത്തിലേക്ക്‌; സര്‍ക്കാര്‍ പ്രതിക്കൂട്ടില്‍

Published on 21 August, 2011
ലോക്‌പാല്‍ ബില്ല്‌: സമരം അഞ്ചാം ദിവസത്തിലേക്ക്‌; സര്‍ക്കാര്‍ പ്രതിക്കൂട്ടില്‍
ന്യൂഡല്‍ഹി: സമഗ്രമായ ലോക്‌പാല്‍ ബില്ലിനുവേണ്ടി ഉപവാസം നടത്തുന്ന അണ്ണാ ഹസ്സാരേയുംടേയും കൂട്ടരുടേയും സമരം അഞ്ചാം ദിവസത്തിലേക്ക്‌ കടക്കുന്നു. ഇതിനിടെ കേന്ദ്രസര്‍ക്കാര്‍ സമ്മര്‍ദ്ദത്തിലായി. സംഘവുമായി ചര്‍ച്ചയ്‌ക്കു തയാറാണെങ്കിലും ബില്‍ പാസാക്കല്‍ ഈ മാസംതന്നെ വേണമെന്ന നിര്‍ബന്ധത്തിനു വഴങ്ങില്ലെന്നു ഇന്നലെ പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു.

ശക്തമായ ലോക്‌പാല്‍ ബില്ല്‌ വേണമെന്നുതന്നെയാണ്‌ സര്‍ക്കാരിന്റേയും നിലപാടെന്നും നിയമ നിര്‍മാണത്തിനു സമയമെടുക്കുമെന്നതിനാല്‍ ഇതിനായി സമവായം ആവശ്യമാണെന്നും ഈ മാസം മുപ്പതിനുള്ളില്‍ ലോക്‌പാല്‍ ബില്‍ പാസാക്കുക പ്രയാസമായിരിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

ജന ലോക്‌പാല്‍ ബില്‍ ഓഗസ്‌റ്റ്‌ മാസത്തിനുള്ളില്‍ പാസാക്കണമെന്നതാണ്‌ ഹസ്സാരെയുടെ നിലപാട്‌. ലോക്‌പാല്‍ ബില്‍ നടപ്പിലാക്കിയതു കൊണ്‌ടു മാത്രം തന്റെ സമരം അവസാനിക്കില്ലെന്നും തെരഞ്ഞെടുപ്പു പ്രക്രിയ പരിഷ്‌കരിക്കുകയും കര്‍ഷകര്‍ക്ക്‌ അനുകൂലമായ ഭൂമി ഏറ്റെടുക്കല്‍ നിയമം കൊണ്‌ടുവരുകയും ചെയ്യുന്നതു വരെ സമ രം തുടരുമെന്നും ഹസാരെ പറഞ്ഞു. ലോക്‌പാല്‍ ബില്‍ പാസാക്കിയെന്നതുകൊണ്‌ടു യുവജനങ്ങള്‍ സമരം നിര്‍ത്തരുത്‌. നിലവിലു ള്ള തെരഞ്ഞെടുപ്പു നിയമത്തി ലെ തെറ്റുകള്‍ നീക്കാന്‍ പോരാടണം. തെരഞ്ഞെടുപ്പു സമ്പ്രദായത്തിലെ പോരായ്‌മ കൊണ്‌ടാ ണു നൂറ്റമ്പതിലേറെ ക്രിമിനലുകള്‍ പാര്‍ലമെന്റില്‍ എത്തിയിരിക്കുന്നത്‌. ഇത്‌ അവസാനിപ്പിക്കണം. സര്‍ക്കാരിന്റെ ഖജനാവിലെ പണം ജനങ്ങളുടേതാണ്‌. അതിനു ഭീഷണി കള്ളന്‍മാരല്ല, അതിന്റെ കാവല്‍ക്കാര്‍ തന്നെയാണെന്നും നാടിനെ വഞ്ചിക്കുന്നത്‌ ഇത്തരം രാജ്യദ്രോഹികളാണെന്നും അദ്ദേഹം ആരോപിച്ചു.

അതിനിടെ, പാര്‍ലമെന്റില്‍ അവതരിപ്പിച്ച ലോക്‌പാല്‍ ബില്ലിന്‌ പൊതുജനാഭിപ്രായം തേടി പാര്‍ലമെന്ററി സമിതി ശനിയാഴ്‌ച ദേശീയദിനപ്പത്രങ്ങളില്‍ പരസ്യം പ്രസിദ്ധീകരിച്ചു. വ്യക്തികളോ സംഘടനകളോ 15 ദിവസത്തിനുള്ളില്‍ അഭിപ്രായം അറിയിക്കണമെന്നാണ്‌ നിര്‍ദേശം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക