Image

ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ അന്വേഷണംആവശ്യപ്പെട്ടു

Published on 18 August, 2011
ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ അന്വേഷണംആവശ്യപ്പെട്ടു
പൂങ്കുളം ഫാത്തിമമാതാ പള്ളി ഹോളി സ്​പിരിറ്റ് കോണ്‍വെന്റിലെ അന്തേവാസിയായ കന്യാസ്ത്രീ മേരിആന്‍സിയുടെ മരണം ആത്മഹത്യയാണെന്ന നിഗമനത്തിലേക്ക് പോലീസ് എത്തുന്നു. ഇതുവരെയുള്ള അന്വേഷണത്തില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് പോലീസ് പറഞ്ഞു.

മേരി ആന്‍സിയെ ചികിത്സിച്ചിരുന്ന സ്വകാര്യ ആസ്​പത്രിയിലെ ഡോക്ടറില്‍ നിന്നും ചികിത്സ സംബന്ധിച്ച വിശദവിവരങ്ങള്‍ പോലീസ് ശേഖരിച്ചു. പ്രമേഹത്തിനും ത്വഗ്രോഗത്തിനും ഇവര്‍ ചികിത്സയിലായിരുന്നു. കഴിച്ചിരുന്ന മരുന്നുകളും പോലീസ് ശേഖരിച്ചു. കോണ്‍വെന്റിലെ മുറിയില്‍ നിന്നും ചികിത്സാ രേഖകളും ലഭിച്ചു. ഒരാഴ്ചയായി ഇവര്‍ക്ക് ഉറക്കക്കുറവ് അനുഭവപ്പെട്ടിരുന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ഒന്നരമാസമായി വീട്ടില്‍ പോയിരുന്നില്ലെന്നാണ് പോലീസിന് ലഭിച്ച വിവരം.

മഠത്തിലെ ജീവനക്കാരെയും അന്തേവാസികളെയും കോവളം പോലീസ് ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ സിസ്റ്റര്‍ കടുത്ത മാനസിക സമര്‍ദത്തിലായിരുന്നെന്നാണ് ഇവര്‍ നല്‍കിയ വിവരം. എന്നാല്‍ നാട്ടുകാര്‍ ഇത് നിഷേധിച്ചതാണ് അഭ്യൂഹങ്ങള്‍ക്ക് ഇടയാക്കിയത്. ഫോറന്‍സിക് വിദഗ്ധര്‍ നടത്തിയ പ്രാഥമിക പരിശോധനയിലും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും സംശയിക്കത്തക്കതായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഫോറന്‍സിക് വിദഗ്ധര്‍ ബുധനാഴ്ച രണ്ടുമണിക്കൂറോളം സംഭവസ്ഥലത്ത് പരിശോധന നടത്തിയിരുന്നു. ബലപ്രയോഗം നടന്നതിന്റെ സൂചനകള്‍ ലഭിച്ചിട്ടില്ല. പോലീസ് സര്‍ജന്റെ നേതൃത്വത്തിലാണ് സിസ്റ്റര്‍ ആന്‍സിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. ശ്വാസകോശത്തില്‍ വെള്ളം നിറഞ്ഞിരുന്നു. സിസ്റ്റര്‍ ടാങ്കില്‍ അകപ്പെടുമ്പോള്‍ ബോധമുണ്ടായിരുന്നു എന്ന നിഗമനത്തിലേക്കാണ് ഇത് വഴിതെളിക്കുന്നത്. കോണ്‍ഷ്യസ് ഡ്രൗണിങ് എന്ന ബോധത്തോടെയുള്ള മുങ്ങിമരണമെന്നാണ് ഡോക്ടര്‍മാര്‍ നല്‍കിയ വിവരം.

കോണ്‍വെന്റിലെ ഭൂഗര്‍ഭ ടാങ്കില്‍ സിസ്റ്റര്‍ അകപ്പെട്ടതിനെക്കുറിച്ചും സംശയങ്ങള്‍ ഉയര്‍ന്നിരുന്നു. മാന്‍ഹോളിന്റെ കോണ്‍ക്രീറ്റ് അടപ്പ് നീക്കംചെയ്ത നിലയിലായിരുന്നു. ഭാരമുള്ള സ്ലാബ് ഉയര്‍ത്തി മാറ്റാനുള്ള ശാരീരികക്ഷമത കന്യാസ്ത്രീക്ക് ഇല്ലെങ്കിലും നിരക്കിമാറ്റാന്‍ കഴിയുമെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മാന്‍ഹോളിലൂടെ ഊര്‍ന്നിറങ്ങാന്‍ സാധിക്കുമെന്ന നിഗമനാണ് അന്വേഷണ സംഘത്തിനുള്ളത്. എന്നാല്‍ ബലപ്രയോഗത്തിലൂടെ അകത്തേയ്ക്ക് തള്ളിയിടുകയാണെങ്കില്‍ ശരീരത്തില്‍ മുറിപ്പാടുകളുണ്ടാകും. മേരി ആന്‍സിയുടെ മുഖത്ത് മാത്രമാണ് മുറിവുള്ളത്. ടാങ്കിനുള്ളിലേക്കുള്ള വീഴ്ചയില്‍ സംഭവിച്ചതാണെന്നാണ് സംശയം.

ഫോറന്‍സിക് റിപ്പോര്‍ട്ട് ലഭിച്ചാല്‍ മരണകാരണത്തെക്കുറിച്ച് കൂടുതല്‍ വ്യക്തത ലഭിക്കുമെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ രമേശ് ബാബു പറഞ്ഞു. ആന്തരാവയവ പരിശോധനയില്‍ മാത്രമേ ഇതേക്കുറിച്ച് കൂടുതല്‍ ശാസ്ത്രീയ തെളിവ് ലഭിക്കുകയുള്ളൂ. റിപ്പോര്‍ട്ട് വേഗം ലഭിക്കുന്നതിനായി പോലീസ് അപേക്ഷ നല്‍കിയിട്ടുണ്ട്. വിശദമായ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും അടുത്ത ദിവസങ്ങളില്‍ ലഭിക്കുമെന്നറിയുന്നു.

ഇതേസമയം, സിസ്റ്റര്‍ മേരി ആന്‍സി മരിച്ചതില്‍ ദുരൂഹതയുള്ളതിനാല്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തണമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക