Image

ഒരു വസന്തകാലം ഓര്‍മ്മപ്പെടുത്തി റീമേക്കുകള്‍

Published on 18 August, 2011
ഒരു വസന്തകാലം ഓര്‍മ്മപ്പെടുത്തി റീമേക്കുകള്‍
വര്‍ഷങ്ങള്‍ക്കു മുമ്പ്‌ പ്രേക്ഷകരുടെ ഇഷ്‌ടങ്ങളായി മാറിയ ഒരുപിടി ചിത്രങ്ങള്‍.... ഓര്‍മ്മകളില്‍ അഭിമാനം പേറുന്ന കഥകള്‍...മലയാളിയുടെ പ്രീയപ്പെട്ട നൊസ്റ്റാള്‍ജിയ... ഒരുകാലത്ത്‌ കേരളത്തിലെ തീയേറ്ററുകളില്‍ തരംഗമായ ഹിറ്റുകള്‍. അവയുടെ പുതിയൊരു ചലച്ചിത്രഭാഷ്യത്തിന്‌ കാലങ്ങള്‍ക്കിപ്പുറവും ഏറെ പ്രസക്തിയുണ്ടെന്ന്‌ മലയാള സിനിമ തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു. ഭരതനും പത്മരാജനുമടക്കം മലയാള സിനിമയുടെ കാല്‌പനിക ഭാവങ്ങള്‍ക്ക്‌ നിറം നല്‍കിയ ഒരുപിടി ചലച്ചിത്രകാരന്‍മാരും, എഴുത്തുകാരും വീണ്ടും ഓര്‍മ്മിക്കപ്പെടുക കൂടിയാണിവിടെ. അവരുടെ സൃഷ്‌ടികളലേക്ക,്‌ കഥകള്‍ സിനിമകളായി മാറിയിരുന്ന ഒരു കാലത്തേക്ക്‌, മലയാള സിനിമ തിരിഞ്ഞു നടക്കുകയാണിന്ന്‌. നീലത്താമരയും, രതിനിര്‍വേദവും ഈ യാത്രക്ക്‌ ആദ്യ ചുവടുകളാകുന്നു. മലയാള സിനിമയുടെ ഒരു വസന്തകാലം ഓര്‍മ്മപ്പെടുത്തുകയാണീ ഈ റീമേക്കുകള്‍.

മലയാളത്തിലെ ആദ്യകാല ചിത്രങ്ങളുടെ റീമേക്കുകള്‍ക്കുള്ള സാധ്യത തിരിച്ചറിഞ്ഞത്‌ നിര്‍മ്മാതാവ്‌ കൂടിയായ സുരേഷ്‌കുമാറാണ്‌. അങ്ങനെ 1979ല്‍ പ്രേക്ഷകര്‍ക്ക്‌ മുമ്പിലെത്തിയ നീലത്താമര മുപ്പത്‌ വര്‍ഷങ്ങള്‍ക്ക്‌ ശേഷം വിണ്ടും വിരിഞ്ഞു. മലയാള സിനിമയില്‍ ഒരു പുതുമയുടെ തുടക്കമായിരുന്നു 2009ലെത്തിയ നീലത്താമര. മുപ്പത്‌ വര്‍ഷത്തെ ഇടവേളയാണ്‌ രണ്ട്‌ ചിത്രങ്ങളും തമ്മില്‍. 79ല്‍ യൂസഫലി കേച്ചേരിക്ക്‌ വേണ്ടി എം.ടി വാസുദേവന്‍ നായര്‍ എഴുതിയ തിരക്കഥ അദ്ദേഹം തന്നെയാണ്‌ റീമേക്കിനായി പാകപ്പെടുത്തിയതും. ഇത്തവണ എം.ടിയുടെ നീലത്താമരക്ക്‌ ചലചിത്രഭാഷ്യമൊരുക്കാന്‍ ഭാഗ്യം ലഭിച്ചത്‌ ലാല്‍ജോസിനായിരുന്നു. അങ്ങനെ ഒരുകൂട്ടം പുതുമുഖങ്ങളുമായി ലാല്‍ജോസ്‌ നീലത്താമര എന്ന ചിത്രമൊരുക്കി. മലയാള സിനിമയില്‍ കൈലാഷ്‌, അര്‍ച്ചന കവി, റിമാ കല്ലുങ്കല്‍ തുടങ്ങിയ താരങ്ങളും പിറന്നു.

മുപ്പതു വര്‍ഷങ്ങള്‍ക്കിപ്പുറം കുഞ്ഞുമാളുവിന്റെ പ്രണയനഷ്‌ടം വീണ്ടും പറഞ്ഞപ്പോള്‍ നീലത്താമര പ്രേക്ഷകര്‍ ഏറ്റെടുത്തു. കുഞ്ഞിമാളുവിന്റെ കഥക്ക്‌ ഒരിക്കലും കാലം തടസമാകുന്നില്ല എന്നതായിരുന്നു യഥാര്‍ഥ്യം. മുപ്പത്‌ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ ചെയ്‌ത ചിത്രം പുനരാവിഷ്‌കരിച്ചപ്പോള്‍ കാലത്തിനെ പുറകോട്ടു കൊണ്ടുപോകാനുള്ള ശ്രമങ്ങളൊന്നും ലാല്‍ ജോസ്‌ ചെയ്‌തിരുന്നില്ല. ഇന്നത്തെ കാലത്തില്‍ നടക്കുന്ന ഒരു കഥയായി തന്നെയാണ്‌ നീലത്താമര രണ്ടാമതും അവതരിപ്പിക്കപ്പെട്ടത്‌.

ചിത്രം സാമ്പത്തിക വിജയമായി. എന്നിട്ടും വീണ്ടുമൊരു റീമേക്ക്‌ ചിത്രത്തിനുള്ള ധൈര്യം മലയാള സിനിമക്കില്ലായിരുന്നു. എന്നാല്‍ മലയാള സിനിമയുടെ സുവര്‍ണ്ണകാലഘട്ടമായ എഴുപതുകളിലും, എണ്‍പതുകളിലും കാലത്തെ വെല്ലുന്ന കഥകള്‍ കിടിപ്പുണ്ടെന്ന്‌ സുരേഷ്‌കുമാര്‍ എന്ന നിര്‍മ്മാതാവിന്‌ ബോധ്യമുണ്ടായിരുന്നു.

ലോകത്തിന്റെ വളര്‍ച്ചയോ, കാലത്തിന്റെ മാറ്റമോ മായ്‌കാത്ത കഥകള്‍. എന്നും എവിടെയും പ്രസക്തമാകുന്ന ഒരുപിടി ചിത്രങ്ങള്‍...

ഇത്തവണ മലയാളത്തിന്റെ അനശ്വരനായ എഴുത്തുകാരന്‍ പി.പത്മരാജന്റെ രതിനിര്‍വേദം എന്ന തിരക്കഥ റീമേക്കിനായി തിരഞ്ഞെടുക്കാനായിരുന്നു സുരേഷ്‌കുമാറിന്റെ തീരുമാനം. പത്മരാജന്റെ തിരക്കഥ അഭ്രപാളിയില്‍ പകര്‍ത്തിയത്‌ ഭരതന്‍. 1978ല്‍ ഒരുക്കിയ രതിനിര്‍വേദത്തില്‍ രതിചേച്ചി എന്ന കഥാപാത്രമായത്‌ ജയഭാരതിയായിരുന്നു. പപ്പുവായി വേഷമിട്ടത്‌ കൃഷ്‌ണചന്ദ്രന്‍ എന്ന പുതുമുഖവും. രതിചേച്ചി എന്ന കഥാപാത്രം ജയഭാരതിയെ പ്രേക്ഷകരുടെ പ്രീയപ്പെട്ടവളാക്കിയത്‌ പിന്നീടുള്ള ചരിത്രം. കാലങ്ങളോളം രതിയെന്ന കഥാപാത്രത്തിലൂടെയാണ്‌ ജയഭാരതിയെ മലയാള സിനിമ ഇഷ്‌ടപ്പെട്ടത്‌.

2011ല്‍ രതിനിര്‍വേദം റീമേക്കിനായി തിരഞ്ഞെടുക്കുമ്പോള്‍ സുരേഷ്‌കുമാറിനെയും, സംവിധായകന്‍ ടി.കെ രാജീവ്‌കുമാറിന്റെയും മുമ്പിലുണ്ടായിരുന്ന ഏറ്റവും വലിയ പ്രശ്‌നം രതി എന്ന കഥാപാത്രം ആരാണ്‌ അഭിനയിക്കുക എന്നതായിരുന്നു.

പ്രീയാമണിയെയാണ്‌ രാജീവ്‌കുമാര്‍ ആദ്യമായി ഈ സിനിമക്ക്‌ വേണ്ടി സമീപിച്ചത്‌. എന്നാല്‍ പ്രീയാമണിയുടെ ഡേറ്റ്‌ ലഭിക്കാത്തതിനെ തുടര്‍ന്ന്‌ അണിയറ പ്രവര്‍ത്തനങ്ങള്‍ നിലച്ചു. എന്നാല്‍ രതിനിര്‍വേദത്തിന്റെ റീമേക്കിനെക്കുറിച്ച്‌ അറിഞ്ഞ ശ്വേതാമേനോന്‍ സംവിധായകന്‍ രാജീവ്‌കുമാറിനെ വിളിച്ച്‌ താന്‍ അഭിനയിക്കാമെന്ന്‌ സമ്മതിക്കുകയായിരുന്നു.

അങ്ങനെ ശ്വേതാമേനോന്‍ രതിയായി വേഷമിടാനെത്തി. 33 വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ ഭരതന്‍ ഒരുക്കിയ ചിത്രത്തിന്‌ ടി.കെ രാജീവ്‌കുമാര്‍ പുതിയ ചലച്ചിത്രഭാഷ്യം നല്‍കുമ്പോള്‍ ആദ്യ ചിത്രത്തില്‍ അഭിനയിച്ച കെ.പി.എ.സി ലളിത ഈ ചിത്രത്തിലും അഭിയിച്ചു എന്ന അപൂര്‍വ്വതയും രതിനിര്‍വേദത്തിന്‌ സ്വന്തം. 33 വര്‍ഷം മുമ്പ്‌ രതിയായി വേഷമിട്ട ജയഭാരതിയും, പപ്പുവായി വേഷമിട്ട കൃഷ്‌ണ ചന്ദ്രനും രതിനിര്‍വേദത്തിന്റെ ലൊക്കേഷനിലെത്തിയതും അപൂര്‍വ്വമായ ഒരു സംഗമത്തിന്‌ വേദിയൊരുക്കി.

ജയഭാരതിയും ശ്വേതയും തമ്മിലുള്ള കാഴ്‌ച രണ്ടു കാലഘട്ടത്തില്‍ ഒരേ കഥാപാത്രത്തെ അവതരിപ്പിച്ചവരുടെ അനുഭവങ്ങളുടെ ഒത്തുചേരലായിരുന്നു. ആദ്യ ചിത്രത്തേക്കാള്‍ മേന്മയില്‍ യാതൊരു കുറവുമില്ലാതെ തന്നെ രതിനിര്‍വേദം രണ്ടാമതും പ്രേക്ഷകരിലേക്കെത്തി.

പത്മരാജന്റെ ജന്മനാടായ ഓണാട്ടുകരയില്‍ ചിത്രീകരിച്ചു എന്നതായിരുന്നു പുതിയ രതിനിര്‍വേദത്തിന്റെ പ്രത്യേകത. പത്മരാജന്‍ ഓണാട്ടുകര പശ്ചാത്തലമാക്കിയാണ്‌ രതിനിര്‍വേദത്തിന്റെ ഒറിജല്‍ കഥ എഴുതിയിരുന്നത്‌. 33വര്‍ഷം മുമ്പെഴുതിയ കഥക്ക്‌ വീണ്ടും ജീവന്‍ നല്‍കുമ്പോള്‍ കാലഘട്ടം ഒരു പ്രശ്‌നമാകുന്നില്ലെന്ന്‌ ടി.കെ രാജീവ്‌കുമാര്‍ ചിത്രീകരണ വേളയില്‍ തന്നെ പറഞ്ഞിരുന്നു. ഇന്നത്തെ കഥയായിട്ടാണ്‌ രതിനിര്‍വേദം രാജീവ്‌കുമാര്‍ അവതരിപ്പിച്ചത്‌. പക്ഷെ കഥയുടെ പ്രസക്തിക്ക്‌ ഒട്ടും കരുത്ത്‌ കുറഞ്ഞിട്ടില്ലെന്ന്‌ രതിനിര്‍വേദത്തിന്റെ വിജയം വ്യക്തമാക്കി. രതിചേച്ചിയും പപ്പുവും തമ്മിലുള്ള പ്രണയം വെറുമൊരു നൊസ്റ്റാള്‍ജിയയല്ല എന്നത്‌ മലയാളി തിരിച്ചറിഞ്ഞു. ഇത്രത്തോളം കാല്‌പനികഭാവം നിറഞ്ഞ നില്‍ക്കുന്ന പ്രണയസങ്കല്‌പത്തെ അവഗണിക്കാന്‍ മലയാളിക്ക്‌ കഴിയുമായിരുന്നില്ല.

രതിനിര്‍വേദം സമീപകാല മലയാള സിനിമയിലെ സൂപ്പര്‍ഹിറ്റുകളിലൊന്നായി. വെറും ഒന്നരക്കോടി രൂപയില്‍ നിര്‍മ്മിച്ച ചിത്രം റിലീസ്‌ ചെയ്‌ത്‌ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ കളക്ഷന്‍ റിക്കോഡ്‌ സൃഷ്‌ടിച്ചു. രതിയുടെ അതിപ്രസരമില്ലാതെ കുടുംബ പ്രേക്ഷകര്‍ക്കും പ്രീയപ്പെട്ട തലത്തില്‍ ചിത്രത്തെ അണിയിച്ചൊരുക്കിയതില്‍ ടി.കെ രാജീവ്‌കുമാര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. അതുപോലെ തന്നെ രതിചേച്ചി എന്ന കഥാപാത്രം ശ്വേതാമേനോനിലൂടെ ഒരു തവണ കൂടി പ്രേക്ഷകരുടെ മനം കവര്‍ന്നു.

രതിനിര്‍വേദം എന്ന റീമേക്ക്‌ ചിത്രത്തിന്റെ വിജയം മലയാള സിനിമയില്‍ ഒരു പുതിയ തുടക്കം നല്‍കുകയായിരുന്നു. ഇതിനെ തുടര്‍ന്ന്‌ നിരവധി ചിത്രങ്ങള്‍ ഇപ്പോള്‍ റീമേക്കിനായി അണിയറയില്‍ തയാറെടുക്കുന്നു.

കഥയിലെ ലാളിത്യം, ഭദ്രത, കരുത്ത്‌ ഇവയൊക്കെയാണ്‌ പത്മരാജനും, എം.ടിയുമൊക്കെ ഒരു കാലത്ത്‌ മലയാള സിനിമക്ക്‌ തന്നെ ചിത്രങ്ങളുടെ ഹൈലൈറ്റുകള്‍. അവ വീണ്ടുമൊരുങ്ങുമ്പോള്‍ പ്രേക്ഷകരുടെ അഭിരുചിയിലുണ്ടായ മാറ്റങ്ങള്‍ പോലും ആസ്വാദനത്തിന്‌ തടസമാകുന്നില്ല എന്നതാണ്‌ സത്യം.

1978ല്‍ ഐ.വി ശശി ഒരുക്കിയ അവളുടെ രാവുകള്‍ എന്ന ചിത്രം ഐ.വി ശശി തന്നെ വീണ്ടുമൊരുക്കാന്‍ തയാറെടുക്കുകയാണിപ്പോള്‍. അവളുടെ രാവുകള്‍ എന്ന സിനിമയിലൂടെയാണ്‌ മലയാളത്തിലെ എന്നത്തെയും പ്രീയപ്പെട്ട നായിക ആദ്യമായി സിനിമയിലെത്തിയത്‌. ഗ്ലാമറിന്റെ അതിപ്രസരമുണ്ടായിരുന്നെങ്കിലും മികച്ച ചലച്ചിത്രരൂപം എന്ന നിലയില്‍ അവളുടെ രാവുകള്‍ ഏറെ ശ്രദ്ധ നേടി. സോമനും സുകുമാരനും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ചിരുന്നു.

രതിനിര്‍വേദത്തിലെ രതിയെ അവതരിപ്പിക്കാന്‍ നായികയെ തേടിയതു പോലെ തന്നെ അവളുടെ രാവുകളിലെ നായികക്കായുള്ള അന്വേഷണവും കുറച്ചുനാളായി സജീവമാണ്‌. സീമ അനശ്വരമാക്കിയ ഒരു കഥാപാത്രം അവതരിപ്പിക്കാന്‍ ഇന്ന്‌ മലയാള സിനിമയില്‍ ആര്‍ക്ക്‌ കഴിയുമെന്നതാണ്‌ പ്രധാന ചോദ്യം. അവളുടെ രാവുകളില്‍ പ്രധാന വേഷം അവതരിപ്പിച്ച സുകുമാരന്റെ മക്കളും ഇപ്പോള്‍ പ്രശസ്‌ത താരങ്ങളുമായ പൃഥ്വിരാജിനെയും ഇന്ദ്രജിത്തിനെയും റീമേക്കിലേക്കും പരിഗണിക്കുന്നുണ്ട്‌. കാലങ്ങള്‍ക്കിപ്പുറം ഐ.വി ശശി എന്ന പ്രമുഖ സംവിധായകന്റെ തിരിച്ചുവരവു കൂടിയായിരിക്കും അവളുടെ രാവുകള്‍. ഈ വര്‍ഷം അവസാനത്തോടുകൂടി ഈ ചിത്രം ആരംഭിക്കുമെന്നാണ്‌ കരുതുന്നത്‌.

ജി.സുരേഷ്‌കുമാര്‍ തന്നെ മലയാള സിനിമയിലെ മറ്റൊരു മികച്ച ചിത്രം റീമേക്കിനൊരുക്കാന്‍ തയാറെടുക്കുകയാണിപ്പോള്‍. 1974ല്‍ കെ.എസ്‌ സേതുമാധവന്‍ എന്ന പ്രശസ്‌ത സംവിധായകന്‍ ഒരുക്കിയ ചട്ടക്കാരി എന്ന ചിത്രം റീമേക്കാനായി തിരഞ്ഞെടുത്തിരിക്കുകയാണ്‌ സുരേഷ്‌കുമാര്‍. സേതുമാധവന്റെ മകന്‍ സന്തോഷ്‌ സേതുമാധവന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സംരംഭം കൂടിയാണിത്‌. ജൂലി എന്ന പേരില്‍ ഹിന്ദിയിലും ഈ സിനിമ ഇതേ വര്‍ഷം ഒരുക്കിയിരിക്കുന്നു. ലക്ഷമിയാണ്‌ മലയാളത്തിലും ഹിന്ദിയിലും കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത്‌.

പഴയ ചട്ടക്കാരിയെ ജൂലി ഓ മൈഡാര്‍ലിംഗ്‌ എന്ന ഹിറ്റ്‌ ഗാനം പുതിയ റീമേക്കിലും ഉള്‍പ്പെടുത്തുന്നുണ്ട്‌. ചട്ടക്കാരിയുടെ റീമേക്കും ഉടന്‍ ഷൂട്ടിംഗ്‌ ആരംഭിക്കും. ഗോവയിലാണ്‌ ചിത്രത്തിന്റെ ലൊക്കേഷന്‍ നിശ്ചയിച്ചിരിക്കുന്നത്‌.

നീലത്താമരയും രതിനിര്‍വേദവുമൊക്കെ പ്രണയത്തിന്റെ കഥകള്‍ പറഞ്ഞ റീമേക്കുകളായിരുന്നുവെങ്കില്‍ ആക്ഷന്‍ പശ്ചാത്തലത്തിലൊരുങ്ങിയ നാടുവാഴികള്‍ എന്ന ചിത്രവും റീമേക്കിന്‌ തയാറെടുക്കുകയാണ്‌. എസ്‌.എന്‍ സ്വാമിയുടെ തിരക്കഥയില്‍ ജോഷി സംവിധാനം ചെയ്‌ത മോഹന്‍ലാല്‍ ചിത്രം നാടുവാഴികളാണ്‌ ഇപ്പോള്‍ റീമേക്കിനായി ഒരുങ്ങുന്നത്‌. 1989ലാണ്‌ നാടുവാഴികള്‍ ഒരുക്കിയത്‌.

മോഹന്‍ലാലിന്റെ മികച്ച ആക്ഷന്‍ ചിത്രമായ നാടുവാഴികള്‍ ഫാമിലി ഡ്രാമയെന്ന നിലയിലും ശ്രദ്ധിക്കപ്പെട്ടിരുന്നു. വര്‍ഷങ്ങള്‍ക്ക്‌ ശേഷം നാടുവാഴികള്‍ റീമേക്കിനൊരുക്കുമ്പോള്‍ പൃഥ്വിരാജാണ്‌ നായകന്റെ സ്ഥാനത്തേക്ക്‌ എത്തുന്നത്‌. സംവിധായകന്റെ റോളില്‍ ഷാജി കൈലാസും. വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ താനെഴുതിയ തിരക്കഥ കാലത്തിന്റെ മാറ്റങ്ങളോടെ വീണ്ടുമൊരുക്കുകയാണ്‌ എസ്‌.എന്‍ സ്വാമി.

മലയാള സിനിമയില്‍ റീമേക്കുകളില്‍ ഏറ്റവും ശ്രദ്ധേയമാകുന്നത്‌ മറ്റൊരു പ്രോജക്‌ടാണ്‌. പത്മരാജന്റെ എക്കാലത്തെയും മികച്ച തിരക്കഥയായ തകര. 1980ലാണ്‌ തകര പത്മരാജന്‍ തിരക്കഥയില്‍ ഭരതന്‍ ഒരുക്കുന്നത്‌.

ജീവിതം എന്തെന്നറിയാതെ ജീവിച്ചിരുന്ന തകര സുഭാഷണിയില്‍ നിന്നും നേടുന്ന പ്രണയം അവന്റെ ജീവിതം തന്നെ മാറ്റിമറിക്കുന്നതാണ്‌ തകരയുടെ പ്രമേയം. തകരയായി പ്രതാപ്‌ പോത്തനും, സുഭാഷണിയായി സുരേഖയും അഭിനയിച്ചപ്പോള്‍ നെടുമുടിവേണുവിന്റെ ചെല്ലപ്പനാശാരി എന്ന കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പ്രണയത്തിന്റെ എല്ലാമാനങ്ങളും കടംകൊണ്ട തകര പകയുടെ തീവ്രതയും വരച്ചിട്ട ചിത്രമായിരുന്നു. പ്രണയത്തിന്റെയും രതിയുടെയും പകയുടെയുമൊക്കെ മനുഷ്യഭാവങ്ങളെ ശക്തമായി ഉള്‍ക്കൊണ്ട തകരയുടെ റീമേക്കും അത്രത്തോളം എളുപ്പമായല്ല കാണുന്നത്‌. തകരക്കും സുഭാഷിണിക്കും, ചെല്ലപ്പനാശാരിക്കുമൊക്കെ പകരക്കാരെ കണ്ടെത്തുക ഇന്നത്തെ കാലഘട്ടത്തില്‍ അസാധ്യം.

പത്മരാജന്റെ തന്നെ തിരക്കഥയില്‍ ഐ.വി ശശി സംവിധാനം ചെയ്‌ത വാടകക്കൊരു ഹൃദയം എന്ന ചിത്രവും റീമേക്കിനായി തയാറെടുക്കുന്നുണ്ട്‌. ജയഭാരതി തന്നെയാണ്‌ വാടകക്കൊരു ഹൃദയം എന്ന ചിത്രത്തിലെയും നായിക. അശ്വതി എന്ന കഥാപാത്രമായി ജയഭാരതി അഭിയനിക്കുമ്പോള്‍ മധുവും സോമനും ചിത്രത്തില്‍ നായകന്‍മാരായി. പത്മരാജന്റെ തന്നെ വാടകക്കൊരു ഹൃദയം എന്ന നോവലില്‍ നിന്നാണ്‌ തിരക്കഥ പിറവിയെടുത്തത്‌.

പത്മരാജന്‍ ഭരതന്‍ കൂട്ടുകെട്ടിലെ ലോറിയും റീമേക്ക്‌ പരിഗണനിയിലുള്ള മറ്റൊരു ചിത്രമാണ്‌. 1980ല്‍ നിര്‍മ്മിച്ച ലോറി അച്ചന്‍കുഞ്ഞും, ബാലന്‍.കെ.നായരും, നിത്യയുമൊക്കെയായിരുന്നു താരങ്ങള്‍.

കമലഹാസന്‍ നായകനായി അഭിനയിച്ച മദനോത്സവം എന്ന ചിത്രമാണ്‌ റീമേക്കിനായി ഒരുങ്ങുന്ന മറ്റൊരു ചിത്രം. സെറിനാ വഹാബ്‌ നായികയായി ഈ ചിത്രം സംവിധാനം ചെയ്‌തത്‌ എന്‍.ശങ്കരന്‍ നായരായിരുന്നു. 1978ലാണ്‌ മദനോത്സവം റിലീസിനെത്തുന്നത്‌. തമിഴിലും ഹിന്ദിയിലുമൊക്കെ ഡബ്ബ്‌ ചെയ്‌ത്‌ പ്രദര്‍ശിപ്പിച്ച മദനോത്സവം ആ കാലഘട്ടത്തിലെ ഏറ്റവും വലിയ തരംഗമായിരുന്നു. മാടപ്രാവേ വാ...., കണ്ണീരിലെന്തേ സന്ധ്യേ..., തുടങ്ങിയ ഗാനങ്ങള്‍ ഇന്നും മലയാളി പ്രേക്ഷകര്‍ നെഞ്ചിലേറ്റുന്നവയാണ്‌.

റീമേക്കുകള്‍ക്കായി നിര്‍മ്മാതാക്കള്‍ പഴയകാല ഹിറ്റുകള്‍ പരിഗണിക്കുമ്പോള്‍ പത്മരാജന്‍ തിരക്കഥയോട്‌ വലിയൊരു ഇഷ്‌ടം കാണിക്കുന്നതും ശ്രദ്ധേയം. രതിനിര്‍വേദം സൃഷ്‌ടിച്ച തരംഗം കൊണ്ടായിരിക്കാം പത്മരാജന്റെ കഥകളോടും തിരക്കഥകളോടും നിര്‍മ്മാതാക്കള്‍ക്ക്‌ ഏറെ താത്‌പര്യം തന്നെ.
ഒരു വസന്തകാലം ഓര്‍മ്മപ്പെടുത്തി റീമേക്കുകള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക