Image

അന്ന ഹസാരെയെ തിഹാര്‍ ജയിലിലേക്ക് മാറ്റി

Published on 16 August, 2011
അന്ന ഹസാരെയെ തിഹാര്‍ ജയിലിലേക്ക് മാറ്റി
ന്യൂഡല്‍ഹി: നിരോധനാജ്ഞ ലംഘിച്ച് നിരാഹാര സമരത്തിനൊരുങ്ങി അറസ്റ്റിലായ പ്രമുഖ ഗാന്ധിയന്‍ അന്ന ഹസാരെയെ ഏഴു ദിവസത്തെ ജുഡിഷ്യല്‍ കസ്റ്റഡിയില്‍ തിഹാര്‍ ജയിലിലേക്ക് മാറ്റി. മനീഷ് സിസോദിയ, നവീന്‍ ജയ്‌സിങ്, ധര്‍ഷക്, ദാദ ഫാടാരെ, സുരേഷ് ഫടാരെ എന്നിവര്‍ക്കൊപ്പമാണ് അന്നയെയും അഴിമതിക്കേസിലെ പ്രതികളായ എ.രാജ, കനിമൊഴി, സുരേഷ് കല്‍മാഡി എന്നിവര്‍ തടവില്‍ കഴിയുന്ന തിഹാര്‍ ജയിലിലാക്കിയത്. സെക്ഷന്‍ 144 ലംഘിക്കില്ലെന്ന് ഉറപ്പുനല്‍കാത്തതിനെ തുടര്‍ന്നാണ് മജിസ്‌ട്രേറ്റ് ഇവരെ ജുഡിഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്.

ജയപ്രകാശ് നാരായണ്‍ പാര്‍ക്കില്‍ നിരാഹാരം രാവിലെ തുടങ്ങാനിരിക്കെയാണ് ഹസാരെയെ മയൂര്‍ വിഹാറിലുള്ള താമസസ്ഥലത്തെത്തി രാവിലെ 7.30 ഓടെ അറസ്റ്റ് ചെയ്തത്. ഹസാരെയ്‌ക്കൊപ്പം സമരരംഗത്തുള്ള പ്രമുഖ അഭിഭാഷകന്‍ ശാന്തിഭൂഷന്‍, അരവിന്ദ് കജ്രിവാള്‍, കിരണ്‍ ബേദി എന്നിവരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

മയൂര്‍ വിഹാര്‍ പോലീസ് സ്‌റ്റേഷനില്‍ എത്തിച്ച ശേഷം ഡല്‍ഹിയ്ക്ക് പുറത്തേക്ക് അദ്ദേഹത്തെ കൊണ്ടുപോകുകയാണ് ഉദ്ദേശമെന്നാണ് റിപ്പോര്‍ട്ടുകളെങ്കിലും അറസ്റ്റിനെ തുടര്‍ന്നുള്ള നടപടിക്രമങ്ങള്‍ പോലീസ് വെളിപ്പെടുത്തിയിട്ടില്ല. അഴിമതിക്കെതിരായ ജനലോക്പാല്‍ ബില്ലിനായുള്ള പോരാട്ടത്തിന്റെ ഭാഗമായാണ് ചൊവ്വാഴ്ച്ച മുതല്‍ ഹസാരെയും അനുയായികളും നിരാഹാരം പ്രഖ്യാപിച്ചത്.

തന്നെ അറസ്റ്റു ചെയ്താന്‍ ജയിലിലും നിരാഹാര സമരം തുടരുമെന്നും താന്‍ അറസ്റ്റിലായാല്‍ തന്റെ അനുയായികള്‍ രാജ്യത്തെ ജയിലുകള്‍ നിറയ്ക്കുമെന്നും ഹസാരെ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കിയ ലോക്പാല്‍ ബില്ലിന്റെ കരടില്‍ വിശ്വാസമില്ലെന്നും മാറ്റത്തിനുവേണ്ടിയുള്ള പോരാട്ടമാണ് താന്‍ തുടങ്ങുന്നതെന്നും അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു.

തുടര്‍ന്നാണ് ഡല്‍ഹി ഭരണകൂടം ജെ.പി.പാര്‍ക്ക് പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. അറസ്റ്റിനെ തുടര്‍ന്ന് നൂറുകണക്കിന് ജനങ്ങള്‍ മയൂര്‍വിഹാറിലെ ഫ്ലാറ്റ് പരിസരത്ത് തടിച്ചുകൂടി മുദ്രാവാക്യം മുഴക്കി. ഇത് ഗതാഗത തടസ്സം സൃഷ്ടിച്ചു.
അന്ന ഹസാരെയെ തിഹാര്‍ ജയിലിലേക്ക് മാറ്റി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക