Image

പ്രശസ്‌ത പ്രവാസി സാഹിത്യകാരന്‍ കാരൂര്‍ സോമന്‍ രജതജൂബിലി ആഘോഷിച്ചു

ജോയിച്ചന്‍ പുതുക്കുളം Published on 16 August, 2011
പ്രശസ്‌ത പ്രവാസി സാഹിത്യകാരന്‍ കാരൂര്‍ സോമന്‍ രജതജൂബിലി ആഘോഷിച്ചു
ലണ്ടന്‍: പ്രശസ്‌ത പ്രവാസി സാഹിത്യകാരന്‍ കാരൂര്‍ സോമന്‍ എഴുത്തിന്റെ രജതജൂബിലി ആഘോഷിച്ചു. എന്‍ഫീല്‍ഡ്‌ മലയാളി അസോസിയേഷനും ലണ്ടന്‍ മലയാള സാഹിത്യവേദിയും സംയുക്തമായി സംഘടിപ്പിച്ച ചടങ്ങില്‍ പ്രശസ്‌ത സാഹിത്യകാരന്‍ സക്കറിയ കാരൂര്‍ സോമനെ പൊന്നാട അണിയിച്ചു. സാഹിത്യത്തിന്റെ സമസ്‌ത മേഖകളിലും കൈയൊപ്പു ചാര്‍ത്തിയ കാരൂര്‌ നാടകം, നോവല്‌ , കഥ, കവിത, ലേഖനങ്ങള്‍, യാത്രാവിവരണം തുടങ്ങി ഇരുപത്തഞ്ചിലധികം കൃതികള്‍ പ്രസിദ്ധപ്പെടുത്തി. ചടങ്ങില്‍ സഖറിയയ്‌ക്കു പുറമേ റജി നന്തിലത്ത്‌, ജോര്‍ജ്‌ പട്ടിയാല്‍ എന്നിവര്‌ ആശംസകളര്‌പ്പിച്ചു.

ചെറുപ്പത്തില്‌ തന്നെ കവിതകള്‌ എഴുതുകയും ബാലപ്രസിദ്ധീകരണങ്ങളില്‍ പ്രസിദ്ധപ്പെടുത്തുകയും ചെയ്‌തു കൊണ്ടായിരുന്നു എഴുത്തിന്റെ തുടക്കം. പിന്നീട്‌ നാടകരംഗത്തേക്കു തിരിഞ്ഞു. തിരുവവനന്തപുരം, തൃശൂര്‍ റേഡിയോ സ്‌റ്റേഷനുകള്‍ തുടരെ റേഡിയോ നാടകങ്ങള്‍ പ്രക്ഷേപണം ചെയ്‌തു. കര്‍ട്ടനിടൂ, കാര്‍മേഘം എന്നീ റേഡിയോ നാടകങ്ങള്‍ കാരൂര്‍ സോമന്‍ ഏറെ ആരാധകരെ നേടിക്കൊടുത്തു. 1972 മുതല്‍ സ്‌റ്റേജ്‌ നാടകങ്ങളിലേക്കു തിരിഞ്ഞു. ഇക്കാലത്ത്‌ എഴുതിയ ഇരുളടഞ്ഞ താഴ്വര എന്ന നാടകം ഏറെ വിവാദത്തില്‌പ്പെട്ടു. അക്കാലത്തെ പോലീസിന്റെ കിരാതവാഴ്‌ചകള്‍ക്കെതിരേയുള്ള ശക്തമായ താക്കീത്‌ എന്ന നിലയിലായിരുന്നു നാടകം രംഗത്തെത്തിച്ചത്‌. എന്നാല്‍ നാടകത്തിനെതിരേ പോലീസ്‌ തന്നെ രംഗത്തു വന്നു. വിലക്കും വിവാദവും ഭീഷണിയും ശക്തിപ്പെട്ടതോടെ റാഞ്ചിയിലേക്കു കുടിയേറി.

റാഞ്ചി മലയാളി അസോസിയേഷനു വേണ്ടി നാടകങ്ങളും ഗാനങ്ങളുമെഴുതി കൊണ്ട്‌ സജീവ കലാജീവിതം തുടര്‌ന്ന കാരൂര്‍ സോമന്‍ ഇക്കാലത്ത്‌ എഴുതിയ നാടകങ്ങള്‍ ബോംബെ, ആഗ്ര, ലുധിയാന, ബൊക്കാറോ മലയാളി സംഘടനകള്‍ രംഗത്തെത്തിച്ചു. ഇവിടയൊക്കെയും ഏറെ കൈയടികളോടെയായിരുന്നു കാരൂരിന്റെ നാടകങ്ങളെ ആസ്വാദകര്‍ സമീപിച്ചത്‌. ശ്രീമൂലനഗരം വിജയന്റെ അവതാരികയോടെ ആദ്യത്തെ പ്രസിദ്ധീകരണം വെളിച്ചം കണ്ടു. 1985ല്‍കോട്ടയം വിദ്യാര്‍ത്ഥിമിത്രമായിരുന്നു പ്രസാധകര്‍. പുസ്‌തകത്തിന്റെ പേര്‌ കടല്‍ക്കര. ഇക്കാലത്ത്‌ റാഞ്ചി എക്‌സ്‌പ്രസ്സ്‌ ദിനപത്രത്തില്‌ ജോലി ചെയ്‌തു കൊണ്ടിരിക്കവേ ഇന്ത്യയൊട്ടാകെ സഞ്ചരിച്ചു. അക്കാലത്തെ അനുഭവപശ്ചാത്തലത്തില്‌ നിന്ന്‌ ഡല്‍ഹിയില്‍ വച്ച്‌ കണ്ണീര്‍പ്പൂക്കള്‍, കദനമഴ നനഞ്ഞപ്പോള്‍ എന്നിവയെഴുതി. കണ്ണീര്‍പ്പൂക്കള്‍ എന്ന കൃതിക്ക്‌ അവതാരികയെഴുതിയത്‌ പ്രശസ്‌ത സാഹിത്യകാരന്‍ തകഴി ശിവശങ്കരപ്പിള്ളയായിരുന്നു. തുടര്‍ന്ന്‌ ഗള്‍ഫ്‌ നാടുകളിലേക്ക്‌ കുടിയേറി. ഇവിടെ വച്ച്‌ എഴുത്തു സജീവമാക്കി.

കനല്‍, കിനാവുകളുടെ തീരം, (നോവലുകള്‍), സുഗന്ധസൂനങ്ങള്‍ (കവിതകള്‍), സൗദിയുടെ മണ്ണില്‍, കഥകളുറങ്ങുന്ന പുണ്യഭൂമി (ലേഖനങ്ങള്‍) എന്നിവ പ്രസിദ്ധപ്പെടുത്തി. കടലിനക്കരെ എംബസി സ്‌കൂള്‌ ഗള്‍ഫില്‍ നിന്നുള്ള ആദ്യ മലയാള സംഗീത നാടകം എന്ന ഖ്യാതി നേടിയെടുത്തു.

കണ്ണീര്‍പ്പൂക്കള്‍ എന്ന നോവല്‌ ആദ്യത്തെ വിദേശമലയാളി സാഹിത്യ പുരസ്‌ക്കാരത്തിന്‌ അര്‍ഹമായി. അന്നത്തെ ഇന്ത്യന്‌ പ്രധാനമന്ത്രി നരസിംഹ റാവുവില്‌ നിന്നായിരുന്നു പുരസ്‌ക്കാരം കാരൂര്‍ ഏറ്റു വാങ്ങിയത്‌. ലണ്ടനിലേക്കു കുടിയേറിയതോടെ, കാല്‌പ്പാടുകള്‍, കാണാപ്പുറങ്ങള്‍, കാവല്‍മാലാഖ, കനല്‍ച്ചിറകുകള്‍, കത്തനാര്‍, കഥാനായകന്‍ എന്നീ നോവലുകള്‍, ബാലസാഹിത്യനോവലായ കിളികൊഞ്ചല്‍, കര്‍ഷകമന്ത്രി. കടലാസ്‌, കറുത്തപക്ഷികള്‍ (കവിതകള്‍), കനകനക്ഷത്രങ്ങളുടെ നാട്ടില്‍ (യാത്രാവിവരണം), കാട്ടുകോഴികള്‌ എന്ന ചെറുകഥാസമാഹാരം എന്നിവ പ്രസിദ്ധപ്പെടുത്തി.

എഴുത്തിന്റെ രജതജൂബിലിയോടനുബന്ധിച്ച്‌ ആത്മകഥാ രചനയിലാണിപ്പോള്‍. ചരിത്രം, രാഷ്ട്രീയം, സാഹിത്യം എന്നിവയുമായി ബന്ധപ്പെടുത്തി കൊണ്ടുള്ള ഗവേഷണം തുടരുന്ന കാരൂര്‌ സോമന്‌ പ്രവാസി സാഹിത്യത്തിന്റെ മലയാളബന്ധം വിപുലപ്പെടുത്താനുള്ള തയ്യാറെടുപ്പിലാണ്‌.
പ്രശസ്‌ത പ്രവാസി സാഹിത്യകാരന്‍ കാരൂര്‍ സോമന്‍ രജതജൂബിലി ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക