Image

അന്നാ ഹസ്സാരെയുടെ സത്യാഗ്രഹം: അഴിമതിക്കെതിരെയുള്ള അന്തിമസമരം

ജോണി പ്ലാത്തോട്ടം Published on 13 August, 2011
അന്നാ ഹസ്സാരെയുടെ സത്യാഗ്രഹം: അഴിമതിക്കെതിരെയുള്ള അന്തിമസമരം
തുറന്ന കത്ത്‌

ഓഗസ്റ്റ്‌ 16 ന്‌ ആരംഭിക്കുന്ന അന്നാ ഹസാരെയുടെ നിരാഹാര സത്യാഗ്രഹത്തെ നിരോധനം, അറസ്റ്റ്‌ , മര്‍ദ്ദിച്ചൊതുക്കല്‍ എന്നിവകൊണ്ടൊക്കെ നേരിട്ടാലും സത്യാഗ്രഹം നടക്കുകയും വലിയ ജനപിന്തുണ നേടിയെടുക്കുകയും ചെയ്യുമെന്ന്‌ കേന്ദ്രഗവണ്‍മെന്റിനറിയാം. അവസാനം സത്യാഗ്രഹഡിമാന്റുകള്‍ അംഗീകരിക്കേണ്ടിവരുമ്പോള്‍ എന്തൊക്കെ സമ്മര്‍ദ്ദതന്ത്രങ്ങളും ചതിപ്രയോഗങ്ങളും നടത്താന്‍ കഴിയും എന്നതായിരിക്കും കോണ്‍ഗ്രസിന്റെയും ഗവണ്‍മെന്റിന്റെയും ഉന്നതവൃത്തങ്ങള്‍ ഇപ്പോള്‍ ഗൂഢമായി ആലോചിക്കുന്നത്‌. ഇവരുടെ സ്വഭാവം ശരിക്കറിയാവുന്നവരാണല്ലോ നമ്മളുള്‍പ്പെടുന്ന ഈ രാജ്യത്തെ പൗരസമൂഹം. ഇവരുടെ ആവനാഴിയിലെ ആയുധങ്ങള്‍ എന്തൊക്കെയാണെന്ന്‌ നമുക്കൊന്ന്‌ വിചിന്തനം ചെയ്യാം.

സത്യാഗ്രഹം കഴിയുന്നത്ര നീണ്ടുപോകാന്‍ നോക്കിയിരുന്ന ശേഷം സമരക്കാര്‍ അവശരാകുമ്പോള്‍ ഓരോ ` വിട്ടുവീഴ്‌ചകള്‍' ഗവണ്‍മെന്റ്‌ ആരംഭിയ്‌ക്കും. ആദ്യം ജുഡീഷ്യറിയെ ലോക്‌പാല്‍ പരിധിയില്‍ ഉള്‍പ്പെടുത്താനായിരിക്കും ഗവണ്‍മെന്റ്‌ തയ്യാറാകുന്നത്‌. എന്നിട്ടും സത്യാഗ്രഹികള്‍ വഴങ്ങാതെ മുന്നോട്ടുപോകുകയാണെങ്കില്‍ അവസാനത്തെ ഔദാര്യമെന്ന രീതിയില്‍ പ്രധാനമന്ത്രിയെക്കൂടി ലോക്‌പാലിന്റെ കീഴില്‍ കൊണ്ടുവരാനവര്‍ സമ്മതിക്കും. എന്നാല്‍ ഉപാധികളോടെയായിരിക്കും. ആരോപണവിധേയനാകുന്ന പ്രധാനമന്ത്രിയുടെ കാലശേഷം , പതിനാറടിയന്തിരം കഴിഞ്ഞിട്ട്‌ ,എന്നിങ്ങനെ ലോകം നാണിച്ചുപോകുന്ന തരത്തിലുള്ള ഉപാധികളായിരിക്കും ഗവണ്‍മെന്റ്‌ വയ്‌ക്കുന്നത്‌. ഇവിടെയും വീഴാതെ സത്യാഗ്രഹം ശക്തിയായി തുടര്‍ന്നാല്‍ ഈ ഉപാധികള്‍കൂടി ഗവണ്‍മെന്റു പിന്‍വലിക്കും.അതോടെ,പ്രശ്‌നം തീര്‍ന്നല്ലോ ,ഡിമാന്റുകളെല്ലാം നേടി എന്നായിരിക്കും സത്യാഗ്രഹത്തെ പിന്തുണയ്‌ക്കുന്നവരില്‍ ഒരു വലിയ വിഭാഗം പൗരന്മാരും ചിന്തിക്കുക. ഹസാരെയുടെ ജീവന്‍ നൂലില്‍ കിടന്നാടുമ്പോള്‍ സ്വന്തം ക്യാമ്പില്‍ നിന്നു തന്നെ സമരം നിര്‍ത്താന്‍ അദ്ദേഹത്തിന്റെ മേല്‍ സമ്മര്‍ദ്ദമുണ്ടാകും. ഗവണ്‍മെന്റിന്റെ വലിയൊരു കെണിയാണിത്‌. ഇവിടെ പക്ഷേ കാതലായ പ്രശ്‌നം ആരംഭിക്കുന്നതേയുള്ളൂ എന്നു നാം ഓര്‍മ്മിക്കണം.

കള്ളന്മാര്‍ കാവലേറ്റെടുത്താല്‍ - പ്രതികള്‍ തന്നെ വിധികര്‍ത്താക്കളായാല്‍ ?

ഇവിടെ ആരംഭിയ്‌ക്കുന്ന കാതലായ രണ്ടു പ്രശ്‌നങ്ങളുണ്ട്‌.

1. ലോക്‌പാല്‍ അംഗങ്ങളെ തെരഞ്ഞെടുക്കുന്നതാര്‌?

2. ലോക്‌പാലിലെ അംഗങ്ങളാകേണ്ടത്‌ ആര്‌ ?

ലോക്‌പാലിനെ തെരഞ്ഞെടുക്കുന്നത്‌ ഗവണ്‍മെന്റിന്റെ തന്നെ ആളുകളോ ( പ്രധാനമന്ത്രി, മന്ത്രിമാര്‍ തുടങ്ങിയവര്‍) അവരുടെ കീഴിലുള്ള ഉദ്യോഗസ്ഥരോ, ഗവണ്‍മെന്റിന്‌ എന്തെങ്കിലും സ്വാധീനം ചെലുത്താന്‍ കഴിയുന്ന സ്ഥാപനങ്ങളിലെ ആളുകളോ സര്‍വ്വീസിലിരിക്കുന്ന ജഡ്‌ജിമാരോ ആകാന്‍ പാടില്ല . അല്ലെങ്കില്‍ പിന്നെ ഈ നിയമം കൊണ്ടു യാതൊരു പ്രയോജനവുമില്ല. ഗവണ്‍മെന്റും ഭരിക്കുന്ന പാര്‍ട്ടിയും പറഞ്ഞാല്‍ കേള്‍ക്കുന്നവരെ തന്നെ ലോക്‌പാലിലേയ്‌ക്ക്‌ അവര്‍ തെരഞ്ഞടുക്കും. അതുകൊണ്ട്‌ ലോക്‌പാല്‍ അംഗങ്ങളെ തിരഞ്ഞെടുക്കുന്നതാര്‌ എന്നതായിരിക്കും ഈ ഘട്ടത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം. റിട്ടയേര്‍ഡ്‌ സുപ്രീംകോടതി ജഡ്‌ജിമാരും സ്വതന്ത്രപൗരസമൂഹപ്രതിനിധികളും ചേര്‍ന്നായിരിക്കണം ലോക്‌പാല്‍ അംഗങ്ങളെ തിരഞ്ഞടുക്കേണ്ടത്‌. എന്തുതന്നെആയാലും ഗവണ്‍മെന്റിനോട്‌ വിധേയത്വമില്ലാത്ത ഇത്തരത്തില്‍പ്പെട്ട ആളുകള്‍ക്ക്‌ മുന്നില്‍ രണ്ടുഭൂരിപക്ഷമുള്ളവരുടെ സമിതിയായിരിക്കണം ലോക്‌പാലിനെ തെരഞ്ഞടുക്കേണ്ടത്‌. ലോക്‌സഭ, രാജ്യസഭാ സ്‌പീക്കര്‍മാരെപ്പോലും ഗവണ്‍മെന്റിന്റെ പ്രതിനിധികളായിട്ടേ കാണാന്‍ പറ്റൂ.

ലോക്‌പാല്‍ അംഗങ്ങളാകുന്നവരിലും മൂന്നില്‍ രണ്ടു ഭാഗം മേല്‍പ്പറഞ്ഞ തരത്തില്‍പ്പെട്ടവയായിരിക്കണം. അഴിമതിക്കാര്‍ക്ക്‌ മന: പ്രയാസമുണ്ടാക്കുന്ന ഈ രണ്ടു ഡിമാന്റുകളുമായിരിക്കണം സത്യാഗ്രഹസമരത്തിലെ പ്രധാന കാര്യം.ഈ പിടിവിടാതിരിക്കാന്‍ ഗവണ്‍മെന്റു പരമാവധി വിലപേശും.ലോക്‌പാലിന്‌ അഴിമതിക്കാരുടെ മേല്‍ ശിക്ഷാനടപടിയെടുക്കാനുള്ള അധികാരവും ഉണ്ടായിരിക്കണം. ഇത്രയും കാര്യങ്ങള്‍ നേടിയാലെ അഴിമതിക്കെതിരായ ജനങ്ങളുടെ പോരാട്ടം വിജയിച്ചു എന്നു പറയാന്‍ കഴിയൂ. കാര്യക്ഷമതയും ആഘാതശേഷിയുമുള്ള ഒരു ലോക്‌പാല്‍ നിയമം ഉണ്ടായി എന്നു സമാധാനിക്കാന്‍ പറ്റൂ.

പ്രധാനമന്ത്രിയോ ആരുതന്നെ ആയാലും അഴിമതി നടത്തിയെന്ന്‌ പ്രഥമദൃഷ്‌ട്യാ ലോക്‌പാലിന്‌ ബോധ്യമായാല്‍ ആ ക്ഷണം തന്നെ അയാള്‍ അധികാരസ്ഥാനത്തു നിന്നിറങ്ങണം. വിചാരണനേരിടണം. നമ്മള്‍ മാത്രമല്ല. ലോകത്തുള്ള എല്ലാ രാജ്യങ്ങളിലും അവിടത്തെ പരമോന്നത നേതാവിനെ ജനങ്ങള്‍ ആദരിക്കയും സ്‌നേഹിക്കയും ചെയ്യുന്നുണ്ട്‌. എന്നാല്‍ അഴിമതിയുടെയോ അധാര്‍മ്മികതയുടെയോ കറപുരണ്ടു എന്നു ബോധ്യമായാല്‍ ആ നിമിഷം തന്നെ അവരയാളെ ജയിലിലേക്കയയ്‌ക്കും. ഉന്നതസ്ഥാനങ്ങളിലിരിക്കുന്നവര്‍ കുറ്റം ചെയ്‌താല്‍ കൂടുതല്‍ ശിക്ഷ. ഇതാണു ജനാധിപത്യത്തിന്റെ ധാര്‍മ്മികമൂല്യം. ഗാന്ധിജിയുടെയും ഭഗവദ്‌ഗീതയുടെയും രാജ്യത്തെ ജനങ്ങളായ നമ്മളോ?

വിദേശബാങ്കുകളിലെ കള്ളപ്പണനിക്ഷേപക്കാരെയും അവരുടെ കൊള്ളമുതലും കൈകാര്യം ചെയ്യേണ്ടതെങ്ങനെ എന്ന പ്രശ്‌നം ജനകീയപ്രക്ഷോഭത്തിന്റെ അടുത്ത ഘട്ടമായി കരുതണം.

രണ്ടാമതൊന്നാലോചിക്കാതെ ജുഡീഷ്യറിയെ ലോക്‌പാല്‍ പരിധിയില്‍പെടുത്തേണ്ടതാണ്‌. കുറെ ജഡ്‌ജിമാര്‍ അഴിമതിക്കാരായിട്ടുണ്ടെന്ന്‌ സുപ്രിംകോടതി തന്നെ നിരീക്ഷിച്ചിട്ടുള്ളതാണ്‌. ഇംപീച്ചുമെന്റ്‌ നേരിടുന്ന ജസ്റ്റീസ്‌ ദിനകരന്റെ കാര്യവും റിട്ട.ചീഫ്‌ ജസ്റ്റീസ്‌ കെ.ജി. ബാലകൃഷ്‌ണന്റെ കാര്യവും നമ്മുടെ കണ്‍മുമ്പിലുണ്ട്‌. കാര്യക്ഷമതയുള്ള ലോക്‌പാല്‍ നിലവിലുണ്ടായിരുന്നെങ്കില്‍ ഈ ആരോപണങ്ങളിലെ സത്യാവസ്ഥ വെളിപ്പെടുമായിരുന്നു.

മുന്‍ പ്രധാനമന്ത്രി രാജീവുഗാന്ധിയുടെ പേരിലുണ്ടായ ബോഫോഴ്‌സ്‌ അഴിമതിയാരോപത്തിന്റെയും സത്യാവസ്ഥ ഇപ്പോഴും അറിയാന്‍ പറ്റാത്തത്‌ ഇത്തരം സംവിധാനമില്ലാത്തതുകൊണ്ടാണ്‌ . പ്രധാനമന്തിമാരുടെ വിശ്വാസ്യത നിലനിര്‍ത്താന്‍ തന്നെ അവര്‍ ലോക്‌പാലിന്റെ കീഴില്‍ വരേണ്ടത്‌ അനിവാര്യമാണ്‌.

ഹസാരെയുടെ ഓഗസ്റ്റു 16 ല്‍ തുടങ്ങുന്ന സത്യാഗ്രഹത്തിന്‌ ഇപ്പോള്‍ തന്നെ പിന്തുണ പ്രഖ്യാപിച്ചിട്ടുള്ള ബി.ജെ.പി യുടെയോ മറ്റേതെങ്കിലും പാര്‍ട്ടികളുടെയോ ഭൗതികമായ സഹകരണം സത്യാഗ്രഹക്കാര്‍ സ്വീകരിക്കരുത്‌. ധാര്‍മ്മിക പിന്തുണ മാത്രം ഏതുപാര്‍ട്ടിയില്‍ നിന്നു കിട്ടിയാലും സ്വീകരിക്കാം. ഇതിന്‌ നമ്മുടെ മുമ്പില്‍ വ്യക്തമായ കാരണമുണ്ട്‌. അതായത്‌ ലോക്‌പാല്‍ ബില്ലിനെക്കുറിച്ച്‌ രാഷ്‌ട്രീയപാര്‍ട്ടികളെല്ലാം അഭിപ്രായം പറഞ്ഞുകഴിഞ്ഞതാണ്‌. അന്നാ ഹസാരേയും കൂട്ടരും പറയുന്ന മുഴുവന്‍ കാര്യങ്ങളോടും ആത്മാര്‍ത്ഥമായി യോജിപ്പുള്ള ഒരു പാര്‍ട്ടിയുമില്ല. പ്രധാനമന്തിയെ നിരുപാധികമായി ലോക്‌പാലിനുകീഴില്‍പെടുത്തണമെന്ന്‌ അറ്റകൈക്കു പറയാന്‍ ഏതെങ്കിലും പാര്‍ട്ടി തയ്യാറായാല്‍ തന്നെ ലോക്‌പാലിനെ തിരഞ്ഞെടുക്കുന്ന സമിതിയില്‍ ആരൊക്കെ വേണമെന്ന കാര്യം വരുമ്പോള്‍ അവര്‍ സത്യാഗ്രഹപക്ഷത്തെ പിന്‍തുണയ്‌ക്കില്ല. അവര്‍ വിട്ടുമാറും. കൂടെ നില്‌ക്കുന്നവര്‍ മാറുന്നതു സമരത്തിനു ക്ഷീണം ചെയ്യും.

രാഷ്‌ട്രീയപാര്‍ട്ടികളെല്ലാം ഒരേ തൂവല്‍ പക്ഷികളാണ്‌. അതുകൊണ്ട്‌ സമരത്തിനു പന്തുണ പ്രഖ്യാപിക്കുന്നവരുണ്ടെങ്കില്‍ ആ പിന്തുണ സ്വീകരിക്കുന്നതല്ലാതെ സത്യാഗ്രഹസമരനടത്തിപ്പില്‍ പങ്കാളികളാകാന്‍ അവരെ അനുവദിക്കരുത്‌. ഹസാരെയുടെ ആദ്യത്തെ സത്യാഗ്രഹത്തില്‍ അങ്ങനെയായിരുന്നല്ലോ. ഈ സത്യാഗ്രഹത്തിലും അങ്ങനെ മുന്നോട്ടുപോകണമെങ്കില്‍ നമ്മളുള്‍പ്പെടുന്ന പൊതുസമൂഹത്തിന്റെ വന്‍പിച്ച പിന്തുണയും സഹായങ്ങളും സമരക്കാര്‍ക്കുണ്ടാകണം. എന്നുവച്ചാല്‍ കഴിഞ്ഞ പ്രാവശ്യത്തേതുപോലെ നമ്മളൊക്കെ ധാര്‍മ്മികപിന്തുണ കൊടുത്താല്‍ മാത്രം പോര. നേരിട്ടിറങ്ങേണ്ടി വന്നാല്‍ അതിനു തയ്യാറാകണം. ജയിലില്‍ പോകേണ്ടി വന്നാല്‍ അതിനും. കാരണം അഴിമതിക്കാരായ വമ്പന്‍തിമിംഗലങ്ങളെ കുരുക്കാനുള്ള ഉരുക്കുവലയാണ്‌ ഈ സത്യാഗ്രഹസമരം. ഈ പ്രാവശ്യം രക്ഷപെടാന്‍ സമ്മതിക്കരുത്‌. ഇതു പോലൊരു അവസരം ഇന്‍ഡ്യന്‍ ജനതയ്‌ക്ക്‌ ഇനിയുണ്ടാകില്ല.

ജാഗരൂകരായിരിക്കണം

കഴിഞ്ഞ പ്രാവശ്യത്തേതിനു വിരുദ്ധമായി ഇപ്രാവശ്യം നിരാഹാരസമരം നീണ്ടുനില്‌ക്കാനായിരിക്കും ഗവണ്‍മെന്റു ആഗ്രഹിക്കുന്നതും ശ്രമിക്കുന്നതും. ഗവണ്‍മെന്റില്‍ നിന്നുള്ള ഏതുതരം സമ്മര്‍ദ്ദങ്ങളും അട്ടിമറികളും സത്യാഗ്രഹപക്ഷം പ്രതീക്ഷിക്കണം. ഗവണ്‍മെന്റിന്റെയാളുകള്‍ തന്നെ പല മേല്‍വിലാസങ്ങളില്‍ പിന്തുണ പ്രഖ്യാപിച്ച്‌ സമരത്തിനുള്ളില്‍ കയറിക്കൂടാന്‍ ശ്രമിക്കും. കൂടെ നിന്നിട്ട്‌ പകുതി ഡിമാന്റുകള്‍ ഗവണ്‍മെന്റ്‌ അംഗീകരിക്കുന്നതോടെ സമരം വിജയിച്ചു എന്ന ന്യായം പറഞ്ഞ്‌ പിന്‍മാറാനും യഥാര്‍ത്ഥസത്യാഗ്രഹികളുടെ മേല്‍ സമ്മര്‍ദ്ദമുണ്ടാക്കാനും ശ്രമിക്കും. അതുപോലെതന്നെ അക്രമവും മറ്റുമുണ്ടാക്കി സമരപ്രസ്ഥാനത്തിന്‌ പേരുദോഷമുണ്ടാക്കാനും ഗവണ്‍മെന്റിന്‌ ഇടപെടാനുള്ള അവസരമുണ്ടാക്കാനും അവര്‍ ശ്രമിക്കും. തീര്‍ച്ചയായും ഗവണ്‍മെന്റിന്റെ ഏജന്റുകള്‍ സമരരംഗത്തും പുറത്തും സജീവമായി ഇറങ്ങും.

പ്രധാനപ്പെട്ട മറ്റൊരു കാര്യമുണ്ട്‌. നിരാഹാരത്തിനിടയിലൊ പുറത്തുവച്ചോ ഹസാരെയുടെ ജീവഹാനി ആഗ്രഹിക്കുകയും കൊതിക്കുകയും ചെയ്യുന്നവരാണ്‌ അഴിമതിരാജാക്കന്മാരെല്ലാം. കൂടാതെ സത്യാഗ്രഹസമരം പൂര്‍ണ്ണമായി വിജയിക്കേണ്ടത്‌ ഇന്‍ഡ്യന്‍ ജനതയുടെ നിലനില്‌പിന്റെ പ്രശ്‌നമാണ്‌. സമരം വിജയിച്ചാല്‍ അഴിമതിക്കാരുടെ കുറ്റിയറ്റുപോയില്ലെങ്കിലും അവരുടെ സൈ്വര്യവിഹാരം എന്നന്നേക്കുമായി അവസാനിക്കും. അതുകൊണ്ട്‌ അക്കൂട്ടരുടെ ജീവന്മരണ പോരാട്ടവുമാണിത്‌. ഇക്കാരണങ്ങളാല്‍ സത്യാഗ്രഹത്തെ അനുകൂലിക്കുന്നവര്‍ തുടക്കത്തിലെതന്നെ കഴിവിന്റെ പരമാവധി സഹായിക്കുകയും സഹകരിക്കുകയും ചെയ്യണം. ചര്‍ച്ചായോഗങ്ങള്‍, എസ്‌.എം.എസ്‌, ഇ-മെയില്‍ സന്ദേശങ്ങള്‍ തുടങ്ങിയ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാം. ലോക്കല്‍ കേബിള്‍ ചാനലുകളുടെ സഹായവും അഭ്യര്‍ത്ഥിക്കണം. ഓഗസ്റ്റു 16 നു മുമ്പുതന്നെ എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയാക്കാന്‍ ശ്രമിക്കണം.

ph: 9446203858

E-mail:johnyplathottam @gmail.com

അന്നാ ഹസ്സാരെയുടെ സത്യാഗ്രഹം: അഴിമതിക്കെതിരെയുള്ള അന്തിമസമരം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക