Image

നിരാഹാരം: വ്യവസ്ഥകള്‍ അംഗീകരിക്കില്ലെന്ന് പൊതുസമൂഹ പ്രതിനിധികള്‍

Published on 13 August, 2011
നിരാഹാരം: വ്യവസ്ഥകള്‍ അംഗീകരിക്കില്ലെന്ന് പൊതുസമൂഹ പ്രതിനിധികള്‍
ന്യൂഡല്‍ഹി: ലോക്പാല്‍ വിഷയത്തില്‍ ഉപവാസ സമരം നടത്തുന്നതുമായി ബന്ധപ്പെട്ട് ഡല്‍ഹി പോലീസ് മുന്നോട്ടുവച്ച ഉപാധികള്‍ അംഗീകരിക്കാനാവില്ലെന്ന് അന്നാ ഹസാരെയുടെ നേതൃത്വത്തിലുള്ള പൊതുസമൂഹ പ്രതിനിധികള്‍ വ്യക്തമാക്കി. രണ്ടര ദിവസത്തിനുള്ളില്‍ സമരം അവസാനിപ്പിക്കണമെന്ന വ്യവസ്ഥയാണ് പോലീസ് മുന്നോട്ടുവച്ചത്. ഇതുസംബന്ധിച്ച സമ്മതപത്രം നല്‍കണമെന്നും പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

സെന്‍ട്രല്‍ ഡല്‍ഹിയിലെ ജയപ്രകാശ് നാരായണ്‍ പാര്‍ക്കില്‍ സമരം നടത്തുന്നത് സംബന്ധിച്ച കത്ത് പോലീസില്‍നിന്ന് ലഭിച്ചുവെന്ന് പൊതുസമൂഹ പ്രതിനിധികള്‍ പറഞ്ഞു. പോലീസ് മുന്നോട്ടുവച്ച വ്യവസ്ഥയെപ്പറ്റി ചര്‍ച്ച നടത്തും. വേണ്ടിവന്നാല്‍ ജന്തര്‍മന്തറില്‍തന്നെ സമരം നടത്തുന്ന കാര്യം പരിഗണിക്കുമെന്നും അവര്‍ വ്യക്തമാക്കി.

നിരാഹാരം അവസാനിപ്പിക്കുന്നത് സംബന്ധിച്ച സമ്മതപത്രം ആവശ്യപ്പെട്ട നടപടി നിയമ വിരുദ്ധമാണെന്ന് ലോക്പാല്‍ ബില്‍ രൂപവത്കരണ സമിതി അംഗം പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു. സമ്മതപത്രം നല്‍കുന്ന പ്രശ്‌നമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോക്പാല്‍ ബില്ലിനെതിരെ അന്നാ ഹസാരെ പാര്‍ലമെന്റിന് പുറത്ത് നടത്തുന്ന സമരം ന്യായീകരിക്കാനാവില്ലെന്ന് ആഭ്യന്തരമന്ത്രി പി.ചിദംബരം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഹസാരെയുടെ ആരോഗ്യസ്ഥിതി മോശമായാല്‍ സര്‍ക്കാര്‍ ഇടപെടുമെന്ന സൂചനയും കേന്ദ്രസര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക