Image

കോഴിക്കോട് ഇരട്ടസ്ഫോടനം: തടിയന്റവിട നസീറിന് മൂന്നുജീവപര്യന്തം

Published on 12 August, 2011
കോഴിക്കോട് ഇരട്ടസ്ഫോടനം: തടിയന്റവിട നസീറിന് മൂന്നുജീവപര്യന്തം
കൊച്ചി: കോഴിക്കോട് ഇരട്ട ബോംബ്സ്ഫോടനക്കേസില്‍ ഒന്നാംപ്രതി തടിയന്റവിട നസീറിന് മൂന്നുജീവപര്യന്തവും നാലാംപ്രതി ഷഫാസിന് രണ്ടും ജീവപര്യന്തം ശിക്ഷ ലഭിച്ചു. കൊച്ചിയിലെ എന്‍ഐഎ പ്രത്യേകകോടതി ജഡ്ജി എസ് വിജയകുമാറാണ് ശിക്ഷ വിധിച്ചത്.

നസീര്‍ 1.6 ലക്ഷവും ഷഫാസ് 1.1000 രൂപയും പിഴയടക്കണം. രാജ്യദ്രോഹകുറ്റത്തിനും തീവ്രവാദത്തിനും ശിക്ഷയായിരണ്ട് ജീവപര്യന്തവും സ്ഫോടകവസ്തുനിയമപ്രകാരം ഒരു വര്‍ഷവും ശിക്ഷയാണ്. ഷഫാസിന് സ്ഫോടകവസ്തു നിയമപ്രകാരമുള്ള ശിക്ഷയില്ല. ഭാര്യയും കുട്ടികളുമുള്ളതിനാല്‍ ശിക്ഷയില്‍ ഇളവുനല്‍കണമെന്ന വാദം കോടതി പരിഗണിച്ചില്ല. ജയിലില്‍ മഹാന്‍മാരുടെ ജീവചരിത്രവും പുസ്തകങ്ങളും ഇവര്‍ക്ക് വായിക്കാന്‍ നല്‍കണമെന്നും കോടതി ഉത്തരവിട്ടു.

2006 മാര്‍ച്ച് മൂന്നിന് കോഴിക്കോട് കെഎസ്ആര്‍ടിസി ബസ്സ്റ്റാന്‍ഡിലും മൊഫ്യൂസില്‍ ബസ്സ്റ്റാന്‍ഡിലും അരമണിക്കൂര്‍ വ്യത്യാസത്തിലായിരുന്നു സ്ഫോടനങ്ങള്‍ . പ്രത്യേകകോടതി രൂപീകരിച്ചശേഷമുള്ള ആദ്യ വിധിയാണിത്. കഴിഞ്ഞ ദിവസമാണ് ഇരുവരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്.പ്രതികളായ ആലിം, അബൂബക്കര്‍ യൂസഫ് എന്നിവരെ തെളിവിന്റെ അഭാവത്തിലും സംശയത്തിന്റെ ആനുകൂല്യം നല്‍കിയും കഴിഞ്ഞദിവസം കോടതി വിട്ടയച്ചു.മാപ്പുസാക്ഷിയായ ഷമ്മി ഫിറോസിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നസീറും ഷഫാസും കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. സാമുദായികസൗഹാര്‍ദം തകര്‍ക്കാനും ജനങ്ങള്‍ക്കിടയില്‍ പരിഭ്രാന്തി പരത്താനുമാണ് ഇരട്ട ബോംബ്സ്ഫോടനം ആസൂത്രണംചെയ്തതെന്നും കോടതി ചൂണ്ടിക്കാട്ടി. ഷമ്മി ഫിറോസിന്റെ പാസ്പോര്‍ട്ട് തിരികെ നല്‍കാനും കോടതി നിര്‍ദേശിച്ചു.

നസീര്‍ , ഷഫാസ്, ഫൈസ്, മാപ്പുസാക്ഷി ഷമ്മി ഫിറോസ്, അബൂബക്കര്‍ യൂസഫ് എന്നിവരുടെ ഗൂഢാലോചനയിലാണ് സ്ഫോടനങ്ങള്‍ ആസൂത്രണംചെയ്തത്. രാജ്യദ്രോഹം, ക്രിമിനല്‍ ഗൂഢാലോചന എന്നീ കുറ്റങ്ങളും സ്ഫോടകവസ്തുനിരോധനനിയമം, നിയമവിരുദ്ധപ്രവര്‍ത്തനങ്ങള്‍തടയല്‍ നിയമം എന്നിവ പ്രകാരമുള്ള കുറ്റങ്ങളുമാണ് പ്രതികള്‍ക്കെതിരെ എന്‍ഐഎ ആരോപിച്ചത്. ഫൈസ് കശ്മീരില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. മറ്റു രണ്ടു പ്രതികളായ മുഹമ്മദ് അസര്‍ , ടി പി യൂസഫ് എന്നിവരെ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചു.

 കേസില്‍ വിധിപറയുന്നതിന് ഹൈക്കോടതി ബുധനാഴ്ച ഏര്‍പ്പെടുത്തിയ വിലക്ക് ഡിവിഷന്‍ ബെഞ്ച് വ്യാഴാഴ്ച ഉച്ചയ്ക്ക് നീക്കിയതിനെത്തുടര്‍ന്നാണ് ഉച്ചതിരിഞ്ഞ് എന്‍ഐഎ പ്രത്യേക കോടതി വിധിപറഞ്ഞത്. വെള്ളിയാഴ്ച പകല്‍ 12.15 നാണ് ഇരുവര്‍ക്കുമുള്ള ശിക്ഷ പ്രഖ്യാപിച്ചത്. കനത്ത സുരക്ഷാസംവിധാനങ്ങളൊരുക്കിയാണ് പ്രതികളെ കോടതിയില്‍ ഹാജരാക്കിയത്. കേരളത്തിലെ തീവ്രവാദകേസുകളിലെ ആദ്യവിധിയാണിത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക