Image

മൊഴി ചോര്‍ത്തിയത് ജഡ്ജി തന്നെയെന്ന് ആര്യാടന്‍

Published on 12 August, 2011
മൊഴി ചോര്‍ത്തിയത് ജഡ്ജി തന്നെയെന്ന് ആര്യാടന്‍
കാസര്‍കോട്: കാസര്‍കോട് വെടിവെപ്പുമായി ബന്ധപ്പെട്ട് പിരിച്ചുവിട്ട നിസാര്‍ കമ്മീഷനില്‍ പോലീസുദ്യോഗസ്ഥര്‍ നല്‍കിയ മൊഴി മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയത് സംഭവത്തെക്കുറിച്ച് അന്വേഷിച്ച കമ്മീഷന്‍ ജഡ്ജി തന്നെയാണെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ്. ചുമതലകള്‍ നിര്‍വഹിക്കാത്തതിനാലാണ് കമ്മീഷനെ പിരിച്ചുവിട്ടതെന്നും ഈ നടപടി മൊഴി പുറത്തുവന്നതിലൂടെ ന്യായീകരിക്കപ്പെട്ടിരിക്കുകയാണെന്നും ആര്യാടന്‍ പറഞ്ഞു. സ്വന്തം തടി രക്ഷിക്കാനാണ് പോലീസുകാര്‍ ശ്രമിക്കുന്നതെന്നും ആര്യാടന്‍ കൂട്ടിച്ചേര്‍ത്തു.

മലബാറില്‍ കലാപമുണ്ടാക്കാന്‍ മുസ്‌ലിം ലീഗ് ശ്രമിച്ചുവെന്നാണ് പോലീസുദ്യോഗസ്ഥരുടെ മൊഴി. എസ്.പി രാംദാസ് പോത്തന്‍, ഡിവൈ.എസ്.പി കെ.വി.രഘുനാഥന്‍ എന്നിവരാണ് മൊഴി നല്‍കിയത്. കാസര്‍കോട്ട് മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ ആസൂത്രിതമായി അക്രമം അഴിച്ചുവിടുകയായിരുന്നുവെന്ന് മൊഴിയില്‍ പറയുന്നു.

സംഭവം നടന്ന 2009 നവംബര്‍ 15ന് മുസ്‌ലിം ലീഗ് നേതാക്കളുടെ സ്വീകരണത്തിന് മാത്രമേ അനുമതി നല്‍കിയിരുന്നുള്ളൂ. റാലിക്കും പ്രകടനത്തിനും അനുമതി നല്‍കിയിരുന്നില്ല. എന്നാല്‍ തീവ്രവാദസ്വഭാവമുള്ള ഗ്രൂപ്പുകള്‍ പ്രകടനക്കാര്‍ക്കൊപ്പം ചേര്‍ന്ന് ഒരു വിഭാഗത്തിന്റെ ആരാധനാലയങ്ങള്‍ക്കും കടകള്‍ക്കും നേരെ ആസൂത്രിതമായ ആക്രമണം അഴിച്ചുവിട്ടു. ഇതേത്തുടര്‍ന്ന് മറുവിഭാഗം സംഘടിച്ചപ്പോഴാണ് കലാപം അമര്‍ച്ചചെയ്യാന്‍ പോലീസിന് വെടിവെക്കേണ്ടിവന്നത് -മൊഴിയില്‍ പറയുന്നു. പോലീസ് വെടിവെപ്പില്‍ യുവാവ് മരിച്ചിരുന്നു.

കാസര്‍കോട് വെടിവെപ്പിനെക്കുറിച്ച് അന്വേഷിക്കാന്‍ കഴിഞ്ഞ ഇടതുമുന്നണി സര്‍ക്കാരാണ് നിസാര്‍ കമ്മീഷനെ ചുമതലപ്പെടുത്തിയത്. എന്നാല്‍ ഇടതുസഹയാത്രികനായ നിസാറിനെ കമ്മീഷനാക്കിയതില്‍ മുസ്‌ലിം ലീഗ് തുടക്കംതൊട്ടേ പ്രതിഷേധിച്ചിരുന്നു. യു.ഡി.എഫ്. ഗവണ്‍മെന്‍റ് അധികാരത്തില്‍ വന്നയുടന്‍ നിസാര്‍ കമ്മീഷനെ പിരിച്ചുവിട്ടു. ഒരു സ്വകാര്യ ചാനല്‍ വ്യാഴാഴ്ചയാണ് പോലീസുദ്യോഗസ്ഥരുടെ മൊഴി പുറത്തുവിട്ടത്. നിസാര്‍ കമ്മീഷന്റെ തെളിവെടുപ്പ് നേരത്തേ യു.ഡി.എഫ്. ബഹിഷ്‌കരിച്ചിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക