Image

കാസര്‍ഗോഡ്‌ വെടിവെയ്‌പ്‌: ലീഗ്‌ കലാപത്തിന്‌ ശ്രമിച്ചെന്ന്‌ പോലീസ്‌ ഉന്നതരുടെ മൊഴി

Published on 11 August, 2011
കാസര്‍ഗോഡ്‌ വെടിവെയ്‌പ്‌: ലീഗ്‌ കലാപത്തിന്‌ ശ്രമിച്ചെന്ന്‌ പോലീസ്‌ ഉന്നതരുടെ മൊഴി
കാസര്‍കോട്‌: 2009 നവംബറില്‍ നടന്ന പോലീസ്‌ വെടിവെയ്‌പ്‌ ഉണ്ടാകാനുള്ള സാഹചര്യം മുസ്ലീം ലീഗിന്റെ നീക്കങ്ങള്‍ മൂലമെന്ന്‌ ഉന്നത പോലീസ്‌ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. കേസ്‌ അന്വേഷിച്ച നിസാര്‍ കമ്മീഷന്‌ മുന്നില്‍ എസ്‌പി രാംദാസ്‌ പോത്തനും ഡിവൈഎസ്‌പി രഘുനാഥനും നല്‍കിയ മൊഴികളിലാണ്‌ ഇക്കാര്യം വ്യക്തമാവുന്നത്‌. കാസര്‍കോടിന്‌ പുറത്തുനിന്നുള്ളവരുടെയും സഹായം ഇതിനുണ്ടായിരുന്നുവെന്നും മൊഴിയിലുണ്ട്‌.

2009 നവംബര്‍ പതിനഞ്ചിനായിരുന്നു സംഭവം. മുസ്‌ലീം ലീഗ്‌ നേതാക്കള്‍ക്ക്‌ സ്വീകരണം നല്‍കുന്നതിന്‌ ജില്ലാ കമ്മറ്റി സംഘടിപ്പിച്ച ചടങ്ങിന്‌ ശേഷമായിരുന്നു സംഘര്‍ഷം. മുസ്ലീം ലീഗിന്‌ റാലി നടത്താന്‍ അനുമതി നല്‍കിയിരുന്നില്ല. ഇതിനിടെ സ്വീകരണച്ചടങ്ങില്‍ പങ്കെടുക്കാന്‍ വന്ന ഒരു സംഘം പ്രവര്‍ത്തകര്‍ പ്രകോപനപരമായ മുദ്രാവാക്യം വിളികളുമായി ഒത്തുകൂടുകയായിരുന്നു.

തനിക്കും തന്റെ കൂടെയുണ്ടായിരുന്ന പോലീസുകാര്‍ക്കും ജീവന്‌ ഭീഷണിയുണ്ടാകുന്ന സ്ഥിതിയിലേക്ക്‌ കാര്യങ്ങള്‍ എത്തിയപ്പോള്‍ സര്‍വീസ്‌ റിവോള്‍വര്‍ ഉപയോഗിച്ച്‌ ജനക്കൂട്ടത്തെ പേടിപ്പിച്ച്‌ പിന്തിരിപ്പിക്കാന്‍ നോക്കുകയായിരുന്നു താനെന്ന്‌ എസ്‌.പി രാംദാസ്‌ പോത്തന്‍ പറഞ്ഞു. ഇത്‌ കൂട്ടാക്കാതെ ജനക്കൂട്ടം മുന്നോട്ടു വന്നപ്പോഴായിരുന്നു താന്‍ നിറയൊഴിച്ചതെന്നും അദ്ദേഹം മൊഴിയില്‍ പറയുന്നു.

നിസാര്‍ കമ്മീഷനെ അന്വേഷണം പൂര്‍ത്തിയാകുന്നതിന്‌ മുന്‍പ്‌ കഴിഞ്ഞ മാസം സര്‍ക്കാര്‍ പിരിച്ചുവിട്ടിരുന്നു. സംഭവത്തെക്കുറിച്ച്‌ തുടരന്വേഷണം നടത്തേണ്ട കാര്യമില്ലെന്നു പറഞ്ഞാണ്‌ അന്വേഷണം അവസാനിപ്പിച്ചത്‌. മലബാറിലാകെ വര്‍ഗീയ കലാപമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ ആസൂത്രിതമായിട്ടാണ്‌ സംഘര്‍ഷം ഉണ്ടാക്കിയതെന്ന്‌ പോലീസുകാര്‍ കമ്മീഷന്‌ നല്‍കിയ മൊഴിയില്‍ പറയുന്നു.

ഇതിനിടെ പോലീസുകാരുടെ മൊഴി നിലനില്‍പ്പിന്റെ ശ്രമഫലമുണ്ടായതാണെന്ന്‌ ലീഗ്‌ നേതാക്കള്‍ വെളിപ്പെടുത്തി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക