Image

പത്താംക്ലാസ്സിലെ സാമൂഹികപാഠം പിന്‍വലിക്കണം: കെ.സി.ബി.സി

Published on 23 May, 2011
പത്താംക്ലാസ്സിലെ സാമൂഹികപാഠം പിന്‍വലിക്കണം: കെ.സി.ബി.സി
ജോയിച്ചന്‍ പുതുക്കുളം
കൊച്ചി: പത്താം ക്ലാസ്സിലെ സാമൂഹികശാസ്‌ത്ര പാഠാവലിയിലെ ഒന്നാം അധ്യായം `ആധുനിക ലോകത്തിന്റെ ഉദയം' എന്ന പാഠഭാഗത്ത്‌ കത്തോലിക്കാസഭയെ ആക്ഷേപിക്കാനും കുട്ടികളെ തെറ്റിദ്ധരിപ്പിക്കാനുമുള്ള ഒരു നിഗൂഢശ്രമമാണ്‌ നടത്തിയിരിക്കുന്നത്‌. കേരള സംസ്ഥാന ഗവേഷണ പരിശീലനസമിതി വേണ്ട രീതിയില്‍ പഠനം നടത്താതെ എഴുതിയ പുസ്‌തകമാണിത്‌. പാശ്ചാത്യരാജ്യങ്ങളിലെ ഫ്യൂഡലിസം കത്തോലിക്കാസഭയുടെ സൃഷ്‌ടിയാണെന്ന പാഠഭാഗത്തിലെ പ്രയോഗം ഗ്രന്ഥസമിതിയുടെ അജ്ഞതയും നിലവാരത്തകര്‍ച്ചയുമാണ്‌ ചൂണ്ടിക്കാണിക്കുന്നത്‌.

പാഠപുസിതകത്തിലൂടെ കത്തോലിക്കാസഭയെ അവഹേളിക്കാനും തരം താഴ്‌ത്താനുമുള്ള ശ്രമം നമ്മുടെ രാഷ്‌ട്രത്തിന്റെ മതേതരത്വ നിലപാടിനോടുള്ള അനാദരവും രാജ്യദ്രോഹക്കുറ്റവുമാണ്‌. വിവേകത്തോടെയും പക്വതയോടെയും തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ സാധിക്കാത്ത പാഠപുസ്‌തക കമ്മറ്റിയിലെയും സംസ്ഥാന ഗവേഷണപരിശീലനസമിതിയിലെയും അംഗങ്ങളെ പിരിച്ചുവിട്ട്‌ പുനഃസംഘടിപ്പിക്കേണ്ടത്‌ നമ്മുടെ രാഷ്‌ട്രത്തിലെ മതേതരത്വം സംരക്ഷിക്കാന്‍ അത്യാവശ്യമാണ്‌. കത്തോലിക്കാസഭയുടെ വിശ്വാസപ്രമാണങ്ങള്‍ കാലഹരണപ്പെട്ടതാണെന്ന്‌ സമര്‍ത്ഥിക്കുന്ന പത്താംക്ലാസ്സിലെ സാമൂഹികശാസ്‌ത്രപാഠാവലിയിലെ ആദ്യപാഠം പിന്‍വലിച്ച്‌ പുതിയ പാഠപുസ്‌തകം തയ്യാറാക്കി കുട്ടികളുടെ കൈയിലെത്തിക്കണമെന്ന്‌ കെ.സി.ബി.സി. പ്രസിഡന്റ്‌ ആര്‍ച്ചുബിഷപ്‌ മാര്‍ ആന്‍ഡ്രൂസ്‌ താഴത്ത്‌, വൈസ്‌ പ്രസിഡന്റ്‌ ആര്‍ച്ചുബിഷപ്‌ ഡോ. ഫ്രാന്‍സീസ്‌ കല്ലറക്കല്‍, സെക്രട്ടറി ജനറല്‍ ആര്‍ച്ചുബിഷപ്‌ തോമസ്‌ മാര്‍ കൂറിലോസ്‌ എന്നിവര്‍ സംയുക്ത പ്രസ്‌താവനയില്‍ ആവശ്യപ്പെട്ടു.


റവ. ഡോ. സ്റ്റീഫന്‍ ആലത്തറ
ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍, ഔദ്യോഗികവക്താവ്‌, കെ.സി.ബി.സി./
ഡയറക്‌ടര്‍, പി.ഒ.സി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക