Image

അസാന്മാര്‍ഗത്തിന്റെ വില

ബാലരാമന്‍ Published on 21 May, 2011
അസാന്മാര്‍ഗത്തിന്റെ വില
കുറ്റം തെളിയിക്കപ്പെടുന്നതുവരെ (അതായത് കോടതി കുറ്റവാളിയെന്ന്
വിളിക്കുന്നതു വരെ) പ്രതി നിരപരാധിയാണെന്നാണ് നീതിശാസ്ത്രം.
മാധ്യമവിചാരണകളുടെ കാലത്ത് കാര്യം നേരേ മറിച്ചാണ്; സ്ത്രീ പീഡനം പോലുള്ള വിഷയങ്ങളില്‍ പ്രത്യേകിച്ചും. മാസങ്ങള്‍ നീളുന്ന വിചാരണയ്‌ക്കൊടുവില്‍ ഐ.എം.എഫ്. മേധാവി ഡൊമിനിക് സ്‌ട്രോസ് - കാന്‍ നിരപരാധിയാണെന്ന്
കോടതി വിധിച്ചാലും ഈ ദുഷ്‌പേര് നീങ്ങില്ല


''നമ്മുടെ നാട്ടില്‍ ചായ കുടിക്കുന്നതു പോലെയാണ്
അമേരിക്കയില്‍ ബലാത്സംഗം''-ഇ.കെ. നായനാര്‍

മെയ് 15 ഞായറാഴ്ച കാലത്ത് ഫ്രാന്‍സിന്റെ രാഷ്ട്രീയ ജീവിതം സ്തംഭിച്ചുപോയി എന്നേ പറയേണ്ടൂ. 2012-ല്‍ നടപ്പ് ഫ്രഞ്ച് പ്രസിഡന്റ് നിക്കൊളാസ് സര്‍ക്കോസിയെ തോല്പിച്ച് ആ സ്ഥാനത്തെത്തുമെന്ന് ജനം വിശ്വസിക്കുന്ന മനുഷ്യന്‍, ഐ.എം.എഫ്. (ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട്) എന്ന ഇന്റര്‍ഗവണ്മെന്റല്‍ സൂപ്പര്‍ ബാങ്കിന്റെ ചീഫ് എക്‌സിക്യൂട്ടീവ്, ഡി.എസ്.കെ. എന്ന് ഫ്രഞ്ചുകാര്‍ ചുരുക്കി വിളിക്കുന്ന ഡൊമിനിക് സ്‌ട്രോസ്-കാന്‍, ന്യൂയോര്‍ക്ക് പോലീസിന്റെ പിടിയിലായിരിക്കുന്നു. പാരീസിലേക്ക് പോകാന്‍ കയറിയ വിമാനത്തില്‍ നിന്നാണ് എന്‍.വൈ.പി.ഡി. (ന്യൂയോര്‍ക്ക് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ്) അദ്ദേഹത്തെ പൊക്കിയത്, ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന ഹോട്ടല്‍ ജീവനക്കാരിയുടെ പരാതിയുടെ മേലായിരുന്നു അറ്റകൈ. ലൈംഗിക ആക്രമണം, നിയമവിരുദ്ധമായി പൂട്ടിയിടല്‍, ബലാത്സംഗശ്രമം എന്നിങ്ങനെയാണ് ചാര്‍ജുകള്‍. അറസ്റ്റ് ചെയ്തുവെന്ന് മാത്രമല്ല, ഹാര്‍ലത്തിലെ പോലീസ്‌സ്റ്റേഷനില്‍ പോക്കറ്റടിക്കും കഞ്ചാവ് വില്പനയ്ക്കും പിടിയിലായ പ്രതികളുടെ ഒപ്പം കൈയാമം വെച്ച് ഇരുത്തുകയും ചെയ്തു!

ഈ വാര്‍ത്ത കേട്ട് എത്രയോ ഫ്രഞ്ച് വായകള്‍ തുറന്നുപോയതിനെപ്പറ്റി പാശ്ചാത്യ ലേഖകര്‍ തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സ്വന്തം നാട്ടുകാരനെ പരദേശത്ത് ആരെങ്കിലും എന്തെങ്കിലും ചെയ്താല്‍ ഒന്നടങ്കം ധാര്‍മികരോഷം കൊള്ളുന്നതില്‍ മലയാളികളെ വെല്ലും പരന്ത്രീസുകാരെന്നാണ് തുടര്‍ന്നുള്ള പ്രതികരണങ്ങള്‍ വെളിവാക്കിയത്. ഫ്രാന്‍സിലെ ഏറ്റവും ജനപ്രിയ തത്ത്വചിന്തകനായി അറിയപ്പെടുന്ന ബെണാഡ് എന്‍ഡ്രി ലെവെയ് തന്നെയാണ് ആദ്യം ധാര്‍മികരോഷം കൊണ്ടത്. ലോകത്തിലെ ഏറ്റവും കരുത്തന്മാരിലൊരുത്തനായ ഒരതിഥിയുടെ മുറി വൃത്തിയാക്കാന്‍ ഒറ്റയ്‌ക്കൊരു പണിക്കാരിയെ അയയ്ക്കുകയോ? അമേരിക്കയിലൊക്കെ ഇത്തരം മുറികളിലേക്ക് രണ്ട് ജീവനക്കാരുടെ ക്ലീനിങ് ബ്രിഗേഡല്ലേ പോകേണ്ടത്?

അസാധ്യം! എന്നായിരുന്നു പലരും പ്രസ്താവിച്ചത്. അത് ഗൂഢാലോചന പോലുമാകാമെന്ന് ചിലര്‍ പറഞ്ഞു -ഒരു 'തേന്‍കെണി'(ഹണിട്രാപ് -സുന്ദരികളെ ഉപയോഗിച്ച് മാന്യന്മാരെ വശീകരിച്ച് കെണിയിലാക്കി ബ്ലാക്ക്‌മെയില്‍ ചെയ്യുന്ന വിദ്യ.) വിവിധ കക്ഷികളില്‍പ്പെട്ട പല ഫ്രഞ്ച് പാര്‍ലമെന്റംഗങ്ങളും ഇതേ നിലപാടാണെടുത്തത്. ഏതെങ്കിലും വിധത്തില്‍ സ്‌ട്രോസ്-കാനെ കുടുക്കിയാല്‍ ഗുണം ലഭിക്കാന്‍ എത്രയോ പേരുണ്ട്. ഫ്രഞ്ച് രാഷ്ട്രീയ പ്രതിയോഗികളും അമേരിക്കന്‍ ബാങ്കര്‍മാരും തൊട്ട് ഐ.എം.എഫി ലെ അണിയറ കളിക്കാര്‍ക്ക് വരെ മാത്രമല്ല സി.ഐ.എ.യ്ക്ക് പോലും ഇതില്‍ പങ്കുണ്ടെന്ന് വാദിക്കാം. അറസ്റ്റ് വാര്‍ത്ത പുറത്തുവന്നതിന്റെപിറ്റേന്ന് ഫ്രാന്‍സില്‍ നടത്തിയ അഭിപ്രായ സര്‍വേയില്‍ തെളിഞ്ഞത് ഫ്രഞ്ച് പൗരന്മാരില്‍ 57 ശതമാനം പേരും ഡി.എസ്.കെ. ഗൂഢാലോചനയുടെ ഇരയാണ് എന്ന് വിശ്വസിക്കുന്നവരാണെന്നാണ്.

ആദ്യത്തെ ഞെട്ടലിന് ശേഷം മാധ്യമങ്ങളില്‍ തന്നെ സത്യാന്വേഷണങ്ങളും ആത്മപരിശോധനകളുമുണ്ടായി. അപ്പോഴാണ് പരദേശങ്ങളിലാണെങ്കില്‍ അരമനരഹസ്യങ്ങളായി സൂക്ഷിക്കേണ്ട പലതും പാരീസില്‍ അങ്ങാടിപ്പാട്ടാണ് എന്ന് പലര്‍ക്കും മനസ്സിലാകുന്നത്. സ്ത്രീവിഷയത്തില്‍ കാന് ഉള്ള കമ്പത്തെപ്പറ്റി കാന്‍ തന്നെ തുറന്ന് സമ്മതിച്ചിട്ടുണ്ട്. പണ്ടൊന്നുമല്ല, കഴിഞ്ഞ മാസം, ഫ്രാന്‍സിലെ അന്തസ്സുള്ള വാര്‍ത്താ മാഗസിന് അനുവദിച്ച അഭിമുഖത്തില്‍. ''എനിക്ക് സ്ത്രീകളെ ഇഷ്ടമാണ്, അതിലെന്താണ് തെറ്റ്?'' പൊതുജീവിതത്തില്‍ തനിക്കെതിരായി വരാന്‍ സാധ്യതയുള്ള കാര്യങ്ങള്‍ എന്തൊക്കെ എന്ന അഭിമുഖക്കാരന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഡി.എസ്.കെ. തന്റെ യഹൂദത്വം, സമ്പത്ത്, സ്ത്രീകള്‍ ഇതൊക്കെ തനിക്കെതിരായി ഉപയോഗിക്കപ്പെടാം എന്ന് പറഞ്ഞതിന് പിന്നാലെയായിരുന്നു മേല്‍ കമന്റ്.

അധികാരവും സമ്പത്തുമുള്ളവര്‍ക്ക് അല്പം 'നേരമ്പോക്ക്' ആവാമെന്നത് ഫ്രാന്‍സിലെ അലിഖിതമെങ്കിലും അംഗീകരിക്കപ്പെട്ട സാമൂഹിക യാഥാര്‍ഥ്യമാണ്. ഭാര്യയ്ക്ക് പുറമേ വേറെയും സ്ത്രീകള്‍ പുരുഷന്റെ പിന്നാലെയുണ്ടാകുന്നത് അയാളുടെ യോഗ്യതയുടെ ലക്ഷണമാണ്. ഇക്കാര്യത്തില്‍ കാന്‍ യോഗ്യനാണെന്ന് എല്ലാവര്‍ക്കും അറിയുകയും ചെയ്യാം. അവരുടെ കണ്ണില്‍ സദാചാരത്തെപ്പറ്റി അനാവശ്യ ശാഠ്യങ്ങള്‍ പുലര്‍ത്തുന്നവരാണ് അമേരിക്കക്കാര്‍. പാരീസില്‍ ഇപ്പോള്‍ പ്രചരിക്കുന്ന തമാശകളിലൊന്ന് അറസ്റ്റ് വാര്‍ത്ത കേട്ട സര്‍ക്കോസിയുടെ പ്രതികരണത്തെപ്പറ്റിയാണ്. ''ആവേശം സൂക്ഷിച്ചുമതിയെന്ന് അന്നേഞാന്‍ അങ്ങേരോട് പറഞ്ഞതാണ്''- സര്‍ക്കോസി പറഞ്ഞത്രെ. ''വൈറ്റ് ഹൗസില്‍ ഒരു പെണ്ണിനെ പിടിച്ചതിന് പാവം പ്രസിഡന്റിനെ (ബില്‍ ക്ലിന്റണ്‍) ഇംപീച്ച് ചെയ്യാന്‍ പോയ വൃത്തികെട്ടവന്മാരാണവിടെ.''

2007-ല്‍ ഐ.എം.എഫിന്റെ എം.ഡി.യായി അധികാരമേറ്റ കാലത്ത് തന്നെ കീഴുദ്യോഗസ്ഥയായ ഒരു ഹംഗേറിയന്‍ എക്കണോമിസ്റ്റിനെ വശത്താക്കാന്‍ ശ്രമിച്ച സംഭവം കാനെതിരെ ഐ.എം.എഫിനുള്ളില്‍ വലിയ അപവാദമായി മാറിയിരുന്നു. ഐ.എം.എഫില്‍ വലിയ ഉദ്യോഗസ്ഥര്‍ക്കെതിരെ ഇത്തരം കാര്യങ്ങളില്‍ അധികം നിയമനടപടികള്‍ ഉണ്ടാകാറില്ലാത്തതിനാല്‍ അന്ന് കാന്‍ ഒരു ക്ഷമാപണത്തിലൂടെ രക്ഷപ്പെടുകയായിരുന്നു.

പക്ഷേ, സ്വന്തം സ്റ്റൈല്‍ കൊണ്ട് ഒരു സ്ത്രീയെവശീകരിക്കുന്നതും ബലാത്സംഗവും രണ്ടാണ്, അമേരിക്കയിലായാലും ഫ്രാന്‍സിലായാലും. രണ്ടിടത്തും ബലാത്സംഗം കുറ്റവുമാണ്. അറസ്റ്റ് വാര്‍ത്തയ്ക്ക് പിന്നാലെ പാരീസില്‍ എഴുത്തുകാരിയും മാധ്യമ പ്രവര്‍ത്തകയുമായ ഒരു 31-കാരി, ട്രിസ്റ്റാങ് ബാനോന്‍ ഒമ്പത് വര്‍ഷം മുമ്പേ ഒരഭിമുഖത്തിനിടെ മദമിളകിയ ചിമ്പാന്‍സിയെപ്പോലെ ഡി.എസ്.കെ. തന്നെ ആക്രമിച്ചു എന്ന് വെളിപ്പെടുത്തി. ഇതിനെപ്പറ്റി പോലീസില്‍ പരാതിപ്പെട്ടാല്‍ ആളുകള്‍ വലിയ മനുഷ്യന്റെ കൂടെയാണ് നില്‍ക്കുകയെന്ന് പറഞ്ഞ് അമ്മയാണ് പരാതി നല്‍കുന്നതില്‍ നിന്ന് വിലക്കിയത്. ഇതിനുപിന്നാലെയാണ് ഫ്രഞ്ച് പാര്‍ലമെന്റംഗമായ വെര്‍ണാഡ് ദെബ്രേ ന്യൂയോര്‍ക്കിലെ ഹോട്ടല്‍ സോഫിറ്റലില്‍ കാന്‍ ഇതേ പണി പലവട്ടം ചെയ്തിട്ടുണ്ടെന്ന് ആരോപിച്ചത്. കഴിഞ്ഞ വര്‍ഷം അവിടെ അഞ്ചുതവണ താമസിച്ചിട്ടുണ്ട്, ഹോട്ടല്‍ ജീവനക്കാര്‍ക്ക് ഇതറിയുകയും ചെയ്യാം- ദെബ്രേ പത്രങ്ങളോട് പറഞ്ഞു. നാഷണല്‍ ഫ്രണ്ടിന്റെ പ്രസിഡന്റ് മറീന്‍ ലേ പെന്‍, പ്രശ്‌നം കുറച്ചുകൂടി ശാസ്ത്രീയമായി വിവരിച്ചു: ''സത്യം, അതെല്ലാവര്‍ക്കും അറിയുകയും ചെയ്യാം, എന്താണെന്നു വെച്ചാല്‍ സ്‌ട്രോസ് കാന് സ്ത്രീകളോടുള്ള രോഗാതുരമായ ബന്ധങ്ങളെ പറ്റി മാസങ്ങള്‍, അല്ലെങ്കില്‍ വര്‍ഷങ്ങളായി പാരീസിലെ രാഷ്ട്രീയ മാധ്യമ വൃത്തങ്ങളില്‍ വിവരങ്ങള്‍ ഒഴുകി നടക്കുന്നുണ്ടായിരുന്നു. ഈ ആഴ്ചയിലെ വാര്‍ത്ത വളരെ അദ്ഭുതകരമല്ല''.



അറസ്റ്റ് വാര്‍ത്ത കേട്ടയുടന്‍ അത് കള്ളക്കഥയാണെന്ന് പ്രഖ്യാപിച്ച് പിന്തുണയുമായെത്തിയ ഭാര്യ ആന്‍ സിങ്ക്ലയര്‍ -അവര്‍ ഫ്രാന്‍സിലെ പ്രശസ്തയായ ടി.വി. ജേര്‍ണലിസ്റ്റും ഒരു കോടീശ്വരിയുമാണ്- രാത്രി തന്നെ ഭര്‍ത്താവിനെ ജാമ്യത്തിലിറക്കാന്‍ പത്ത് ലക്ഷം ഡോളര്‍ വയര്‍ട്രാന്‍സ്ഫര്‍ ചെയ്ത് വക്കീലിനെ ഏര്‍പ്പെടുത്തി. ജാമ്യം കൊടുത്താല്‍ കാന്‍ നാടുവിട്ടേക്കാമെന്നും പിന്നെ കോടതിയില്‍ വരുത്താന്‍ ഫ്രാന്‍സുമായി കുറ്റവാളി കൈമാറ്റ കരാറുകള്‍ ഉപയോഗിക്കേണ്ടി വരുമെന്നുമുള്ള ഡിസ്ട്രിക്ട് അറ്റോര്‍ണിയുടെ വാദങ്ങളംഗീകരിച്ച മാന്‍ഹാട്ടന്‍ ജഡ്ജി സ്‌ട്രോസ്-കാനെ റൈക്കേഴ്‌സ് ഐലന്‍ഡ് ജയിലിലേക്ക് മൂന്നുദിവസം റിമാന്‍ഡ് ചെയ്തു. ശനിയാഴ്ച കാലത്ത് ഫ്രാന്‍സിലേക്കും പിറ്റേന്ന് ജര്‍മനിയിലേക്കുമൊക്കെ പറക്കുന്നതിനെപ്പറ്റി ചിന്തിച്ചുകൊണ്ടിരുന്ന ഡി.എസ്.കെ.യ്ക്ക് ആരോപിക്കപ്പെട്ട കുറ്റങ്ങള്‍ തെളിഞ്ഞാല്‍ 25 വര്‍ഷത്തേക്ക് ഒരിടത്തേക്കും പറക്കാന്‍ പറ്റാത്ത അവസ്ഥയാകും. അത്ര ഗുരുതരമായിരുന്നു ചാര്‍ജുകള്‍.

******

ഡി.എസ്.കെ.യുടെ അറസ്റ്റ് ഫ്രാന്‍സില്‍ പലരെയും പല വിധത്തിലാണ് ബാധിക്കുന്നത്. കാന്‍ നാട്ടിലെ ഏറ്റവും ജനപ്രിയനായ സോഷ്യലിസ്റ്റ് പാര്‍ട്ടി നേതാവാണ്. സര്‍വേകളില്‍ നിത്യേനയെന്നോണം ജനപ്രീതി ഇടിഞ്ഞുകൊണ്ടിരിക്കുന്ന ഇപ്പോഴത്തെ പ്രസിഡന്റ് നിക്കൊളാസ് സര്‍ക്കോസിയെ അദ്ദേഹത്തിന് നിഷ്പ്രയാസം തോല്പിക്കാനാവുമെന്നാണ് നിരീക്ഷകമതം. സര്‍ക്കോസിക്കും കക്ഷിക്കും ഇത് സന്തോഷ വാര്‍ത്തയാണ്; അത് പുറത്ത് കാണിക്കാന്‍ പറ്റില്ലെങ്കിലും. അതേ പോലെയാണ് സോഷ്യലിസ്റ്റ് പാര്‍ട്ടിയിലെ തന്നെ മറ്റ് ഭൈമീ കാമുകന്മാര്‍ക്കും.

മുമ്പൊരു മന്ത്രിസഭയില്‍ ധനകാര്യമന്ത്രിയായി വിലസിയ ഇദ്ദേഹത്തെ ഐ,എം.എഫ്. തലവനായി വാഷിങ്ടണിലേക്ക് അയച്ചത് സര്‍ക്കോസിയാണ്. എത്രയോ കാലമായി കടലാസു സംഘടന പോലെ കഴിയുന്ന നാണയ നിധിയില്‍ കാന് കാര്യമായൊന്നും ചെയ്യാനുമില്ല, ഫ്രാന്‍സില്‍ അദ്ദേഹത്തെക്കൊണ്ടുള്ള ശല്യം തീരുകയും ചെയ്യും, ഇതായിരുന്നുവത്രെ സര്‍ക്കോസിയുടെ കണക്കുകൂട്ടല്‍.

അന്തര്‍ദേശീയ സാമ്പത്തിക സഹകരണത്തിനും പരസ്പരസഹായത്തിന് മേല്‍നോട്ടം നല്‍കാനുമെല്ലാമായി 1944-ല്‍ രൂപം കൊണ്ട ഐ.എം.എഫ്. വളരെ ആദരിക്കപ്പെടുന്ന, കരുത്തുറ്റ സാമ്പത്തിക സ്ഥാപനമായിരുന്നു 1997 വരെ. ഏഷ്യന്‍ മെല്‍റ്റ് ഡൗണ്‍ എന്ന് വിളിക്കപ്പെടുന്ന പൂര്‍വേഷ്യന്‍ സാമ്പത്തിക പ്രതിസന്ധിയുടെ കാലത്ത് മലേഷ്യയെയും കൊറിയയെയും സിംഗപ്പൂരിനെയുമെല്ലാം സഹായിക്കാന്‍ ചെന്ന് അന്നാടുകളിലെ സമ്പദ്‌വ്യവസ്ഥകളൊക്കെ കുട്ടിച്ചോറാക്കിയതോടെ അന്തര്‍ദേശീയ നാണയ നിധിയുടെ സകല വിലയും പോവുകയായിരുന്നു. ഐ.എം.എഫിന് വീണ്ടും ജീവനും ഉശിരും പല്ലും നഖവും വെച്ചത് സ്‌ട്രോസ് കാനെത്തിയ ശേഷമാണ്.

കാന്‍ ഐ.എം.എഫില്‍ എത്തിയതിന് തൊട്ടുപിന്നാലയാണ് ആഗോളമാന്ദ്യവും യൂറോപ്പില്‍ ഗ്രീസിലെ സാമ്പത്തിക പ്രതിസന്ധിയും ഉണ്ടാകുന്നത്. ആ സമയത്ത് കാന്‍ നടത്തിയ വിദഗ്ധമായ നീക്കങ്ങളാണ് യൂറോപ്യന്‍ യൂണിയന്റെ നിലനില്പിനെത്തന്നെ ചോദ്യം ചെയ്യുമായിരുന്ന സാമ്പത്തിക ദുരന്തത്തില്‍ നിന്ന് ഗ്രീസിനെ രക്ഷപ്പെടുത്തിയത്. ഗ്രീസിന് പിന്നാലെ പോര്‍ച്ചുഗലിനും അയര്‍ലന്‍ഡിനും നിലനില്ക്കാന്‍ ഐ.എം.എഫിന്റെ സഹായം വേണ്ടി വന്നു. ഇതോടെ നാണയനിധിക്ക് വര്‍ഷങ്ങളോളം ഇല്ലാതിരുന്ന പ്രസ്റ്റീജ് തിരിച്ചുകിട്ടുകയായിരുന്നു. ലൈംഗികാപവാദത്തെത്തുടര്‍ന്ന് ഐ.എം.എഫിലെ സ്ഥാനത്തിനു വേണ്ടി ആഗോളതലത്തില്‍ നടക്കുന്ന ചരടുവലികള്‍ തന്നെ കാണിക്കുന്നത് കാന്‍ നാണയനിധിക്ക് നല്‍കിയ മൂല്യത്തിന്റെ സൂചകമാണ്.

കുറ്റം തെളിയിക്കപ്പെടുന്നതുവരെ (അതായത് കോടതി കുറ്റവാളിയെന്ന് വിളിക്കുന്നതു വരെ) പ്രതി നിരപരാധിയാണെന്നാണ് നീതിശാസ്ത്രം. മാധ്യമവിചാരണകളുടെ കാലത്ത് കാര്യം നേരേ മറിച്ചാണ് ; സ്ത്രീ പീഡനം പോലുള്ള വിഷയങ്ങളില്‍ പ്രത്യേകിച്ചും. മാസങ്ങള്‍ നീളുന്ന വിചാരണയ്‌ക്കൊടുവില്‍ കാന്‍ നിരപരാധിയാണെന്ന് കോടതി വിധിച്ചാലും ഈ ദുഷ്‌പേര് നീങ്ങില്ല. എന്തായാലും ഈ സംഭവത്തോടെ ഫ്രാന്‍സിലെ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിപ്പട്ടികയില്‍ നിന്ന് കാന്‍ ഔട്ടായി. പാര്‍ട്ടിയാണെങ്കില്‍ കാന്‍ സംഭവത്തില്‍ നിന്ന് സ്വയം ദൂരം പാലിക്കാനാണ് ശ്രമിക്കുന്നത്.

''പെണ്ണുപിടിയന്മാരെ കൈയാമം വെച്ച് നടത്തിക്കും''
- വി.എസ്.അച്യുതാനന്ദന്‍
അസാന്മാര്‍ഗത്തിന്റെ വില
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക