Image

ഫോമാ കണ്‍വെന്‍ഷന്‍ 2012 ഓഗസ്റ്റ് ഒന്നുമുതല്‍ കപ്പലില്‍

Published on 13 June, 2011
ഫോമാ കണ്‍വെന്‍ഷന്‍ 2012 ഓഗസ്റ്റ് ഒന്നുമുതല്‍ കപ്പലില്‍
ചിക്കാഗോ: അടുത്ത ഫോമാ കണ്‍വെന്‍ഷന്‍ 2012 ഓഗസ്റ്റ് 1 മുതല്‍ 5 വരെ ക്രൂസ് കണ്‍വെന്‍ഷനായി നടക്കുമെന്ന് പ്രസിഡന്റ് ബേബി ഊരാളില്‍ പ്രസ്താവിച്ചു.

ചിക്കാഗോയില്‍ നടന്ന പ്രൊഫഷണല്‍ സംഗമത്തിനുശേഷം ചേര്‍ന്ന നാഷണല്‍ എക്‌സിക്യൂട്ടീവ് യോഗമാണ് ഈ തീരുമാനമെടുത്തത്. ന്യൂയോര്‍ക്കില്‍ നിന്നാരംഭിച്ച് കാനഡയിലെ സെന്റ് ജോണ്‍സ് ഹാലി ഫിക്‌സിലെത്തി തിരിച്ചുവരുന്ന കപ്പല്‍ യാത്ര മലയാളി സമൂഹത്തിന് അപൂര്‍വ്വ അനുഭവമായിരിക്കും.

ക്രൂസ് കണ്‍വെന്‍ഷന്റെ ആദ്യ സ്‌പോണ്‍സര്‍ ആയി അംബാസിഡര്‍ ടി.പി. ശ്രീനിവാസന്‍ രജിസ്റ്റര്‍ ചെയ്തതായും ബേബി ഊരാളില്‍ അറിയിച്ചു.

രജിസ്‌ട്രേഷന്‍ അടുത്തതന്നെ ആരംഭിക്കും. കൃത്യമായ രജിസ്‌ട്രേഷന്‍ തുക തീരുമാനിച്ചിട്ടില്ലെങ്കിലും അത് സാധാരണക്കാരെ ലക്ഷ്യംവെച്ചുള്ളതായിരിക്കും. കഴിയുന്നത്ര പേര്‍ നേരത്തെതന്നെ രജിസ്റ്റര്‍ ചെയ്യണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.

ഫൊക്കാന കണ്‍വെന്‍ഷന്‍ ജൂലൈ 1 മുതല്‍ ഹൂസ്റ്റണില്‍ നടക്കും. ഒരുമാസം കഴിഞ്ഞാണ് ഫോമാ കണ്‍വെന്‍ഷനെന്നത് മലയാളികള്‍ക്കെല്ലാം രണ്ടിടത്തും ആവശ്യമെങ്കില്‍ പോകാന്‍ സൗകര്യമൊരുക്കും.

ഫിലാഡല്‍ഫിയയിലെ "മാപ്പ്' ഇരു സംഘടനകളുടേയും ഐക്യനീക്കത്തെപ്പറ്റി വിശദീകരണം ചോദിച്ചു നടത്തിയ പ്രസ്താവനയോടെ ഫലത്തില്‍ ഐക്യനീക്കം അവസാനിച്ചുവെന്നുവേണം കരുതാന്‍. ഐക്യനീക്കതിന് തത്കാലം ആപ്പ് വീണെങ്കിലും കണ്‍വെന്‍ഷന്‍ വ്യത്യസ്തദിനങ്ങളില്‍ നടത്തുന്നതുതന്നെ വലിയ മാറ്റത്തിന് വഴിതെളിക്കും.

വിജയകരമായ പ്രൊഫഷണല്‍ സംഗമത്തോടെ ഫോമാ മലയാളി സമൂഹത്തിലുള്ള ശക്തമായ അടിത്തറയാണ് ഒരിക്കല്‍കൂടി തെളിയിച്ചത്. അമേരിക്കയിലെ പ്രൊഫഷണല്‍-വ്യാവസായിക രംഗങ്ങളിലെ പ്രമുഖരെ ഒരു വേദിയില്‍ അണിനിരത്താനും ഇവിടെയുള്ളവര്‍ക്കുവേണ്ടിയും കേരളത്തിലുള്ളവര്‍ക്കുവേണ്ടിയും ഫലപ്രദമായി പ്രവര്‍ത്തിക്കാനും വേണ്ട ആശയങ്ങള്‍ രൂപീകരിക്കാനായത് ചരിത്രംകുറിക്കുന്ന നേട്ടമായി.

കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല രാവിലെ പത്തുമണിയോടെ ഉദ്ഘാടനം ചെയ്ത സമ്മേളനം വൈകുന്നേരം തീരുന്നതുവരെ ഇടവേളയൊന്നുമില്ലാതെ തുടര്‍ന്നുവെന്നതും അപൂര്‍വ്വമായി. വിവിധ സെഷനുകളിലൂടെ വിദഗ്ധര്‍ നല്‍കിയ വിവരണങ്ങള്‍ ആശയങ്ങളുടെ പുതിയ വാതായനങ്ങള്‍ തുറക്കുന്നതായി. അമേരിക്കയിലെ ഏറ്റവും പ്രമുഖരടങ്ങുന്ന ഓഡിയന്‍സ് എല്ലാ സെഷനുകളിലും സജീവമായി പങ്കെടുത്തുവെന്നതും മുമ്പെങ്ങുമില്ലാത്ത പ്രത്യേകത തന്നെ.

(സംഗമത്തെപ്പറ്റി കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ മലയാളം പത്രത്തില്‍: see below also)

related story

http://www.emalayalee.com/varthaFull.php?newsId=971
ഫോമാ കണ്‍വെന്‍ഷന്‍ 2012 ഓഗസ്റ്റ് ഒന്നുമുതല്‍ കപ്പലില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക