Image

ഞാനും നിരൂപകനും (കവിത: ജോസഫ്‌ നമ്പിമഠം)

Published on 29 April, 2015
ഞാനും നിരൂപകനും (കവിത: ജോസഫ്‌ നമ്പിമഠം)
പഴത്തിനുപ്പില്ലെന്നു അവന്‍ പറഞ്ഞു
ഞാന്‍ നല്‌കിയ വിഭവസമൃദ്ധമായ
സദ്യആഹരിച്ച ശേഷം.
പായസം കുറേക്കൂടി നന്നാക്കാമായിരുന്നു
അവന്‍ മൊഴിഞ്ഞു
വരദാനമായി എനിക്ക്‌ കിട്ടിയ പാചക വിദ്യ
രുചിച്ചറിഞ്ഞ ശേഷം.
ഭക്ഷണം വിളമ്പിയ രീതിയെപ്പറ്റിയും
അവന്‍ പരാതിപ്പെട്ടു
സദ്യ ഉണ്ട്‌ എമ്പക്കം വിട്ടശേഷം.

സദ്യ വട്ടങ്ങള്‍ ഒരുക്കിയിടത്തെല്ലാം
ഈച്ചയെപ്പോലെ അവന്‍ പാറിനടന്നു.
വിഭവങ്ങള്‍ക്കു മുകളിലൂടെ
അവന്‍ കൂത്താടി നടന്നു,
അമേദ്യത്തിലിരുന്ന കാലുകളുമയി.
സര്‍ഗ സൃഷ്ടികളുടെ നെഞ്ചില്‍ ചവിട്ടി
അവന്‍ താണ്ഡവ നൃത്തമാടി.

സഹികെട്ട്‌.. ഒരു ദിവസം
അവനോടു ഞാന്‍ പറഞ്ഞു.
`എന്റെ സദ്യവട്ടങ്ങള്‍ മോശം
അതിനുപ്പില്ല,
എന്റെ പായസം മോശം
അതിന്റെ കൂട്ട്‌ ശരിയല്ല,
താങ്കള്‍ ദയവായി നല്ലൊരു സദ്യ ഒരുക്കി
ഒരു ദിവസം എനിക്ക്‌ വിളമ്പിത്തരുക'

ബുള്‍ഗാന്‍ താടിയില്‍ പറ്റിയ
പായസത്തിന്റെ തരികള്‍ തുടച്ചുമാറ്റി,
വിസിറ്റിംഗ്‌ റൂമിലെ എന്റെ മുഖകണ്ണാടിയില്‍
അവ്യക്തതയുടെ ഉച്വാസവായു
അവശേഷിപ്പിച്ച്‌,
ഇന്‍ഫാലിബിലിറ്റിയുടെ
ഓവര്‍ കോട്ടുമെടുത്തണിഞ്ഞ്‌,
അവന്‍ നടന്നു നീങ്ങി
അവന്‍... ഇന്നും നിരൂപകന്‍.

(1998 ല്‍ മള്‍ബറി പ്രസിദ്ധീകരിച്ച `നിസ്വനായ പക്ഷി' എന്ന കവിതാ സമാഹാരത്തില്‍ പ്രസിദ്ധീകരിച്ചത്‌)
see also: http://emalayalee.com/varthaFull.php?newsId=99554
ഞാനും നിരൂപകനും (കവിത: ജോസഫ്‌ നമ്പിമഠം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക