Image

മലയാളത്തിന്റെ പുണ്യം; ലാനയുടെയും- ഷാജന്‍ ആനിത്തോട്ടം

ഷാജന്‍ ആനിത്തോട്ടം Published on 30 April, 2015
മലയാളത്തിന്റെ പുണ്യം; ലാനയുടെയും- ഷാജന്‍ ആനിത്തോട്ടം
മലയാളത്തിന്റെ അക്ഷരപുണ്യം എം.ടി. വാസുദേവന്‍ നായര്‍ക്ക് ഇക്കൊല്ലത്തെ തകഴി ശിവശങ്കരപ്പിള്ള അവാര്‍ഡ് ലഭിച്ചു എന്ന് കേട്ടപ്പോള്‍ ആദ്യം തന്നെ തോന്നിയ വിചാരം ഈ അവാര്‍ഡ് പ്രഖ്യാപനം വഴി തകഴി അവാര്‍ഡിന് കൂടുതല്‍ പ്രശസ്തിയും അംഗീകാരവും ലഭിച്ചുവെന്നാണ്. കഴിഞ്ഞ വെള്ളിയാഴ്ച തകഴിയുടെ 103-ാം ജന്മദിനാഘോഷത്തോടനുബന്ധിച്ച് യശശ്ശരീരനായ കുട്ടനാടിന്റെ കഥാകാരന്റെ ശങ്കരമംഗലത്തെ വസതിയില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് അവാര്‍ഡ് ജേതാവിനെ പ്രഖ്യാപിച്ചത്. കവി പുതുശ്ശേരി രാമചന്ദ്രന്‍, ചരിത്രകാരന്‍ എം.ജി.ശശിഭൂഷണ്‍, എഴുത്തുകാരി സാറാ തോമസ് എന്നിവരടങ്ങുന്ന ജൂറിയായിരുന്നു എം.ടി.യെ അവാര്‍ഡിനായി തിരഞ്ഞെടുത്തത്.

എം.ടി.യെന്ന മലയാളസാഹിത്യത്തിലെ ഭീഷ്മാചാര്യനെ സംബന്ധിച്ചിടത്തോളം ഇത് നേട്ടങ്ങളുടെ പട്ടികയിലെ അവസാനത്തെ ഒരിനം മാത്രമായിരിയ്ക്കും. പരമോന്നത് സാഹിത്യ അവാര്‍ഡായ ജ്ഞാനപീഠം പുരസ്‌കാരം മുതല്‍ ഏറ്റവുമൊടുവില്‍, മലയാള സിനിമയ്ക്ക് നല്‍കിയ സമഗ്രസംഭാവനകള്‍ മാനിച്ച് കേരള സര്‍ക്കാരിന്റെ ജെ.സി.ഡാനിയേല്‍ പുരസ്‌കാരം വരെ എത്രയോ അംഗീകാരങ്ങള്‍ അദ്ദേഹത്തെ തേടി വന്നിരിക്കുന്നു. എങ്കിലും ഒരു ചെറുപുഞ്ചിരിയോടെ ചെറുതും വലുതുമായ എല്ലാ പുരസ്‌കാരങ്ങളും അദ്ദേഹം സ്വീകരിയ്ക്കുന്നു. തകഴി അവാര്‍ഡ് ലഭിച്ചതിന് ലാനയുടെ അഭിനന്ദനങ്ങള്‍ അറിയിയ്ക്കുവാന്‍ അദ്ദേഹത്തെ വിളിച്ചപ്പോഴും അതേ പുഞ്ചിരിയോടെ അദ്ദേഹം നന്ദിയും സ്‌നേഹവുമറിയിച്ചു.

പാലക്കാട് ഗവ.വിക്ടോറിയ കോളേജില്‍ പഠിയ്ക്കുമ്പോള്‍ പതിനേഴാം വയസ്സിലാണ് എം.ടി.യ്ക്ക് ആദ്യത്തെ സാഹിത്യപുരസ്‌ക്കാരം ലഭിയ്ക്കുന്നത്. സര്‍ക്കസ് കലാകാരന്മാരുടെ ദൈന്യസ്ഥിതി വരച്ചുകാട്ടിയ അദ്ദേഹത്തിന്റെ 'വളര്‍ത്തുമൃഗങ്ങള്‍' എന്ന ചെറുകഥയ്ക്ക് ന്യൂയോര്‍ക്ക് ഹെരാള്‍ഡ് ട്രിബ്യൂണ്‍(Newyork Herald Tribune) സംഘടിപ്പിച്ച ലോകചെറുകഥാ മത്സരത്തില്‍ ഒന്നാം സ്ഥാനം ലഭിച്ചു. പിന്നീടിങ്ങോട്ട് മലയാളിയ്ക്കായി വായനയുടെ സുവര്‍ണ്ണകാലമൊരുക്കിയ അദ്ദേഹത്തിന്റെ സാഹിത്യ സൃഷ്ടികള്‍ക്ക് അംഗീകാരങ്ങളുടെ അനുയാനപരപമ്പരകളാണൊരുങ്ങിയത്. അവയില്‍ ജ്ഞാനപീഠമുള്‍പ്പെടെയുള്ള സാഹിത്യപുരസ്‌കാരങ്ങളുണ്ട്, മികച്ച സംവിധായകനും തിരക്കഥാകൃത്തിനുമുള്ള സിനിമാ അവാര്‍ഡുകളുണ്ട്, പത്മഭൂഷണ്‍ പോലെയുള്ള രാജ്യത്തെ ഉയര്‍ന്ന സിവിലിയന്‍ ബഹുമതികളുണ്ട്, വിവിധ യൂണിവേഴ്‌സിറ്റികള്‍ നല്‍കിയ ഡോക്ടറേറ്റ് ഡിഗ്രികളുമുണ്ട്. എണ്ണിയാലൊടുങ്ങാത്ത അവാര്‍ഡുകളും ബഹുമതികളും കൈവരിയ്ക്കുമ്പോഴും കേരളത്തിലെ പല തലമുറകള്‍ക്ക് ഗൗരവ വായനയുടെ അനുഭൂതി പകര്‍ന്നു നല്‍കിക്കൊണ്ട് മലയാളഭാഷയുടെ തലയെടുപ്പായി അദ്ദേഹം പിന്നെയും എഴുതിക്കൊണ്ടേയിരിയ്ക്കുന്നു, ഈ എണ്‍പത്തിരണ്ടാം വയസ്സിലും!
മാടപ്പാട്ട് തെക്കേപ്പാട് വാസുദേവന്‍ നായരെന്ന എം.ടി.യുടെ തൂലികയില്‍ പിറന്നു വീണ അക്ഷരമുത്തുകള്‍ കഴിഞ്ഞ ആറരപ്പതിറ്റാണ്ടായി മലയാളത്തിന്റെ ആസ്വാദക സമൂഹത്തെ വായനയും ഭാവനയും നിറഞ്ഞ ഒരു സ്വപ്‌നവഞ്ചിയിലൂടെ ഓളവും തീരവും തേടി യാത്രചെയ്യിയ്ക്കുകയായിരുന്നു എന്ന് പറയാം. കൂടല്ലൂരെന്ന വള്ളുവനാടന്‍ മണ്ണില്‍ പിറന്ന്, നിളയോരത്ത് വളര്‍ന്ന്, വിശ്വമലയാളിയായിത്തീര്‍ന്ന, തൊട്ടതെല്ലാം പൊന്നാക്കിയ ആ അക്ഷരതേജസ്സിന്റെ ഒരു വാക്കുപോലും അധികമാകാത്ത പൊന്‍തൂലികയില്‍ പിറന്ന എത്രയോ കഥാപാത്രങ്ങള്‍ നമ്മള്‍ വായനക്കാരെ സ്വര്‍ഗ്ഗാനുഭൂതിയുടെ വര്‍ണ്ണവൈവിധ്യങ്ങള്‍ അനുഭവിപ്പിച്ചിരിയ്ക്കുന്നു? ആത്മാംശത്തിന്റെ കനം തൂങ്ങുന്ന ആ വള്ളുവനാടന്‍ കഥാവിസ്മയങ്ങളെ ഏതൊരു വായനക്കാരനും എന്നെന്നും ഹൃദയത്തില്‍ ചേര്‍ത്തുവയ്ക്കാനാഗ്രഹിയ്ക്കുന്നതാണ്. ഓരോ വായനക്കാരനും സ്വന്തം പ്രതിരൂപങ്ങളെ അവരില്‍ കാണുവാന്‍ തക്കവിധം അനുഭവവേദ്യമാക്കുന്ന അതുല്യമായ ആ സാഹിത്യപ്രതിഭയ്ക്ക് ലഭിയ്ക്കുന്ന ഒരു പുരസ്‌കാരവും അധികപ്പറ്റാവുകയില്ല.

'ഇരുട്ടിന്റെ ആത്മാവിലെ' ഭ്രാന്തന്‍ വേലായുധനെയോപ്പോലെയോ കാലത്തിലെ സേതുവിനെപ്പോലെയോയുള്ള കരുത്തുള്ള കഥാപാത്രങ്ങള്‍ എത്രകാലം കഴിഞ്ഞാലും നമ്മെ ഭ്രമിപ്പിച്ചു കൊണ്ടേയിരിക്കും. എം.ടി.യുടെ നന്ദിനിക്കുട്ടിയെപ്പോലൊരു നാടന്‍പെണ്‍കുട്ടിയെ സ്വപ്‌നം കാണാത്ത കാമുകന്മാര്‍ മലയാളത്തിലുണ്ടായിട്ടില്ലെന്ന് തന്നെ പറയാം. നാലുകെട്ടിലെ അപ്പുണിയെപ്പോലാവാന്‍ മോഹിയ്ക്കാത്ത ഏത് നായരുകുട്ടിയാണിവിടെയുള്ളത്? നിര്‍മ്മാല്യത്തിലെ വെളിച്ചപ്പാടിനെ ആര്‍ക്കെങ്കിലും മറക്കാന്‍ കഴിയുമോ? മഹാഭാരത്തിലെ കരുത്തനെങ്കിലും മന്ദനായ ഭീമസേനന് മനുഷ്യസ്‌നേഹത്തിന്റെ തീവ്രഭാവപ്പകര്‍ച്ച നല്‍കിയ 'രണ്ടാമൂഴവും' പാണന്‍പാട്ടുകളില്‍ ചതിയന്‍ ചന്തുവായി തമസ്‌ക്കരിയ്ക്കപ്പെട്ട് കിടന്ന വില്ലാളിവീരന് വീരപരിവേഷം നല്‍കിയ 'വടക്കന്‍ വീരഗാഥയും' ദേശസ്‌നേഹത്തിന്റെ രാജരൂപമായി 'പഴശ്ശിരാജയെ' പുനരവതരിപ്പിച്ച ചരിത്രസിനിമയുമെല്ലാം മലയാളികള്‍ക്ക് അദ്ദേഹം നല്‍കിയ സര്‍ഗ്ഗബഹുമതിയായിത്തന്നെ കാണേണ്ടിയിരിയ്ക്കുന്നു. എം.ടി.യുടെ ഓരോ കൃതിയും അദ്ദേഹം നമുക്ക് നല്‍കുന്ന അനശ്വരപുരസ്‌കാരങ്ങളാണ്. നമ്മള്‍ വായനക്കാരാണിവിടെ ബഹുമാനിയ്ക്കപ്പെടുന്നത്.

നോര്‍ത്തമേരിയ്ക്കയിലെ മലയാളി എഴുത്തുകാരുടെ കൂട്ടായ്മയായ ലാനയോട് തികഞ്ഞ സ്‌നേഹവും വാല്‍സല്യവുമാണദ്ദേഹത്തിനുള്ളത്. മാസങ്ങള്‍ക്കുമുമ്പ് ലാനയുടെ ആഭിമുഖ്യത്തില്‍ കേരളത്തില്‍ നടത്തിയ ത്രിദിന സാംസ്‌ക്കാരിക തീര്‍ത്ഥയാത്രയ്ക്ക് അദ്ദേഹം നല്‍കിയ പ്രോല്‍സാഹനവും പിന്തുണയും അവിസ്മരണീയാനുഭവമായിരുന്നു. തുഞ്ചന്‍പറമ്പില്‍ നടന്ന മൂന്നാം ദിവസത്തെ പരിപാടികളില്‍ പങ്കെടുത്ത് അദ്ദേഹം നടത്തിയ പ്രസംഗങ്ങള്‍ എഴുത്തിന്റെ വഴിയില്‍ അഭിരമിയ്ക്കുന്ന എല്ലാവര്‍ക്കും നവോന്മേഷവും പകരുന്നവയായിരുന്നു. ശാരീരിക വൈഷമ്യങ്ങള്‍ മറന്നുകൊണ്ട് രാവിലെ പ്രധാന കവാടത്തില്‍ നിന്നുള്ള സ്വീകരണഘോഷയാത്ര മുതല്‍ വൈകുന്നേരത്തെ സാഹിത്യചര്‍ച്ചാക്ലാസ്സുകളില്‍ വരെ അദ്ദേഹം പങ്കെടുത്തു. അമേരിയ്ക്കന്‍ മലയാളി സാഹിത്യപ്രവര്‍ത്തകര്‍ക്ക് സാഹിത്യത്തറവാട്ടിലെ കാരണവരില്‍ നിന്നും നേരിട്ട് ലഭിച്ച അവാര്‍ഡായിരുന്നു ആ സാമീപ്യവും സംസാരവും.

എം.ടി. എന്ന ആ മാന്ത്രികാക്ഷരങ്ങള്‍ കണ്ട്‌കൊണ്ട് വായനയുടെ ലോകത്തേയ്ക്കാകര്‍ഷിയ്ക്കപ്പെടുന്ന അനേകായിരം മലയാളികളുടെ ഈ പ്രിയപ്പെട്ട കഥാകാരന്റെ പേനത്തുമ്പില്‍ നിന്നും ഇനിയും പിറക്കാനിരിയ്ക്കുന്ന മഹത്തായ പുത്തന്‍ രചനകള്‍ക്കായി നമുക്ക് കാത്തിരിയ്ക്കാം. എഴുത്തുകാരനായും പത്രാധിപാരായും സിനിമാസംവിധായകനായും സാഹിത്യ അക്കാദമി പ്രസിഡണ്ടായുമുള്ള വൈവിദ്ധ്യമാര്‍ന്ന കര്‍മ്മമണ്ഢലങ്ങളിലൂടെ അദ്ദേഹം ഇനിയും നമ്മളെ ഉത്തേജിപ്പിയ്ക്കട്ടെ. ആയിരം പൂര്‍ണ്ണചന്ദ്രമ്മാരെ കണ്ടുകഴിയുമെന്ന് വിശ്വസിയ്ക്കപ്പെടുന്ന ശതാഭിഷേകത്തിന് ഇത്തിരിക്കാലം കൂടിയുണ്ട്. ചാന്ദ്രശോഭയെ വെല്ലുന്ന സൂര്യതേജസ്സോടെ ലോകം മുഴുവനുമുള്ള മലയാളി മനസ്സുകളില്‍ വിളങ്ങി നില്‍ക്കുന്ന എം.ടി. എന്ന ആ അക്ഷരപ്രകാശഗോളം ഇനിയും ഒരുപാട് കാലം പ്രഭവിതറി  നില്‍ക്കട്ടെയെന്നാഗ്രഹിയ്ക്കുന്നു.



മലയാളത്തിന്റെ പുണ്യം; ലാനയുടെയും- ഷാജന്‍ ആനിത്തോട്ടം
ലാന കേരള കണ്‍വന്‍ഷനില്‍ പങ്കെടുക്കാനെത്തിയവരുമായി എം.ടി. സൗഹൃദം പങ്കിടുന്നു.( ഇടത്തുനിന്ന്) പെരുമ്പടം ശ്രീധരന്‍, സക്കറിയ, രാധാകൃഷ്ണന്‍ നായര്‍, ഷാജന്‍ ആനിത്തോട്ടം, രമാരാജ, അക്ബര്‍ കക്കട്ടില്‍ എന്നിവര്‍ ചിത്രത്തില്‍.
മലയാളത്തിന്റെ പുണ്യം; ലാനയുടെയും- ഷാജന്‍ ആനിത്തോട്ടം
തുഞ്ചന്‍ പറമ്പിലെ പ്രധാനകവാടത്തില്‍ വിശിഷ്ടാത്ഥികള്‍ സ്വീകരണഘോഷയാത്രയ്ക്കണി നിരന്നപ്പോള്‍.
മലയാളത്തിന്റെ പുണ്യം; ലാനയുടെയും- ഷാജന്‍ ആനിത്തോട്ടം
ലാന കണ്‍വന്‍ഷന്‍ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് എം.ടി. സംസാരിയ്ക്കുന്നു. അക്ബര്‍ കക്കട്ടില്‍, സക്കറിയ, പെരുമ്പടം, സി.രാധാകൃഷ്ണന്‍, പി.ടി.നരേന്ദ്രമേനോന്‍, ഡോ.കെ.ജയകുമാര്‍, പി.കെ.പാറക്കടവ്, കെ..പി. രാമനുണ്ണി എന്നിവര്‍ മുന്‍നിരയില്‍.
മലയാളത്തിന്റെ പുണ്യം; ലാനയുടെയും- ഷാജന്‍ ആനിത്തോട്ടം
ലാന കണ്‍വന്‍ഷനോടനുബന്ധിച്ച് നടന്ന സാഹിത്യചര്‍ച്ച എം.ടി. നയിയ്ക്കുന്നു.
മലയാളത്തിന്റെ പുണ്യം; ലാനയുടെയും- ഷാജന്‍ ആനിത്തോട്ടം
ലാന പ്രസിഡന്റ് ഷാജന്‍ ആനിത്തോട്ടം എം.ടി.യെ പൊന്നാടയണിയിയ്ക്കുന്നു. പ്രൊഫ.മാത്യൂ പ്രാല്‍, ജോസ് ഓച്ചാലില്‍ എന്നിവര്‍ സമീപം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക